
സിഡ്നി: ഓസ്ട്രേലിയയെ നടുക്കിയ ബോണ്ടി ബീച്ച് വെടിവയ്പിലെ പ്രതികളിലൊരാൾ ഫിലിപ്പീൻസിലേക്ക് യാത്ര ചെയ്തത് ഇന്ത്യൻ പാസ്പോർട്ടിൽ എന്ന് റിപ്പോർട്ട്. മനിലയിലെ ബോർഡർ അതോറിറ്റിയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ബിബിസിയുടെ റിപ്പോർട്ട്. വെടിവയ്പിൽ കൊല്ലപ്പെട്ട അക്രമിയായ 50 കാരൻ സജിദ് അക്രം ആണ് ഫിലിപ്പീൻസിലേക്ക് ഇന്ത്യയുടെ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്തത്. ഒപ്പമുണ്ടായിരുന്ന മകൻ നവീദ് അക്രമിന്റെ പാസ്പോർട്ട് ഓസ്ട്രേലിയയുടേതായിരുന്നുവെന്നാണ് മനില ബോർഡർ അതോറിറ്റി വിശദമാക്കുന്നത്. സൈനിക രീതിയിലുള്ള പരിശീലനം നേടാനാണ് ഇവർ ഫിലിപ്പീൻസിലത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളിൽ ഉത്തേജിതരായാണ് ആക്രമണം നടത്തിയിരിക്കുന്നതെന്നാണ് ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി വിശദമാക്കുന്നത്. അക്രമികളുടെ വാഹനത്തിൽ നിന്ന് കണ്ടെത്തിയ ഇസ്ലാമിക് സ്റ്റേറ്റ് പതാകകളും ഇപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകളും ഇതാണ് സൂചിപ്പിക്കുന്നതെന്നാണ് ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി ആന്തണി ആൽബനീസ് വിശദമാക്കുന്നത്.
ആക്രമണം നടത്തവേ പൊലീസ് വെടിയേറ്റ് കൊല്ലപ്പെട്ട സാജിദ് ഹൈദാരാബാദ് സ്വദേശിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഹൈദരാബാദിലെ ടൗളി ചൗക്കി സ്വദേശിയായ സാജിദ് അക്രം 1998 ലാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. ഇന്ത്യയിൽ നിന്ന് പഠനം പൂർത്തിയാക്കി പിന്നീട് ഇയാൾ ജോലി തേടി ഓസ്ട്രേലിയിലേക്ക് പോയതാണെന്നാണ് കണ്ടെത്തൽ. ഇവിടെ യൂറോപ്യൻ പൗരത്വമുള്ള വനിതയെ ഇയാൾ വിവാഹം കഴിച്ചു. പൊലീസ് വെടിയേറ്റ് ചികിത്സയിലുള്ള അക്രമിൻ്റെ മകൻ നവീദിന് ഓസ്ട്രേലിയൻ പൗരത്വമുണ്ട്. ഇന്ത്യ വിട്ട ഇയാൾ പീന്നീട് ആറ് തവണ മാത്രമാണ് ഇന്ത്യയിൽ എത്തിയത്. ബന്ധുക്കളുമായി അകലം പാലിച്ചായിരുന്നു ജീവിതം എന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്. എന്നാൽ വിഷയത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇതുവരെ ഔദ്യോഗികമായ പ്രതികരണം നടത്തിയിട്ടില്ല
15 പേരാണ് ഞായറാഴ്ച ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ജൂത മത വിശ്വാസികളുടെ ഹനൂക്ക ആഘോഷത്തിനിടെ അക്രമികളുടെ വെടിവയ്പിൽ കൊല്ലപ്പെട്ടത്. മരണപ്പെട്ടവരിൽ 10 വയസുകാരി മുതൽ ബ്രിട്ടീഷ് വംശജനായ ജൂത പുരോഹിതൻ വരെ ഉൾപ്പെടുന്നുണ്ട്. വെടിവയ്പിൽ പരിക്കേറ്റ 24 പേർ നിലവിൽ ചികിത്സയിൽ തുടരുകയാണ്. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. അഞ്ച് പേർ അപകട നില തരണം ചെയ്തുവെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നവംബറിലാണ് അക്രമികൾ ഫിലിപ്പീൻസിലെത്തിയത്. നവംബർ 1 ഫിലീപ്പീൻസിലെത്തിയ അക്രമികൾ നവംബർ 28നാണ് ഓസ്ട്രേലിയയിലേക്ക് മടങ്ങിയത്. സിഡ്നിയിലേക്ക് മടക്ക യാത്ര ആരംഭിക്കുന്നതിന് മുൻപ് ഫിലിപ്പീൻസിലെ തെക്കൻ നഗരമായ ഡാവോ ആണ് തങ്ങൾ താമസിക്കുന്ന അവസാന സ്ഥലമെന്നാണ് ഇവർ വിശദമാക്കിയിരുന്നതെന്നാണ് ഇമിഗ്രേഷൻ വക്താവ് വിശദമാക്കുന്നത്.
ഭീകരാക്രമണത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന പ്രതി നവീദ് അക്രം (24) കോമയിൽ നിന്ന് ഉണർന്നതായും ബോധം തെളിഞ്ഞതായുമുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. പൊലീസ് വെടിവെയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ ശക്തമായ പൊലീസ് കാവലിൽ സിഡ്‌നിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇയാൾക്കെതിരെ ഉടൻ കുറ്റം ചുമത്തുമെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് വിശദമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam