
സിഡ്നി: ഓസ്ട്രേലിയയെ നടുക്കിയ വെടിവയ്പിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പ്രതിക്കെതിരെ ചുമക്കിയ 59 കുറ്റങ്ങൾ. 15 പേരുടെ കൊലപാതകം അടക്കമാണ് 59 കുറ്റങ്ങൾ 24കാരനായ നവീദ് അക്രമിനെതിരെ ചുമത്തിയതെന്നാണ് ന്യൂ സൗത്ത് വെയിൽസ് പൊലീസ് വിശദമാക്കുന്നത്. ഞായറാഴ്ച ജൂത വിശ്വാസികളുടെ ഹനൂക്ക ആഘോഷത്തിനിടെയുണ്ടായ വെടിവയ്പിൽ പൊലീസുകാരുടെ വെടിയേറ്റ് നവീദിന്റെ അച്ഛനും 50 കാരനുമായ സജിദ് അക്രം കൊല്ലപ്പെട്ടിരുന്നു. 15 പേർ കൊല്ലപ്പെട്ട വെടിവയ്പിൽ നിരവധിപ്പേർക്കാണ് പരിക്കേറ്റത്. ഓസ്ട്രേലിയയിലെ ജൂത വിഭാഗത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നു ഹനൂക്ക ആഘോഷത്തിനിടയിലെ വെടിവയ്പ്. സിഡ്നിയിലെ പ്രശസ്തമായ ബോണ്ടി ബീച്ചിലാണ് ഓസ്ട്രേലിയയെ ഞെട്ടിച്ച അക്രമം നടന്നത്. 1996ന് ശേഷം രാജ്യത്തെ ഏറ്റവും മാരകമായ വെടിവയ്പാണ് നടന്നത്.
ക്രൂരമായി മുറിവേൽപ്പിക്കുന്ന തരത്തിലുള്ള പരിക്കേൽപ്പിച്ചതിനും കൊലപാതകത്തിനും ഭീകരവാദ പ്രവർത്തനം അടക്കമുള്ള കുറ്റങ്ങളാണ് 24കാരനായ അക്രമിക്ക് എതിരെ ചുമത്തിയിട്ടുള്ളത്. ആശുപത്രി കിടക്കയിൽ നിന്നാണ് യുവാവ് കോടതിയിൽ ഹാജരായത്. 2026 ഏപ്രിലിലാവും കേസ് തുടർന്ന് പരിഗണിക്കുക. ആക്രമണം നടത്തുമ്പോൾ പൊലീസ് വെടിയേറ്റ് കൊല്ലപ്പെട്ട സജിദ് അക്രം ഹൈദരാബാദ് സ്വദേശിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഹൈദരാബാദിലെ ടൗളി ചൗക്കി സ്വദേശിയായ സജിദ് അക്രം 1998 ലാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. ഇന്ത്യയിൽ നിന്ന് പഠനം പൂർത്തിയാക്കി പിന്നീട് ഇയാൾ ജോലി തേടി ഓസ്ട്രേലിയിലേക്ക് പോയതാണെന്നാണ് കണ്ടെത്തൽ.
ഇവിടെ വച്ച് യൂറോപ്യൻ പൗരത്വമുള്ള വനിതയെ ഇയാൾ വിവാഹം കഴിച്ചു. പൊലീസ് വെടിയേറ്റ് ചികിത്സയിലുള്ള അക്രമിന്റെ മകൻ നവീദിന് ഓസ്ട്രേലിയൻ പൗരത്വമുണ്ട്. ഇന്ത്യ വിട്ട ഇയാൾ പീന്നീട് ആറ് തവണ മാത്രമാണ് ഇന്ത്യയിൽ എത്തിയത്. ബന്ധുക്കളുമായി അകലം പാലിച്ചായിരുന്നു ജീവിതം എന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്. എന്നാൽ വിഷയത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇതുവരെ ഔദ്യോഗികമായ പ്രതികരണം നടത്തിയിട്ടില്ല
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam