പുലർച്ചെ സഹായം തേടി വിളിച്ച് അബോധാവസ്ഥയിലായ യുവതിയെ ദുബായ് പൊലീസ് അത്ഭുതകരമായി രക്ഷപ്പെടുത്തി. ഫോൺ കോൾ ട്രാക്ക് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ യുവതിയെ കണ്ടെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് യുവതിക്ക് ബോധക്ഷയമുണ്ടാകാൻ കാരണമായത്.

ദുബായ്: പുലർച്ചെ 3:30ന് പൊലീസിന്‍റെ ഓപ്പറേഷൻസ് റൂമിലേക്ക് വന്ന അടിയന്തര ഫോൺ കോൾ, തക്കസമയത്തെ ഇടപെടലിൽ യുവതിയുടെ ജീവൻ രക്ഷിച്ച് പൊലീസ്. ദുബായിലാണ് സംഭവം. 'സഹോദരാ, ഞാൻ ആ ഇന്‍റർസെക്ഷനിലുണ്ട്...' അറബിയിലുള്ള ആ വാക്കുകൾ അവസാനിക്കുന്നതിന് മുമ്പ് തന്നെ ഫോണിലെ ശബ്ദം നിലച്ചു. പിന്നീട് ഒരു ചെറിയ മൂളൽ മാത്രം. തുടർന്ന് പൂർണമായും നിശ്ശബ്ദതയായി. എന്നാൽ പതറാതെ പ്രവർത്തിച്ച ദുബായ് പൊലീസിന്റെ ഓപ്പറേഷൻസ് റൂം അധികൃതർ മിനിറ്റുകൾക്കുള്ളിൽ അബോധാവസ്ഥയിലായ യുവതിയെ കണ്ടെത്തി ജീവൻ രക്ഷിച്ച് മാതൃകയായി.

കോൾ ലഭിച്ച് മൂന്ന് സെക്കൻഡിനുള്ളിൽ തന്നെ കോൾ ഹാൻഡ്‌ലർ അപകടസാധ്യത തിരിച്ചറിഞ്ഞു. വിളിച്ചയാൾ മറുപടി നൽകാതായതോടെ, പൊലീസിന്‍റെ എമർജൻസി കോൾ ലൊക്കേഷൻ സിസ്റ്റം ഉപയോഗിച്ച് പോയിന്‍റ് ട്രാക്ക് ചെയ്തു. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് സമീപമുള്ള നാദ് അൽ ഷെബ മേഖലയിലാണ് ഫോൺ ഉള്ളതെന്ന് തിരിച്ചറിഞ്ഞു.

തുടർന്ന് സമീപത്തുള്ള മുഴുവൻ പട്രോളിംഗ് സംഘങ്ങൾക്കും നിർദ്ദേശം നൽകുകയും പ്രദേശത്ത് തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. തെരച്ചിലിനിടെ മിനിറ്റുകൾക്കുള്ളിൽ റോഡ് ശൃംഖലയ്ക്ക് പുറത്തുള്ള മണൽ നിറഞ്ഞ പ്രദേശത്ത് ഒരു വാഹനം നിർത്തിയിട്ടിരിക്കുന്നത് പട്രോളിംഗ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. അടച്ചിട്ട കാറിന്റെ ജനലിൽ പൊലീസ് തട്ടുമ്പോൾ ആ ശബ്ദം ഓപ്പറേഷൻസ് റൂമിൽ വിച്ഛേദിക്കാതെ വെച്ചിരുന്ന കോളിലൂടെ ഹാൻഡ്‌ലർക്കും കേൾക്കാമായിരുന്നു. പരിശോധനയിൽ കാറിനുള്ളിൽ യുവതി അബോധാവസ്ഥയിലാണെന്ന് കണ്ടെത്തി.

ഉടൻ തന്നെ വാഹനം തുറന്ന് പുറത്തെടുത്ത യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വൻതോതിൽ കുറഞ്ഞതാണ് അബോധാവസ്ഥയ്ക്ക് കാരണമായതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. അപകടത്തിലായ ആൾക്ക് സംസാരിക്കാൻ കഴിയാത്ത ഘട്ടത്തിലും കൃത്യമായ ലൊക്കേഷൻ പൊലീസിന് ലഭ്യമായിരുന്നു. ആശുപത്രിയിലെത്തിച്ച യുവതിയുടെ സുഖവിവരങ്ങൾ ലെഫ്റ്റനന്റ് ജനറൽ ധാഹി ഖൽഫാൻ നേരിട്ട് വിളിച്ച് അന്വേഷിച്ചു.

"നിങ്ങൾ ഇത്ര വേഗത്തിൽ എത്തിയില്ലായിരുന്നെങ്കിൽ എന്റെ ജീവൻ നഷ്ടപ്പെടുമായിരുന്നു" എന്ന് യുവതി പിന്നീട് പൊലീസിനോട് പറഞ്ഞു. കടുത്ത ആരോഗ്യപ്രശ്നങ്ങളുള്ളവർ പൊലീസിന്റെ 'ക്രിട്ടിക്കൽ മെഡിക്കൽ കേസസ്' പ്രോഗ്രാമിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് ദുബായ് പൊലീസ് അഭ്യർത്ഥിച്ചു. ദുബായ് പൊലീസിന്റെ ലെഫ്റ്റനന്റ് ജനറൽ ധാഹി ഖൽഫാൻ തമീമിന്റെ 'ഓപ്പറേഷൻസ് മാനേജ്‌മെന്റ് ഇൻ ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ്' എന്ന പുസ്തകത്തിലാണ് ഈ നിർണായക സംഭവം വിവരിച്ചിരിക്കുന്നത്.