
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയും ഐക്യരാഷ്ട്രസഭയുടെ അംഗീകാരമില്ലാത്ത ഏകപക്ഷീയമായ ഉപരോധങ്ങളെ ശക്തമായി അപലപിച്ചും ബ്രിക്സ് ഉച്ചകോടി. ന്യൂഡൽഹിയിൽ ചേർന്ന വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളുടെ വാർഷിക ഉച്ചകോടിയിലാണ് പാശ്ചാത്യ രാജ്യങ്ങൾ ആധിപത്യം പുലർത്തുന്ന ആഗോള വിഷയങ്ങളിൽ വികസ്വര രാജ്യങ്ങളുടെ ശബ്‍ദം ശക്തമാക്കാനുള്ള തീരുമാനമുണ്ടായത്.
ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാനും സമ്മേളനത്തിൽ പങ്കെടുത്തു. ആണവനിലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ആഗോള സുരക്ഷയ്ക്ക് വൻ ഭീഷണിയാണെന്ന് നേതാക്കൾ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി. യുഎൻ സുരക്ഷാ കൗൺസിലിന്‍റെ അനുമതിയില്ലാതെ അടിച്ചേൽപ്പിക്കുന്ന ഉപരോധങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അവ അടിയന്തരമായി പിൻവലിക്കണമെന്നും ബ്രിക്സ് കൂട്ടായ്മ ആവശ്യപ്പെട്ടു.
സാമ്പത്തിക ഉപരോധങ്ങളിൽ നിന്ന് രക്ഷനേടാൻ അംഗരാജ്യങ്ങൾക്കിടയിൽ പ്രാദേശിക കറൻസികൾ ഉപയോഗിച്ചുള്ള വ്യാപാരം ശക്തമാക്കണമെന്ന് ഇറാൻ പ്രസിഡന്‍റ് യോഗത്തിൽ നിർദ്ദേശിച്ചു. റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളുമായി ദീർഘകാലമായുള്ള സൗഹൃദം നിലനിർത്തുന്നതോടൊപ്പം തന്നെ അമേരിക്കയുമായും പാശ്ചാത്യ രാജ്യങ്ങളുമായുമുള്ള നയതന്ത്ര ബന്ധം സമന്വയിപ്പിച്ചു കൊണ്ടുപോകാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ, ഇറാൻ പ്രസിഡന്‍റുമാരുമായി വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തി തന്ത്രപ്രധാനമായ വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam