
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്നുണ്ടായ ആഗോള ഊർജ്ജ പ്രതിസന്ധിയുടെ പ്രധാന ഗുണഭോക്താവായി ചൈന മാറിയെന്ന് വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള പ്രമുഖ ഉപദേശക സ്ഥാപനമായ 'ദി ഏഷ്യ ഗ്രൂപ്പ്' റിപ്പോര്‍ട്ട്. ഈ വാരം പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് മിഡിൽ ഈസ്റ്റിൽ നിന്നുള്ള അസംസ്‌കൃത എണ്ണയുടെയും മറ്റ് ഉൽപ്പന്നങ്ങളുടെയും വിതരണം തടസപ്പെട്ടത് ഏഷ്യൻ സമ്പദ്‌വ്യവസ്ഥകളെ എങ്ങനെ ബാധിച്ചുവെന്ന് വിശദീകരിക്കുന്നത്.
ഇന്ധന ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന ഭൂരിഭാഗം ഏഷ്യൻ രാജ്യങ്ങളെയും ഈ പ്രതിസന്ധി ദോഷകരമായി ബാധിച്ചപ്പോൾ, ചൈന തങ്ങളുടെ ഊർജ്ജ സ്രോതസ്സുകളിൽ വൈവിധ്യവത്കരണം കൊണ്ടുവന്നും അടിയന്തിര ശേഖരം പ്രയോജനപ്പെടുത്തിയും ഈ പ്രതിസന്ധിയെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തിലുണ്ടായ എണ്ണ പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാൻ സഹായിച്ച ചൈന, തങ്ങളുടെ ക്ലീൻ എനർജി സാങ്കേതികവിദ്യകളുടെ കയറ്റുമതി വലിയ തോതിൽ വർദ്ധിപ്പിക്കുകയും ചെയ്തു. ഇതിനുപുറമേ, ഇറാനിലെ യുദ്ധം പരിഹരിക്കുന്നതിൽ അമേരിക്കയേക്കാൾ മികച്ച നേതൃത്വം ചൈനയ്ക്കായിരിക്കുമെന്ന് അന്താരാഷ്ട്ര തലത്തിൽ സ്ഥാപിച്ചെടുക്കാനും ബീജിംഗിന് സാധിച്ചു.
"സാമ്പത്തികമായും ഭൗമരാഷ്ട്രീയപരമായും ഈ പ്രതിസന്ധിയെ തങ്ങളുടെ നേട്ടത്തിനായി ഉപയോഗിക്കുന്ന ബീജിംഗ്, ചൈനയെ ലോകത്തിലെ ഏറ്റവും വിശ്വസനീയവും സുസ്ഥിരവുമായ പങ്കാളിയായി ഉയർത്തിക്കാട്ടുകയാണ്. വ്യവസായ മേഖലയിൽ സ്വയംപര്യാപ്തത നേടാനുള്ള തങ്ങളുടെ തന്ത്രത്തിന്‍റെ വിജയമായാണ് ചൈന ഈ സാഹചര്യത്തെ കാണുന്നത്," ദി ഏഷ്യ ഗ്രൂപ്പ് റിപ്പോർട്ടിൽ എഴുതി.
എന്നാൽ, ആഗോള ഊർജ്ജ ക്ഷാമം ദീർഘകാലം തുടർന്നാൽ ഉണ്ടാകുന്ന വിലക്കയറ്റവും ആഗോള സാമ്പത്തിക മാന്ദ്യവും ചൈനയെയും ബാധിച്ചേക്കാം. സാമ്പത്തിക വളർച്ച നിലനിർത്താൻ കയറ്റുമതിയെ അമിതമായി ആശ്രയിക്കുന്ന ചൈനീസ് ഉൽപ്പന്നങ്ങളുടെ ആഗോള ഡിമാൻഡ് കുറയാൻ ഇത് കാരണമാകും. എങ്കിൽപ്പോലും, വരാനിരിക്കുന്ന വലിയ സാമ്പത്തിക പ്രതിസന്ധികളെയും ചാഞ്ചാട്ടങ്ങളെയും അതിജീവിക്കാൻ തക്ക ശക്തമായ നിലയിലാണ് ചൈന ഇപ്പോഴുള്ളതെന്ന് ഏഷ്യ ഗ്രൂപ്പ് വാദിക്കുന്നു. ചൈനയെ സംബന്ധിച്ചിടത്തോളം "ഇത് കൈകാര്യം ചെയ്യേണ്ട ഒരു പ്രശ്നം മാത്രമാണ്, മറിച്ച് മറികടക്കാൻ കഴിയാത്ത ഒരു പ്രതിസന്ധിയല്ല" എന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam