Asianet News MalayalamAsianet News Malayalam

COVID 19| ഇന്ത്യയുടെ വാക്സീന് ലോകത്തിന്‍റെ അംഗീകാരം; കൊവാക്സീന്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചു

അതേസമയം ജനങ്ങൾക്കിടയിൽ കൊവിഡ് 19 വാക്സീനുമായി ബന്ധപ്പെട്ടുള്ള തെറ്റിധാരണകൾ മാറ്റാൻ സംസ്ഥാനങ്ങൾ മത-സാമുദായിക നേതാക്കളുടെ സഹായം സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 

World health organization accept india s covid vaccine covaxin
Author
Delhi, First Published Nov 3, 2021, 5:38 PM IST

ദില്ലി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്സീന് (covaxin) ലോകാരോഗ്യ സംഘടനയുടെ (WHO) അംഗീകാരം. അടിയന്തര ഉപയോഗത്തിന് വിദഗ്‍ധസമിതി അംഗീകാരം നൽകി. കഴിഞ്ഞ ജൂലൈയിലാണ് ആഗോള അംഗീകാരത്തിന് നിർമ്മതാക്കാളായ ഭാരത് ബയോടെക്ക് അപേക്ഷ സമർപ്പിച്ചത്. പിന്നീട് ചേർന്ന വിദഗ്‍ധസമിതി പരീക്ഷണത്തിന്‍റെ കൂടുതൽ വിവരങ്ങൾ കമ്പനിയിൽ നിന്ന് തേടിയിരുന്നു. ഇതുകൂടി പരിശോധിച്ചാണ് അടിയന്തര ഉപയോഗത്തിനുള്ള അന്തിമ അംഗീകാരം ലഭിച്ചത്. കൊവിഡ് പ്രതിരോധിക്കാൻ കൊവാക്സീൻ ഫലപ്രദമെന്ന് സമിതി വിലയിരുത്തി. എന്നാൽ  ഗർഭിണികളിൽ ഇത് ഫലപ്രദമാണോയെന്നതിന് കൂടുതൽ പഠനങ്ങൾ വേണമെന്നും സമിതിയുടെ വാർത്താക്കുറിപ്പിൽ അറിയിച്ചു. 

ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്ന ഏട്ടാമത്തെ കൊവിഡ് പ്രതിരോധ വാക്സീനാണ് കൊവാക്സീൻ.  ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഇടപെടലും അംഗീകാരത്തിൽ നിർണ്ണായകമായെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. കൊവാക്സീന് പലരാജ്യങ്ങളിലും അംഗീകാരം ഇല്ലാതിരുന്നത് വാക്സീൻ എടുത്തവരുടെ വിദേശയാത്രയ്ക്ക് തടസം സൃഷ്ടിച്ചിരുന്നു. ഈ പ്രശ്നത്തിന് കൂടി പരിഹാരമാകുകയാണ്. ഇതിനിടെ വീടുകൾ തോറും വാക്സീൻ എന്ന പുതിയ കർമ്മപദ്ധതി പ്രധാനമന്ത്രി മുന്നോട്ട് വച്ചു. നൂറ് കോടി വാക്സിനേഷൻ എന്ന റെക്കോർഡ് നേട്ടം കൈവരിച്ചിട്ടും 11 സംസ്ഥാനങ്ങളിലെ 40 ലേറെ ജില്ലകളിൽ വാക്സീൻ വിതരണം മന്ദഗതിയിൽ തന്നെ തുടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ജില്ലാ കളക്ടമാര്‍രുടെയും യോഗത്തില്‍ വാക്സീന്‍ വിതരണം ഊര്‍ജ്ജിതമാക്കാനുള്ള നടപടികള്‍ പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു. 

കൊവിഡ് വാക്സീനുമായി ബന്ധപ്പെട്ടുള്ള തെറ്റിധാരണകൾ മാറ്റാൻ സംസ്ഥാനങ്ങൾ മത-സാമുദായിക നേതാക്കളുടെ സഹായം സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മതനേതാക്കളെല്ലാവരും വാക്സീന്‍ എടുക്കുന്നതിനെ പിന്തുണയ്ക്കുന്നവരാണ്. വാക്സീൻ എടുക്കണമെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കണം. അതിനായി സംസ്ഥാനങ്ങൾ മതനേതാക്കളുടെ സഹായം സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. വാക്‌സീനേഷൻ പ്രചാരണ പരിപാടികളിൽ  മതനേതാക്കൾ വളരെ ആവേശഭരിതരാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വത്തിക്കാനിൽ വെച്ച് ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ച അനുസ്മരിച്ച മോദി വാക്സീനുകളെക്കുറിച്ചുള്ള മതനേതാക്കളുടെ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകണമെന്നും അഭ്യർത്ഥിച്ചു. വാക്സീനേഷന്‍ കുറവുള്ള ജില്ലകളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

അതേസമയം രാജ്യത്ത് കുട്ടികളിലെ വാക്സിനേഷൻ വൈകുമെന്നാണ് സൂചന. കൊവാക്സീൻ രണ്ടു വയസിന് മുകളിലുള്ളവർക്ക് നല്‍കുന്നതില്‍ കേന്ദ്രം കൂടുതൽ വിദഗ്ധരുടെ നിലപാട് തേടി. ആദ്യ ഘട്ടത്തിൽ പതിനാറിന് മുകളിലുള്ളവർക്ക് വാക്സീൻ നല്‍കാനാണ് ആലോചന. രണ്ട് വയസിന് മുകളിലുള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിനായി കൊവാക്സീന് അനുമതി നൽകാമെന്ന് ഡിസിജിഐയുടെ വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു. ഡ്രഗ്സ് കൺട്രോളർ ജനറൽ ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. എന്നാൽ മുഴുവൻ കുട്ടികൾക്കും വാക്സീൻ നൽകി തുടങ്ങാനുള്ള തീരുമാനം ഉടൻ ഉണ്ടാകില്ല എന്നാണ് പുറത്തുവരുന്ന സൂചന. 

രണ്ട് വയസിനും ആറ് വയസിനും ഇടയിലെ കൂട്ടികൾക്ക് വാക്സീൻ ലോകത്ത് ഒരിടത്തും നല്‍കി തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിൽ കുട്ടികൾക്ക് ഇത് നല്‍കേണ്ടതുണ്ടോ സുരക്ഷിതമാണോ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വിദഗ്ധ ഉപദേശം തേടിയിരിക്കുകയാണ് സർക്കാർ. തല്‍ക്കാലം 16 നും 18 നും ഇടയിലുള്ള കുട്ടികൾക്ക് വാക്സീൻ നൽകി തുടങ്ങാനാണ് ആലോചന. ഇത് കൂടാതെ ഗുരുതര രോഗങ്ങളുള്ള കുട്ടികൾക്കും ആദ്യഘട്ടത്തിൽ വാക്സീൻ നൽകുന്നതും കേന്ദ്രത്തിന്‍റെ പരിഗണനയിലുണ്ട്. 

 
Follow Us:
Download App:
  • android
  • ios