ദുബൈയിൽ നിന്നുള്ള ചരക്കുവിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണു; രണ്ട് മരണം, അപകടം ഹോങ്കോങ് വിമാനത്താവളത്തിൽ

Published : Oct 20, 2025, 08:40 AM IST
 Hong Kong cargo plane crash

Synopsis

ദുബൈയിൽ നിന്ന് വന്ന ചരക്ക് വിമാനം ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയാണ് റൺവേയിൽനിന്ന് തെന്നിമാറി കടലിൽ പതിച്ചത്. റൺവേയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ഗ്രൗണ്ട് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചു.

ഹോങ്കോങ്: ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണ് രണ്ട് പേർ മരിച്ചു. ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രാദേശിക സമയം പുലർച്ചെ 3:50 ഓടെയാണ് അപകടം. എസിടി എയർലൈൻസിന്‍റെ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് എമിറേറ്റ്സ് അറിയിച്ചു.

ദുബൈയിൽ നിന്ന് വന്ന ചരക്ക് വിമാനം ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയാണ് റൺവേയിൽനിന്ന് തെന്നിമാറി കടലിൽ പതിച്ചത്. ബോയിങ് 747 ചരക്ക് വിമാനം വിമാനത്താവളത്തിന്‍റെ ഭിത്തിക്കരികെ കടലിൽ ഭാഗികമായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ചിത്രം പുറത്തുവന്നു. വിമാനത്തിന്റെ നോസ്, ടെയിൽ എന്നിവ വേർപെട്ട നിലയിലാണ്.

വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരെയും രക്ഷപ്പെടുത്തിയെന്ന് ഹോങ്കോങ് വിമാനത്താവളം പ്രസ്താവനയിൽ അറിയിച്ചു. അതേസമയം റൺവേയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ഗ്രൗണ്ട് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ വിമാനം പതിച്ചതിനെ തുടർന്ന് മരിച്ചതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

എമിറേറ്റ്സിന്‍റെ വിശദീകരണം

വിമാനം ഇറങ്ങുന്നതിനിടെ വടക്കു ഭാഗത്ത് റൺവേയിൽനിന്ന് തെന്നിമാറി കടലിലേക്ക് പതിക്കുകയായിരുന്നുവെന്ന് ഹോങ്കോങിലെ വ്യോമയാന വിഭാഗം പ്രസ്താവനയിൽ പറഞ്ഞു. ദുബൈയിലെ എമിറേറ്റ്‌സ് എയർലൈൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത് ഇകെ9788 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത് എന്നാണ്. എസിടി എയർലൈൻസിൽ നിന്ന് വാടകയ്‌ക്കെടുത്തതും അവർ പ്രവർത്തിപ്പിച്ചിരുന്നതുമായ ബോയിങ് 747 കാർഗോ വിമാനമായിരുന്നു അതെന്നും സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർ സുരക്ഷിതരാണ്. വിമാനത്തിൽ ചരക്ക് ഉണ്ടായിരുന്നില്ലെന്നും എമിറേറ്റ്‌സ് അറിയിച്ചു.

അപകടത്തിൽപ്പെട്ട വിമാനത്തിന് 32 വർഷം പഴക്കമുണ്ടെന്നും അത് ചരക്ക് വിമാനമാകും മുൻപ് യാത്രാ വിമാനമായിരുന്നുവെന്നും ഫ്ലൈറ്റ് ട്രാക്കിംഗ് സേവനമായ ഫ്ലൈറ്റ് റഡാർ24 പറഞ്ഞു. സംഭവം നഗരത്തിലെ എയർ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ അതോറിറ്റിയെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും ഹോങ്കോങ്ങിലെ സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

ലോകത്തിലെ ഏറ്റവും തിരക്കേറിയ കാർഗോ വിമാനത്താവളങ്ങളിലൊന്നായ ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ വടക്കൻ റൺവേ അപകടത്തെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. അതേസമയം തെക്ക്, മധ്യ റൺവേകൾ തുടർന്നും പ്രവർത്തിക്കുമെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നെഞ്ചിടിപ്പേറും, ഒന്ന് പാളിയാൽ മരണം! ലോകത്തിലെ ഏറ്റവും അപകടകരമായ റെയിൽപ്പാതകൾ
'ഇതൊരു യുദ്ധമല്ല, പ്രതികാരമാണ്', ഓപ്പറേഷൻ ഹോക്കൈ സ്ട്രൈക്ക് എന്ന പേരിൽ സിറിയയിൽ യുഎസ് സൈനിക നീക്കം; ലക്ഷ്യം ഐസിസിനെ തുടച്ചുനീക്കൽ