
ജെറുസലേം: ഗാസയുടെ സംരക്ഷണത്തിന് പാകിസ്ഥാന്‍റെ സഹായം വേണ്ടെന്ന് ഇസ്രയേൽ. ഡൊണാൾഡ് ട്രംപിന്റെ ഗാസ പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്ഥിരത സേനയിലേക്ക് പാകിസ്ഥാൻ സൈന്യത്തിന്‍റെ സേവനം നൽകാനുള്ള നിർദ്ദേശം ഇസ്രായേൽ പ്രതിനിധി നിരസിച്ചു. ഗാസയിലെ ഏതെങ്കിലും സേനയിൽ പാകിസ്ഥാൻ സൈന്യം പങ്കെടുക്കുന്നതിൽ ജൂത രാഷ്ട്രത്തിന് താൽപ്പര്യമില്ലെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ പറഞ്ഞു. അതിര്‍ത്തി പ്രദേശങ്ങള്‍ സുരക്ഷിതമാക്കുന്നതിനും ഗാസ മുനമ്പിനെ സൈനിക വല്‍ക്കരിക്കുന്നതിന് സഹായിക്കുന്നതിന് ഇസ്രായേലുമായും ഈജിപ്തുമായും പുതുതായി പരിശീലനം ലഭിച്ച പലസ്തീന്‍ പൊലീസുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്ര സ്ഥിരത സേനക്ക് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗീകാരം നൽകിയിരുന്നു.
ഹമാസും ലഷ്കർ-ഇ-തൊയ്ബ ഉൾപ്പെടെയുള്ള പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര ഗ്രൂപ്പുകളും തമ്മിലുള്ള ബന്ധത്തിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് ഗാസയിലെ ഏതെങ്കിലും സേനയിൽ പാകിസ്ഥാൻ സൈന്യം പങ്കെടുക്കുന്നതിൽ താൽപ്പര്യമില്ലെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ വ്യക്തമാക്കി. ഹമാസിനെ പൂർണ്ണമായും ഇല്ലാതാക്കാതെ ഗാസയ്ക്ക് ഭാവിയിൽ സുരക്ഷിതത്വം ഉണ്ടാകില്ലെന്നും അംബാസഡർ പറഞ്ഞു. എൻഡിറ്റിവിക്ക് നൽകിയ അഭിമുഖത്തിലാണ് റൂവൻ അസർ ഇക്കാര്യം വ്യക്തമാക്കിയത്. നമുക്ക് മുന്നോട്ട് പോകാൻ കഴിയുന്ന ഒരു സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമം ഇപ്പോൾ നടക്കുന്നുണ്ട്, പക്ഷേ അതിനായി ഹമാസിനെ തകർക്കണം- അസർ പറഞ്ഞു.
ഹമാസിനെതിരെ പോരാടാൻ താൽപ്പര്യം ഇല്ലാത്തതിനാൽ പല രാജ്യങ്ങളും സൈന്യത്തെ അയയ്ക്കാൻ തയ്യാറല്ലെന്ന് ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്. അതിനാൽ ഒരു സ്ഥിരത സേന എന്ന ആശയം അർത്ഥശൂന്യമാണ്. ഹമാസിന്റെ സൈനിക, രാഷ്ട്രീയ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുക എന്നതിനാണ് ഇസ്രയേൽ മുൻഗണന നൽകുന്നത്. എന്നിരുന്നാലും ഗാസയിൽ പാകിസ്ഥാൻ സൈന്യത്തിന്റെ ഏതെങ്കിലും പങ്കിനെ ഇസ്രായേൽ അംഗീകരിക്കുന്നില്ല. കൊല്ലപ്പെട്ടവരുടെ മൃതദേഹവശിഷ്ടങ്ങൾ തിരിച്ചറിയുന്നതിലും ബന്ദികളെ വീണ്ടെടുക്കലിനുമാണ് ഇസ്രയേൽ മുനഗണന നൽകുന്നതെന്നും അംബാസിഡർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam