
കാൻസസ്: വസ്ത്രത്തിൽ അബദ്ധത്തിൽ മൂത്രമൊഴിച്ചതിന് ശിക്ഷയായി നാലു വയസ്സുകാരിയോട് ക്രൂരത. മൈനസ് ഡിഗ്രി സെൽഷ്യസില്‍ കൊടും തണുപ്പിൽ കുട്ടിയെ വീടിന് പുറത്ത് നിർത്തി. അമേരിക്കയിലെ കാൻസസിലെ മക്ഫെർസണിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് ബ്രാഡി ബർ (26) ഇയാളുടെ കാമുകി ആബി ബ്രാഡ്സ്ട്രീറ്റ് (36) എന്നിവർക്കെതിരെ കേസെടുത്തു.
സലീനയിൽ താമസിക്കുന്ന കുട്ടി മക്ഫെർസണിലുള്ള പിതാവിന്റെ വീട്ടിൽ സന്ദർശനത്തിന് എത്തിയപ്പോഴാണ് ക്രൂരതയ്ക്ക് ഇരയായത്. ഡിസംബർ ഏഴിന് ഇവർ വീടിന് പുറത്ത് ക്രിസ്മസ് അലങ്കാരങ്ങൾ ചെയ്യുന്നതിനിടെയാണ് കുട്ടി വസ്ത്രത്തിൽ മൂത്രമൊഴിച്ചത്. ഇതിൽ പ്രകോപിതരായ ഇരുവരും കുട്ടിയെ തടി കൊണ്ടുള്ള തവി ഉപയോഗിച്ച് അടിക്കുകയും, വസ്ത്രങ്ങൾ മാറ്റി അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഒരു മണിക്കൂറിലധികം തണുപ്പത്ത് പുറത്ത് നിർത്തിക്കുകയുമായിരുന്നു. പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴെ തണുപ്പുള്ള സമയത്താണ് കുട്ടിയെ ഇവർ പുറത്തുനിർത്തിയത്.
തവിട് കൊണ്ടുള്ള മർദ്ദനമേറ്റ് കുട്ടിയുടെ ശരീരത്തിൽ നീലിച്ച പാടുകളുണ്ടെന്ന് പൊലീസ് കണ്ടെത്തി. കുട്ടിയെ അമ്മയുടെ അടുത്ത് തിരികെ എത്തിച്ചപ്പോഴാണ് ക്രൂരത പുറത്തറിഞ്ഞത്. കുടുംബം ക്രിസ്മസ് ട്രീ ഒരുക്കുമ്പോൾ തനിക്ക് അതിന് യോഗ്യതയില്ലെന്ന് പറഞ്ഞ പിതാവ് മർദ്ദിച്ചതായും ക്രിസ്മസ് ട്രീ അലങ്കരിക്കുമ്പോൾ അതിൽ പങ്കുചേരാൻ അനുവദിച്ചില്ലെന്നും കുട്ടി വെളിപ്പെടുത്തി. ഏകദേശം 50 മിനിറ്റോളം കുട്ടിയെ തണുപ്പിൽ നിർത്തിയതായി കുട്ടിയുടെ സഹോദരനും മൊഴി നൽകി. ഡിസംബർ 8ന് വിവരമറിഞ്ഞെത്തിയ മക്ഫെർസൺ കൗണ്ടി പൊലീസ് പ്രതികൾക്കെതിരെ ബാല പീഡനം, കുട്ടികളെ അപകടത്തിലാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. അറസ്റ്റിലായ പ്രതികൾ നിലവിൽ ജാമ്യത്തിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam