ഇംഗ്ലണ്ടിലെ ഭൂരിപക്ഷ പദവി നഷ്ടമായി ക്രിസ്തുമതം; ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്‍റെ സ്വാധീനം കുറയ്ക്കണമെന്ന് ആവശ്യം

By Web TeamFirst Published Nov 30, 2022, 7:55 PM IST
Highlights

സെന്‍സസില്‍ ആദ്യമായാണ് ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജനസംഖ്യയുടെ പകുതിയിൽ താഴെ ജനങ്ങള്‍ തങ്ങളെ ക്രിസ്ത്യാനികള്‍ എന്ന് വിശേഷിപ്പിക്കുന്നത്. 2011ലെ സെന്‍സസിനെ അപേക്ഷിച്ച് 5.5 ദശലക്ഷം പേരുടെ കുറവാണ് ക്രിസ്തീയ വിശ്വാസികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.

ഭൂരിപക്ഷം ജനങ്ങളും ക്രിസ്തുമത വിശ്വാസികളെന്ന ഇംഗ്ലണ്ടിന്റെ സ്ഥാനം മാറുന്നു. ന്യൂനപക്ഷമായി ക്രിസ്തുമതവിശ്വാസം മാറുന്നതായി ഇംഗ്ലണ്ടില്‍ ഏറ്റവും ഒടുവില്‍ വന്ന സെന്‍സസ് വിശദമാക്കുന്നത്. പാര്‍ലമെന്‍റിലും സ്കൂളുകളിലുമുള്ള ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്‍റെ സ്വാധീനം കുറയ്ക്കണമെന്ന ആവശ്യം രാജ്യത്ത് ശക്തം. ലെസ്റ്ററും ബർമിംഗ്ഹാമുമാണ് ക്രിസ്തീയ വിശ്വാസികള്‍ ഭൂരിപക്ഷമുള്ള നഗരങ്ങള്‍. സെന്‍സസില്‍ ആദ്യമായാണ് ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജനസംഖ്യയുടെ പകുതിയിൽ താഴെ ജനങ്ങളാണ് തങ്ങളെ ക്രിസ്ത്യാനികള്‍ എന്ന് വിശേഷിപ്പിക്കുന്നത്. 2011ലെ സെന്‍സസിനെ അപേക്ഷിച്ച് 5.5 ദശലക്ഷം പേരുടെ കുറവാണ് ക്രിസ്തീയ വിശ്വാസികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.

സ്കൂളുകളിലും പഠന രീതികളിലും ഹൌസ് ഓഫ് ലോര്‍ഡ്സിലും ബിഷപ്പുമാര്‍ ഇരിക്കുന്ന രീതിയിലും മാറ്റം വരണമെന്ന ആവശ്യവും രാജ്യത്ത് ശക്തമായിട്ടുണ്ട്. ഇത് സംബന്ധിച്ച നിയമങ്ങളില്‍ അടിയന്തരമായി പരിഷ്കരണം വരണമെന്നാണ് ആവശ്യം. ഇംഗ്ലണ്ടിലും വെയില്‍സിലും മുസ്ലിം ജനസംഖ്യയില്‍ 2.7 ദശലക്ഷം പേരില്‍ നിന്ന് 2021 ല്‍ 3.9 ദശലക്ഷം പേരിലേക്ക് കൂടിയിട്ടുണ്ട്. 46.2 ശതമാനം ആളുകള്‍ ക്രിസ്തീയ വിശ്വാസികളെന്ന് പ്രഖ്യാപിക്കുമ്പോള്‍ 37.2 ശതമാനം ആളുകള്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്നാണ് വിശദമാക്കുന്നത്. 22 ദശലക്ഷം പേരോളമാണ് ഒരു വിശ്വാസരീതികളും പിന്തുടരുന്നില്ലെന്ന് വിശദമാക്കിയിട്ടുള്ലത്. നിലവിലെ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ ക്രിസ്തുമത വിശ്വാസികളേക്കാളും കൂടുതല്‍ ആളുകള്‍ ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ ആകുമെന്നാണ് സൂചനകള്‍ വിശദമാക്കുന്നത്. ഇംഗ്ലണ്ടിലെ വടക്കന്‍ മേഖലയിലാണ് ക്രിസ്തീയ വിശ്വാസികളുടെ ഏറ്റവും അധികം കൊഴിഞ്ഞ് പോക്ക് കാണുന്നത്.

പത്ത് വര്‍ഷത്തിന് മുന്‍പ് പത്തില്‍ ഏഴ് പേര്‍ ക്രിസ്തുമത വിശ്വാസികള്‍ ആയിരുന്ന ഇവിടങ്ങളില്‍ നിലവില്‍ പത്തുപേരില്‍ രണ്ട് പേര്‍ മാത്രമാണ് ക്രിസ്തുമതം പിന്തുടരുന്നത്. ചൊവ്വാഴ്ചയാണ് ഏറ്റവും പുതിയ സെന്‍സസ് കണക്കുകള്‍ പുറത്ത് വന്നത്. നമ്മള്‍ ജീവിക്കുന്ന സമൂഹം കൂടുതല്‍ സംസ്കാരങ്ങളെ ഉള്‍ക്കൊള്ളുന്ന നിലയിലേക്ക് മാറുന്നുവെന്നാണ് സെന്‍സസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോണ്‍ റോത്ത് സ്മിത്ത് പറയുന്നത്. 14ഓളം പ്രാദേശിക അധികാരികളുടെ കണക്കുകളഅ‍ അനുസരിച്ച് വെളുത്ത വംശജരേക്കാളും മറ്റ് വംശജരാണ് നിലവില്‍ ഇംഗ്ലണ്ടില്‍ കൂടുതലുള്ളത്. എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ ചാള്‍സ് രാജാവ് വിശ്വാസത്തിന്റെ സംരക്ഷകൻ, ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമോന്നത ഗവർണർ  എന്നീ പദവികള്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് സെന്‍സസ് കണക്കുകള്‍ പുറത്ത് വരുന്നത്. നിങ്ങളുടെ വിശ്വാസം എന്താണെങ്കിലും താന്‍ സേവന സന്നദ്ധനാണെന്ന് ചാള്‍സ് രാജാവ് വ്യക്തമാക്കിയിരുന്നെങ്കിലും രാജ വാഴ്ചയെ ഇതര വിശ്വാസികള്‍ എന്ത് വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്ന് ഉടനറിയാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

click me!