
ലണ്ടൻ: ചാൾസ് രാജകുമാരനെ ബ്രിട്ടീഷ് രാജാവായി പ്രഖ്യാപിച്ചു. സെന്റ് ജെയിംസ് കൊട്ടരത്തിലാണ് പ്രഖ്യാപനം നടന്നത്. രാജാവിനെ പ്രഖ്യാപിക്കുന്ന അക‍്‍സഷൻ കൗൺസിലിന്റെ പ്രതിനിധിയാണ് എഴുപത്തിമൂന്നുകാരനായ ചാൾസിനെ പുതിയ രാജാവായി പ്രഖ്യാപിച്ചത്. സെന്റ് ജെയിംസ് കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ പെരുമ്പറകളുടെ അകമ്പടിക്കിടയിലായിരുന്നു പ്രഖ്യാപനം. പിന്നാലെ ലണ്ടനിൽ പ്രിവി കൗൺസിലിന് മുന്നിൽ ചാൾസ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ചാൾസിന്റെ ഭാര്യ കാമില്ല സാക്ഷിയായി ഒപ്പിട്ടു. രാജാവായി പ്രഖ്യാപിക്കപ്പെട്ടതോടെ കിംഗ് ചാൾസ് മൂന്നാമൻ എന്നാകും ഇനി അദ്ദേഹത്തിന്റെ വിശേഷണം. രാജകുടുംബാഗങ്ങൾ, പ്രധാനമന്ത്രി, മുതിർന്ന രാഷ്ട്രീയക്കാർ, കാന്റർബറി ആർച്ച് ബിഷപ്പ് എന്നിവർ അടങ്ങുന്നതാണ് അക‍്‍സഷൻ കൗൺസിൽ.
സെന്റ് ജെയിംസ് കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ നിന്നുളള പ്രഖ്യാപനത്തിന് പിന്നാലെ, ഹൈഡ്‍സ് പാർക്കിലും ടവർ ഓഫ് ലണ്ടലിനും ഗൺ സല്യൂട്ട് ഉണ്ടായി. ഒരു മണിക്കൂറിന് ശേഷം ലണ്ടൻ നഗരത്തിലെ റോയൽ എക്സ്ചേഞ്ചിലും മുിതർന്ന നേതാക്കൾ വിളംബരം നടത്തി. സ്കോട്‍ലാൻഡ് വെയ്ൽസിലും അയർലണ്ടിലും നാളെ വിളംബരം നടക്കും.
രാജാവായി ചുമതലയേറ്റതിന് പിന്നാലെ ആക‍്‍സഷൻ കൗൺസിലിന് അഭിസംബോധന ചെയ്ത ചാൾസ് മൂന്നാമൻ രാജാവ്, കന്നി പ്രസംഗത്തിൽ എലിസബത്ത് രാജ്ഞിയെ അനുസ്മരിച്ചു. സ്നേഹത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും പ്രതീകമായിരുന്നു എലിസബത്ത് രാജ്ഞിയെന്ന് അദ്ദേഹം പറഞ്ഞു. അമ്മയുടെ ശൈലി പിന്തുടരുമെന്നും ചാൾസ് മൂന്നാമൻ രാജാവ് പ്രഖ്യാപിച്ചു. ഭാര്യ കാമില്ലയുടെ അകൈതവമായ പിന്തുണയ്ക്ക് ചാൾസ് നന്ദി അറിയിച്ചു. 700 ഓളം പേർ ചടങ്ങിൽ പങ്കെടുത്ത ചടങ്ങിലാണ് ചാൾസിന്റെ സ്ഥാനാരോഹണം നടന്നത്. എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ചാൾസ് നേരത്തെ തന്നെ രാജ ചുമതലകൾ ഏറ്റെടുത്തിരുന്നു.
ചാൾസ് രാജാവായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ, താഴ്ത്തിക്കെട്ടിയ ബ്രിട്ടീഷ് പതാക വീണ്ടും ഉയർത്തി. ഒരു മണിക്കൂറിന് ശേഷം പതാക വീണ്ടും താഴ്ത്തി കെട്ടും. എലിസബത്ത് റാണിയുടെ മരണത്തോടനുബന്ധിച്ചുള്ള ഓദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായാണ് പതാക താഴ്ത്തി കെട്ടിയിരുന്നത്. ബ്രിട്ടന്റെ ചരിത്രത്തിൽ ആദ്യമായി രാജാവിനെ പ്രഖ്യാപിക്കുന്ന അക‍്‍സഷൻ കൗൺസിൽ ചടങ്ങുകൾ തത്സമയം കാണിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam