
കൊളംബോ: ശ്രീലങ്കയിലെ ഞായറാഴ്ച കുർബാനകൾ റദ്ദാക്കിയതായി കത്തോലിക്കാ സഭ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പള്ളികളിൽ കുർബാനകൾ ഇല്ല. കൂടുതൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് തീരുമാനം.
വിശ്വാസികൾ വീടുകളിൽ തന്നെ പ്രാർത്ഥിക്കണമെന്ന് ആർച്ച് ബിഷപ് മാൽക്കം രഞ്ജിത് പറഞ്ഞു. സുരക്ഷാ ഏജൻസികൾ സുരക്ഷാ മുന്നറിയിപ്പുകൾ സമയത്ത് അറിയിക്കാതിരുന്നതിനാൽ ചതിക്കപ്പെട്ട തോന്നലുണ്ടെന്നും താൻ അതീവ ദുഖിതനാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
ഇതിനിടെ ശ്രീലങ്കയിലെ ഭീകരത്താവളങ്ങളിൽ സൈന്യം റെയ്‍ഡ് നടത്തി. സ്ത്രീകളുടേതടക്കം 15 മൃതദേഹങ്ങള്‍ ഒളിത്താവളങ്ങളിൽ നിന്ന് കണ്ടെത്തിയതായി പ്രതിരോധ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. 70 ഐഎസ് ഭീകരർ ശ്രീലങ്കയിൽ ഒളിച്ചു കഴിയുന്നതായി സംശയമുണ്ടെന്ന് ശ്രീലങ്കൻ പ്രസിഡന്‍റ് മൈത്രി പാല സിരിസേന പറഞ്ഞിരുന്നു.
ശ്രീലങ്കയുടെ കിഴക്കൻ മേഖലകളിൽ ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയതായി റിപ്പോർട്ടുകളുണ്ട്. ബാട്ടിക്കലോവ നഗരത്തിന് സമീപം നിന്ന് ഐഎസ് പതാകകൾ കണ്ടെടുത്തതായും സൈന്യം പറഞ്ഞു. 150 ജലാറ്റിൻ സ്റ്റിക്കുകളും ആയിരക്കണക്കിന് സ്റ്റീൽ പെല്ലറ്റുകളും ഒരു ഡ്രോൺ ക്യാമറയും ഭീകരകേന്ദ്രത്തിൽ നിന്ന് കണ്ടെത്തിയതായി സൈനിക വക്താവ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam