പാർലമെന്റ് ഹാളിലേക്ക് ബുർഖ ധരിച്ച് പ്രതിഷേധം, ഓസ്ട്രേലിയയിൽ വലതുപക്ഷ രാഷ്ട്രീയ പാർട്ടി നേതാവിന് സസ്പെൻഷൻ

Published : Nov 25, 2025, 12:44 PM IST
Burqa

Synopsis

സെനറ്റ് അംഗങ്ങളിൽ പ്രതിപക്ഷ ഭരണ പക്ഷ വ്യത്യാസമില്ലാതെ 55 പേരാണ് നടപടി പ്രമേയത്തെ പിന്തുണച്ചത്. ഒരു വിഭാഗം ആളുകളെ ക്രൂരന്മാരായി ചിത്രീകരിക്കാനുള്ള നീചമായ പ്രവർത്തിയാണ് പോളിൻ ചെയ്തതെന്ന് സെനറ്റ് അംഗീകരിച്ചു

സിഡ്‌നി: ഓസ്ട്രേലിയയിൽ പാർലമെന്റിലേക്ക് ബുർഖ ധരിച്ചെത്തിയ വലതുപക്ഷ രാഷ്ട്രീയ പാർട്ടി നേതാവിന് സസ്പെൻഷൻ. വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായ വൺ നേഷന്റെ സ്ഥാപകയും നേതാവുമായ പോളിൻ ഹാൻസണിനെയാണ് സെനറ്റിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഏഴ് ദിവസത്തേക്കാണ് സസ്പെൻഷൻ. രാജ്യത്തെ പ്രതിനിധീകരിച്ച് വിദേശത്തുള്ള പരിപാടികളിൽ പ്രതിനിധീകരിക്കുന്നതിനും പോളിന് വിലക്കുണ്ട്. വലിയ ഭൂരിപക്ഷത്തിലാണ് ക്വീൻസ്ലാൻഡിൽ നിന്നുള്ള സെനറ്റ് അംഗത്തിനെതിരായ നടപടി ശരിവച്ചത്. പോളിന്റേത് അടക്കം 5 അംഗങ്ങൾ മാത്രമാണ് സസ്പെൻഷൻ ആവശ്യപ്പെട്ടുള്ള പ്രമേയത്തെ എതിർത്തത്. സെനറ്റ് അംഗങ്ങളിൽ പ്രതിപക്ഷ ഭരണ പക്ഷ വ്യത്യാസമില്ലാതെ 55 പേരാണ് നടപടി പ്രമേയത്തെ പിന്തുണച്ചത്. ഒരു വിഭാഗം ആളുകളെ ക്രൂരന്മാരായി ചിത്രീകരിക്കാനുള്ള നീചമായ പ്രവർത്തിയാണ് പോളിൻ ചെയ്തതെന്ന് സെനറ്റ് അംഗീകരിച്ചു. ഓസ്ട്രേലിയയിലെ മുസ്ലിം വിഭാഗത്തിലുള്ളവരെ അപമാനിക്കുക ലക്ഷ്യമിട്ടായിരുന്നു പോളിന്റെ ബുർഖ അണിഞ്ഞുള്ള വരവെന്നും സെനറ്റ് വിശദമാക്കി. തുടർച്ചയായി ബുർഖ നീക്കാനുള്ള സെനറ്റ് നിർദ്ദേശം പോളിൻ ഹാൻസൺ വകവച്ചിരുന്നില്ല. ഇതിന് പിന്നാലെ തിങ്കളാഴ്ച സെനറ്റ് താൽക്കാലികമായി പിരിയേണ്ടി വന്നിരുന്നു.

കുറ്റപ്പെടുത്തൽ പ്രമേയം പാസായത് വൻ ഭൂരിപക്ഷത്തിൽ 

പോളിന് എതിരായ കുറ്റപ്പെടുത്തൽ പ്രമേയത്തിലെ നടപടി ശക്തമായ താക്കീതാണ് എന്നാണ് രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നത്. സെനറ്റ് അംഗങ്ങളേയും സെനറ്റ് പ്രസിഡന്റിനേയും അപമാനിക്കുന്നതായിരുന്നു തിങ്കളാഴ്ച വലതുപക്ഷ നേതാവിന്റെ നടപടികൾ. ഗ്രീൻസ് സെനറ്ററായ മെഹ്റീൻ ഫാറൂഖിയാണ് കുറ്റപ്പെടുത്തൽ പ്രമേയം അവതരിപ്പിച്ചത്. മൂന്ന് ദശാബ്ദത്തോളം മുസ്ലിം, ഏഷ്യയിൽ നിന്നുള്ളവർ, കറുത്ത വർഗക്കാർ എന്നീ വിഭാഗത്തിലുള്ളവർക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചതിന് പോളിനെ ഉത്തരവാദിയായി കണ്ടതിൽ ആശ്വാസമുണ്ടെന്നാണ് മെഹ്റീൻ ഫാറൂഖി സസ്പെൻഷൻ നടപടിക്ക് പിന്നാലെ പ്രതികരിച്ചത്.

പൊതുസ്ഥലത്ത് ബുർഖ പോലുള്ള വസ്ത്രം നിരോധിക്കണമെന്ന നിലപാടുയർത്തിയാണ് സെനറ്റർ പോളിൻ ഹാൻസൺ ബുർഖ ധരിച്ച് ഓസ്ട്രേലിയൻ പാർലമെന്റിലെത്തിയത്. ഇന്നലെ സഭ സമ്മേളിച്ചപ്പോഴായിരുന്നു സെനറ്ററുടെ വിവാദ നീക്കം. ഓസ്‌ട്രേലിയയിലെ പൊതുസ്ഥലങ്ങളിൽ ബുർഖയും മറ്റ് മുഖം മൂടുന്ന വസ്ത്രങ്ങളും നിരോധിക്കുന്ന സ്വകാര്യ ബിൽ അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സെനറ്ററുടെ നീക്കം. ബുർഖ ധരിച്ചെത്തിയ എംപിയെ കണ്ട് പാർലമെൻ്റിലെ മറ്റംഗങ്ങൾ ബഹളം വച്ചു. ഇത് വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ഇത് രണ്ടാം തവണയാണ് മുസ്ലിം സ്ത്രീകൾ ബുർഖ ധരിക്കുന്നതിനെതിരെ ഓസീസ് പാർലമെന്റിൽ സമാന രീതിയിലെ പ്രതിഷേധം നടന്നത്.

ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാന്റിൽ നിന്നുള്ള സെനറ്ററാണ് പോളിൻ ഹാൻസൺ. കുടിയേറ്റ വിരുദ്ധ നിലപാടുകളിലൂടെ 1990 കളിലാണ് പൊതുരംഗത്ത് ഇവർ ശ്രദ്ധിക്കപ്പെട്ടത്. പൊതുഇടത്തെ ഇസ്ലാമിക വസ്ത്ര ധാരണത്തെ അതിരൂക്ഷമായി വിമർശിക്കുന്ന ഇവർ 2017 ലും ബുർഖ ധരിച്ച് പാർലമെൻ്റിൽ വന്നിരുന്നു. രാജ്യത്ത് തീവ്ര വലത് കുടിയേറ്റ വിരുദ്ധ നയത്തിന് പിന്തുണ വർധിച്ചിട്ടുണ്ട്. മുൻ തെരഞ്ഞെടുപ്പിൽ 2 സീറ്റായിരുന്ന പോളിൻ ഹാൻസൻ്റെ പാർട്ടിക്ക് ഇപ്പോൾ പാർലമെൻ്റിൽ നാലംഗങ്ങളുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആശംസയോ ആക്രമണമോ? ട്രംപിന്റെ ക്രിസ്മസ് സന്ദേശം! 'തീവ്ര ഇടതുപക്ഷ മാലിന്യങ്ങൾ' ഉൾപ്പെടെ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേരുന്നുവെന്ന് യുഎസ് പ്രസിഡൻ്റ്
രണ്ട് ദശാബ്ദത്തെ 'രാഷ്ട്രീയവനവാസം' അവസാനിപ്പിച്ച് താരിഖ് റഹ്മാൻ എത്തി, ഭാര്യക്കും മകൾക്കുമൊപ്പം പ്രിയപ്പെട്ട പൂച്ചയും! മാറുമോ ബം​ഗ്ലാദേശ്