
സിഡ്‌നി: ലോകത്തെ ഞെട്ടിച്ച വന്‍ ലഹരിവേട്ടയില്‍ പ്രശസ്ത ബ്രിട്ടീഷ് നടി എമ ഹുസൈന്‍ ഓസ്ട്രേലിയയില്‍ അറസ്റ്റിലായി. പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ നിന്നും കരി നിറച്ച ചാക്കുകളിലൊളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 320 കിലോഗ്രാം മെത്താംഫെറ്റാമൈന്‍ ലഹരിമരുന്നാണ് സിഡ്‌നിയില്‍ പോലീസ് പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് 296 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ (2,500 കോടിയിലധികം രൂപ) വിലവരും.
യുകെയിലെ പ്രശസ്ത സീരീസായ E20-യിലെ 'നാസ്' എന്ന കഥാപാത്രത്തിലൂടെയും, ജെയ്സണ്‍ സ്റ്റാഥം നായകനായ ഹോളിവുഡ് ചിത്രം ഹംമിംഗ്‌ബേര്‍ഡിലൂടെയും ശ്രദ്ധേയയായ നടിയാണ് എമ ഹുസൈന്‍.
സിനിമയെ വെല്ലുന്ന ഓപ്പറേഷനിലൂടെയാണ് മയക്കുമരുന്ന് പിടികൂടിയത്. സിഡ്‌നിയിലെ പോര്‍ട്ട് ബോട്ടണിയില്‍ ഘാനയില്‍ നിന്നെത്തിയ രണ്ട് ഷിപ്പിംഗ് കണ്ടെയ്‌നറുകളില്‍ ഓസ്ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ചില അസ്വാഭാവികതകള്‍ കണ്ടെത്തി. എക്‌സ്-റേ പരിശോധനയിലാണ് കരി നിറച്ച ചാക്കുകള്‍ക്കുള്ളില്‍ വെളുത്ത ക്രിസ്റ്റല്‍ രൂപത്തിലുള്ള പദാര്‍ത്ഥം കണ്ടെത്തിയത്. ചാക്കുകളിലുണ്ടായിരുന്നത് മാരക ലഹരിമരുന്നായ മെത്ത് ആണെന്ന് സ്ഥിരീകരിച്ചതോടെ പോലീസ് രഹസ്യമായി ഇവ മുഴുവന്‍ മാറ്റുകയും പകരം ഡമ്മി സാധനങ്ങള്‍ നിറച്ച് കണ്ടെയ്‌നറുകള്‍ പോകാന്‍ അനുവദിക്കുകയും ചെയ്തു.
സിഡ്‌നിയിലെ ഒരു സ്റ്റോറേജ് ഗോഡൗണില്‍ ഈ കണ്ടെയ്‌നറുകള്‍ എത്തിയപ്പോള്‍ നടി എമ ഹുസൈന്‍ നേരിട്ടെത്തിയാണ് ഇത് പുറത്തിറക്കാന്‍ മേല്‍നോട്ടം വഹിച്ചത്. സാധനങ്ങള്‍ കാറിലേക്ക് മാറ്റി ബ്ലാക്ക്ടൗണിലെ ഒരു വീട്ടിലെത്തിച്ച ഉടന്‍ പോലീസ് നടിയെ വളഞ്ഞു പിടികൂടുകയായിരുന്നു.
വ്യാജ ഐഡന്റിറ്റി കാര്‍ഡുകള്‍ ഉപയോഗിച്ച് സിഡ്‌നിയില്‍ സ്റ്റോറേജ് യൂണിറ്റുകള്‍ വാടകയ്ക്കെടുത്ത ഓസ്ട്രേലിയക്കാരായ യുവതിയെയും യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam