
വാഷിംഗ്ടൺ: റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ നിന്ന് ഇന്ത്യ ലാഭം കൊയ്യുന്നുവെന്ന ആരോപണത്തിന് പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. മോസ്കോയിൽ നിന്ന് എണ്ണ കിഴിവിൽ വാങ്ങി, ശുദ്ധീകരിച്ച് യൂറോപ്പിലെയും മറ്റിടങ്ങളിലും വിറ്റാണ് ഇന്ത്യ ലാഭം കൊയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ഇന്ത്യയെ 'റഷ്യയുടെ അലക്കുശാല' എന്ന് വിശേഷിപ്പിക്കുകയും 'ഇന്ത്യൻ ജനതയുടെ ചെലവിൽ' ലാഭം കൊയ്യുന്നതിന് രാജ്യത്തെ ഉന്നതരെ വിമർശിക്കുകയും ചെയ്തു.
യുക്രൈനെതിരെ പൂർണ തോതിലുള്ള ആക്രമണത്തിന് മുമ്പ് ഇന്ത്യ റഷ്യയിൽ നിന്ന് കാര്യമായ എണ്ണ വാങ്ങിയിരുന്നില്ല. എന്നാൽ ഇപ്പോൾ അങ്ങനെ ചെയ്യുന്നു. ഇന്ത്യ റഷ്യൻ യുദ്ധ യന്ത്രത്തിന് ഇന്ധനം നൽകുകയാണെന്നും നവാരോ അവകാശപ്പെട്ടു.
ഇന്ത്യ റഷ്യയുടെ അലക്കുശാല മാത്രമാണ്. ഇന്ത്യൻ ജനതയുടെ ചെലവിൽ ബ്രാഹ്മണരെ ലാഭം കൊയ്യാൻ സഹായിക്കുന്നു. അത് അവസാനിപ്പിക്കണമെന്നും നവാരോ പറഞ്ഞു. ഇന്ത്യൻ റിഫൈനർമാർ ഡിസ്കൗണ്ട് ചെയ്ത റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുകയും സംസ്കരിക്കുകയും ഉയർന്ന വിലയ്ക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നുവെന്ന് ആരോപിച്ചു. ട്രംപിന്റെ ശിക്ഷാ തീരുവകളെ ന്യായീകരിക്കാനും അദ്ദേഹം ശ്രമിച്ചു. മോദി മികച്ച നേതാവാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിരിക്കെ, അദ്ദേഹം പുടിനും ഷി ജിൻപിങ്ങിനുമൊപ്പം നിൽക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്നും നവാരോ പറഞ്ഞു. ചൈനയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി എത്തിയപ്പോഴായിരുന്നു നവാരോയുടെ പരാമർശം.