
വാൻകൂവർ: വാൻകൂവറിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനത്തിലെ കാർഗോ ഭാഗത്ത് തീ പിടിച്ചതായി സംശയം. ദില്ലിയിൽ നിന്ന് വാൻകൂവറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം 33000 അടി ഉയരത്തിലുള്ളപ്പോഴാണ് കാർഗോ ഭാഗത്ത് തീപിടിച്ചതായുള്ള സൂചന ലഭിച്ചത്. വാൻകൂവറിന് വടക്ക് പടിഞ്ഞാറൻ മേഖലയിലെത്തിയപ്പോഴാണ് സംഭവം. സംഭവത്തിന് പിന്നാലെ എമർജൻസി സാഹചര്യം ചൂണ്ടിക്കാണിച്ച് തൊട്ട് അടുത്ത വിമാനത്താവളത്തിൽ ഒരുങ്ങാനുള്ള ശ്രമങ്ങൾ തുടങ്ങിയെങ്കിലും പിന്നീട് മെയ് ഡേ മുന്നറിയിപ്പ് പിൻവലിക്കുകയായിരുന്നു.
ഈ മുന്നറിയിപ്പ് പാൻ പാൻ എന്ന നിലയിലേക്ക് മാറ്റി നൽകുകയായിരുന്നു ഇതിന് ശേഷം വാൻകൂവറിലെ റൺവേയിൽ ബോയിംഗ് 777 വിമാനം സുരക്ഷിതമായി ഇറങ്ങി. തീ പിടിച്ചതായുള്ള മുന്നറിയിപ്പ് വന്ന് ഒരു മണിക്കൂറിന് ശേഷമായിരുന്നു ലാൻഡിംഗ്. യാത്രക്കാരെ പുറത്ത് എത്തിച്ചതിന് പിന്നാലെ രക്ഷാസംഘം വിമാനം പരിശോധിച്ചെങ്കിലും തീയുടേയോ ചൂടിന്റേയോ പുകയുടേയോ സൂചനകളിലൊന്നും കണ്ടില്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്. ഇതിന് പിന്നാലെ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂറോളം വാൻകൂവറിൽ നിരീക്ഷണത്തിൽ സൂക്ഷിച്ച ശേഷമാണ് മടക്ക യാത്രയ്ക്ക് അനുമതി നൽകിയത്.
15.4 വർഷം പഴയ മോഡൽ വിമാനം ജി ഇ 90 എൻജിനുകളിലാണ് പ്രവർത്തിക്കുന്നത്. 2023 ഏപ്രിൽ 18ന് ദില്ലിയിൽ നിന്ന് ശ്രീനഗറിലേക്ക് ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫിന് പിന്നാലെ സമാന രീതിയിലെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. 140 യാത്രക്കാരായിരുന്നു ഈ സമയത്ത് വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം