കൊവിഡ് 19: "ഞങ്ങള്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല"; വിശദീകരണവുമായി ചൈന

By Web TeamFirst Published Mar 26, 2020, 7:17 AM IST
Highlights

ലോകത്തെ മുഴുവന്‍ ജനതയുടെയും ആരോഗ്യം സംരക്ഷിക്കാന്‍ ചൈനീസ് ജനത സഹിച്ച ത്യാഗം ചാപ്പകുത്തുന്നവര്‍ ബോധപൂര്‍വം മറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
 

ദില്ലി: കൊറോണവൈറസിനെ ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ ചൈന രംഗത്ത്. ചൈന വൈറസ് സൃഷ്ടിക്കുകയോ മനഃപൂര്‍വം പരത്താന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നും ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണെന്നും ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് ജി റോങ് പറഞ്ഞു. വൈറസിന്റെ പേരില്‍ ചൈനയെ മുദ്രകുത്താതെ മഹാമാരിക്കെതിരെ പോരാടുകയാണ് ഇപ്പോള്‍ വേണ്ടത്. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയുമായി എല്ലാ തരത്തിലും സഹകരിക്കും. ഇപ്പോള്‍ തന്നെ ഇരുരാജ്യങ്ങളും ആശയവിനിമയം തുടരുന്നുണ്ട്. ചൈനയില്‍ രോഗം പടര്‍ന്നപ്പോള്‍ ഇന്ത്യ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി. അതിന് ഞങ്ങള്‍ നന്ദി പറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൊറോണവൈറസിനെ ചൈനയുമായും വുഹാനുമായും ചേര്‍ത്ത് പറയരുതെന്ന്  ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരുന്നു. ലോകത്തെ മുഴുവന്‍ ജനതയുടെയും ആരോഗ്യം സംരക്ഷിക്കാന്‍ ചൈനീസ് ജനത സഹിച്ച ത്യാഗം ചാപ്പകുത്തുന്നവര്‍ ബോധപൂര്‍വം മറക്കുകയാണ്. വുഹാനിലാണ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തതെങ്കിലും ചൈനയാണ് വൈറസിന്റെ ഉറവിടമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വൈറസ് വ്യാപനമുണ്ടാകുമെന്ന് അറിഞ്ഞപ്പോള്‍ തന്നെ എല്ലാ ഗതാഗതമാര്‍ഗവും അടച്ചു. ഹുബെയ് ലോക്ക്ഡൗണാക്കി. ചൈനയുടെ നടപടികള്‍ സുതാര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അടക്കമുള്ളവര്‍ കൊറോണവൈറസിനെ ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിച്ചിരുന്നു. തുടര്‍ന്ന് അത്തരത്തില്‍ വിശേഷിപ്പിക്കരുതെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശം നല്‍കി. കൊവിഡ് 19 ലോകത്താകമാനം വ്യാപിച്ച് 186 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. മരണം 21000 കടന്നു. നാല് ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു..
 

click me!