'ഡൂംസ്ഡേ മിസൈൽ' എന്ന് വിളിപ്പേരുള്ള മിനിറ്റ്മാൻ III ബാലിസ്റ്റിക് മിസൈലിന് അതിവിനാശകരമായ ശേഷിയുണ്ട്. എന്നാൽ, ഇതൊരു പതിവ് പരീക്ഷണമാണെന്നാണ് യുഎസ് അധികൃതരുടെ വിശദീകരണം.
വാഷിംഗ്ടൺ: മധ്യേഷ്യയിലെ യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നതോടെ ആണവവാഹക ശേഷിയുള്ള 'മിനിറ്റ്മാൻ III' ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് അമേരിക്ക. 'ലോകാവസാന മിസൈൽ' (ഡൂംസ്ഡേ മിസൈൽ) എന്ന് വിളിപ്പേരുള്ള ഈ മിസൈലിന് ഹിരോഷിമയിൽ വിതച്ചതിനേക്കാൾ 20 മടങ്ങ് പ്രഹരശേഷിയുള്ള ആണവ പോർമുനകൾ വഹിക്കാൻ സാധിക്കും. ചൊവ്വാഴ്ച രാത്രിയാണ് ഈ മിസൈലിന്റെ പരീക്ഷണം നടന്നത്.
കാലിഫോർണിയയിലെ വാൻഡൻബെർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നാണ് യുഎസ് എയർഫോഴ്സ് ഗ്ലോബൽ സ്ട്രൈക്ക് കമാൻഡാണ് മിസൈൽ വിക്ഷേപിച്ചത്. ഇത് ഒരു പതിവ് പരീക്ഷണ പരിപാടിയുടെ ഭാഗമാണെന്നും നിലവിലെ ഇറാൻ യുദ്ധവുമായി ഇതിന് ഔദ്യോഗിക ബന്ധമില്ലെന്നും യുഎസ് സ്പേസ് ഫോഴ്സ് പ്രസ്താവനയിലൂടെ അറിയിച്ചു. പരീക്ഷണ ഘട്ടത്തിൽ പസഫിക് സമുദ്രത്തിലെ മാർഷൽ ഐലൻഡിന് സമീപമുള്ള ലക്ഷ്യസ്ഥാനത്ത് ഈ മിസൈൽ പതിച്ചു. ഇതിന് മുമ്പ് ആയിരക്കണക്കിന് മൈലുകൾ മിസൈൽ സഞ്ചരിച്ചിട്ടുണ്ട്. മിസൈൽ സംവിധാനത്തിന്റെ വിശ്വാസ്യതയും കൃത്യതയും ഉറപ്പുവരുത്താനാണ് ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നതെന്നാണ് അധികൃതർ പറയുന്നത്.
'ഡൂംസ്‌ഡേ' എന്ന വിളിപ്പേരും പ്രത്യേകതകളും
അമേരിക്കയുടെ ആണവായുധ ശേഖരത്തിലെ ഏറ്റവും വിനാശകരമായ ആയുധങ്ങളിൽ ഒന്നായതിനാലാണ് ഇതിന് ഡൂംസ്ഡേ എന്ന പേര് ലഭിച്ചത്.
മിനിറ്റ്മാൻ III-ന്റെ പ്രത്യേകതകൾ ഇവയാണ് -
- ഹിരോഷിമയിലെ അണുബോംബിനേക്കാൾ 20 മടങ്ങ് ശക്തിയുള്ള ആണവമുനകൾ ഇതിന് വഹിക്കാനാകും.
- മണിക്കൂറിൽ 15,000 മൈലിലധികം വേഗതയിൽ സഞ്ചരിക്കാൻ ഇതിന് കഴിയും.
- ഭൂഖണ്ഡങ്ങൾ കടന്ന് മിനിറ്റുകൾക്കുള്ളിൽ ലോകത്തിന്റെ ഏത് കോണിലും ആക്രമണം നടത്താൻ ഇതിന് ശേഷിയുണ്ട്.
- ഒരു മിസൈൽ ഉപയോഗിച്ച് തന്നെ ഒരേസമയം പല ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ സാധിക്കും.


