
ഗുവാഹത്തി: അരുണാചൽ പ്രദേശ് അതിർത്തിയോട് ചേർന്നുള്ള ടിബറ്റിലെ യാർലങ് സാങ്പോ നദിയിൽ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത ഡാമിന്‍റെ നിർമ്മാണം ചൈന ഔദ്യോഗികമായി ആരംഭിച്ചു. ഇന്ത്യൻ അതിർത്തിയിൽ നിന്ന് വെറും 50 കിലോമീറ്റർ മാത്രം അകലെയാണ് ചൈനയുടെ ഈ ഭീമൻ പദ്ധതി. ചൈനയുടെ ഈ ഏകപക്ഷീയമായ നീക്കത്തിന് ശക്തമായ മറുപടി നൽകാൻ അരുണാചൽ പ്രദേശിലെ സിയാങ് നദിയിൽ 11,000 മെഗാവാട്ട് ശേഷിയുള്ള 'സിയാങ് അപ്പർ മൾട്ടിപർപ്പസ് പ്രൊജക്റ്റ്' അതിവേഗം മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യയും ഒരുങ്ങുകയാണ്.
പൊതുമേഖലാ സ്ഥാപനമായ എൻഎച്ച്പിസി നേതൃത്വം നൽകുന്ന ഈ മെഗാ പ്രൊജക്റ്റ് യാഥാർത്ഥ്യമായാൽ, അത് ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായി മാറും. ഏകദേശം 1.5 ലക്ഷം കോടി രൂപ (13 ബില്യൺ യുഎസ് ഡോളർ) ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിലൂടെ പ്രതിവർഷം 47 ബില്യൺ യുണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.ഇന്ത്യ നേരിടുന്ന വെല്ലുവിളികൾരണ്ട് പദ്ധതികളും തമ്മിലുള്ള താരതമ്യം ചൈനയ്ക്ക് മുന്നിൽ ഇന്ത്യ നേരിടുന്ന കടുത്ത വെല്ലുവിളിയാണ് വ്യക്തമാക്കുന്നത്. ചൈന ലക്ഷ്യമിടുന്ന 60,000 മെഗാവാട്ടിന്‍റെ 'മെഡോഗ് ജലവൈദ്യുത പദ്ധതി'യുടെ നിർമ്മാണം നിലവിൽ അതിവേഗം പുരോഗമിക്കുകയാണ്.
എന്നാൽ, ഇന്ത്യയുടെ സിയാങ് പദ്ധതി ഇപ്പോഴും പ്രാരംഭ ഘട്ട പഠനങ്ങളിൽ മാത്രമാണുള്ളത്. നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടുമില്ല.
ചൈനയുടെ ഡാമിന്‍റെ ശേഷി ഇന്ത്യയുടേതിനേക്കാൾ നിരവധി മടങ്ങ് കൂടുതലാണ്. ടിബറ്റിൽ യാർലങ് സാങ്പോ എന്ന് വിളിക്കുന്ന ഈ നദി അരുണാചൽ പ്രദേശിലേക്ക് പ്രവേശിക്കുമ്പോൾ സിയാങ് എന്നും, പിന്നീട് അസമിലേക്ക് എത്തുമ്പോൾ ബ്രഹ്മപുത്ര എന്നുമാണ് അറിയപ്പെടുന്നത്. അസം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനാഡിയാണിത്. നദിയുടെ മുകൾത്തട്ടിൽ ചൈന ഇത്രയും വലിയൊരു ഡാം നിർമ്മിക്കുന്നത് ഒഴുക്കിൽ വലിയ വ്യതിയാനങ്ങൾ വരുത്തുമെന്നും, പ്രാദേശിക പരിസ്ഥിതിയെ തകിടം മറിക്കുമെന്നും, കൃഷിയെ നശിപ്പിക്കുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, ചൈന വിട്ടുനൽകുന്ന വെള്ളം താഴത്തെ തടങ്ങളിൽ അപ്രതീക്ഷിതവും വിനാശകരവുമായ വെള്ളപ്പൊക്കത്തിന് കാരണമായേക്കാം.
ബ്രഹ്മപുത്ര നദീതടത്തിലെ ചൈനയുടെ എല്ലാ നീക്കങ്ങളും കേന്ദ്ര സർക്കാർ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. താഴത്തെ തടങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ആവശ്യമായ എല്ലാ പ്രതിരോധ-മുൻകരുതൽ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ ലോകസഭയെ രേഖാമൂലം അറിയിച്ചു. നദീതട പദ്ധതികളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പങ്കുവെക്കാനും ചർച്ചകൾ നടത്താനും ഇന്ത്യ നിരന്തരം ബെയ്ജിങ്ങിനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും ചൈനയുടെ ഭാഗത്തുനിന്ന് അനുകൂലമായ പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല.
വൈദ്യുതി ഉത്പാദനത്തിനപ്പുറം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കവും മണ്ണൊലിപ്പും നിയന്ത്രിക്കാൻ കൂടിയാണ് ഇന്ത്യ സിയാങ് പ്രൊജക്റ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചൈന മുകൾത്തട്ടിൽ നിന്ന് വലിയ തോതിൽ വെള്ളം തുറന്നുവിട്ടാൽ അത് താങ്ങാൻ ശേഷിയുള്ള ഒരു വലിയ ജലസംഭരണിയായി ഈ ഡാം പ്രവർത്തിക്കും. ഇതിനൊപ്പം തന്നെ വടക്കുകിഴക്കൻ മേഖലയിലെ വെള്ളപ്പൊക്ക പ്രവചന സംവിധാനങ്ങളും നദീ നിരീക്ഷണ ശൃംഖലകളും അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ ശക്തമാക്കാനും ന്യൂഡൽഹി നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam