കൊവിഡ് 19 ഉത്ഭവം: യുഎസിന്‍റെ കുറ്റപ്പെടുത്തലുകള്‍ക്ക് മറുപടിയുമായി ചൈന

By Web TeamFirst Published Apr 22, 2020, 10:11 AM IST
Highlights

ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികള്‍ എന്ന നിലയില്‍ ചൈനയും അമേരിക്കയും കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കണം. അല്ലാതെ വിരല്‍ചൂണ്ടാനുള്ള സമയമല്ല. 

ബയ്ജിംഗ്: ലോകമാതെ പടര്‍ന്ന കൊവിഡ് 19 വൈറസ് ബാധയുടെ ഉത്ഭവം സംബന്ധിച്ച യുഎസിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചൈന. ഐക്യവും സഹകരണവുമാണ് ഇപ്പോള്‍ ആവശ്യമെന്നും അല്ലാതെ വിരല്‍ചൂണ്ടുകയും രാഷ്ട്രീയം പറയുകയുമല്ല വേണ്ടതെന്നും ചൈന പറഞ്ഞു. അമേരിക്കയില്‍ കൊവിഡ് ഏറ്റവുമധികം പടര്‍ന്ന ന്യൂയോര്‍ക്ക് നഗരത്തിന് നല്‍കിയ സഹായങ്ങളും ചൈന ചൂണ്ടിക്കാട്ടി.

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും അമേരിക്കന്‍ പ്രസിഡന്‍റ്  ഡോണള്‍ഡ് ട്രംപും മാര്‍ച്ച് 17ന് നടത്തിയ ഫോണ്‍ സംഭാഷണം ഈ മഹാമാരിയെ രണ്ട് രാജ്യങ്ങളും സഹകരിച്ച് നേരിടുന്നതിനെ കുറിച്ചായിരുന്നുവെന്ന് ചൈനയുടെ കോണ്‍സല്‍ ജനറല്‍ ഹുവാങ് പിങ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികള്‍ എന്ന നിലയില്‍ ചൈനയും അമേരിക്കയും കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കണം.

അല്ലാതെ വിരല്‍ചൂണ്ടാനുള്ള സമയമല്ല. ഐക്യത്തിന്‍റെ, സഹകരണത്തിന്‍റെ, പരസ്പര സഹായത്തിന്‍റെയെല്ലാം സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. നമ്മളെല്ലാം ഒരു ലോകത്താണ് ജീവിക്കുന്നത്. കൊവിഡിന് അതിര്‍ത്തികള്‍ അറിയില്ല. ഇങ്ങനെ ബഹുരാഷ്ട്രാവാദത്തിന്‍റെ പ്രാധാന്യമാണ് ചൈനയുടെ യുഎന്‍ അംബാസഡര്‍ സാങ് ജുന്‍ ഊന്നിപറഞ്ഞത്. കൊവിഡ് 19നെതിരെ തോല്‍പ്പിക്കാനുള്ള പോരാട്ടത്തില്‍ യുഎന്നിനെയും ലോകാരോഗ്യ സംഘടനയെയും സഹായിക്കുകയാണ് വേണ്ടത്.

പരസ്പരമുള്ള സഹകരണത്തെ തകര്‍ക്കുന്ന തടസങ്ങള്‍ മാറ്റി രാഷ്ട്രീയം മറന്ന് ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ,  ചൈനയില്‍ കൊറോണവൈറസ് ഉത്ഭവിച്ചത് എങ്ങനെയാണെന്ന് കണ്ടെത്താന്‍ സംഘത്തെ അയക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.  ചൈനയുമായി ഞങ്ങള്‍ ഇക്കാര്യം സംസാരിച്ചു.

അവിടെ പോകുന്നതിനെക്കുറിച്ചും സംസാരിച്ചു. ചൈനയില്‍ പോകണം. എന്താണ് അവിടെ നടക്കുന്നത് എന്നറിയണം. അവര്‍ ഞങ്ങളെ ക്ഷണിച്ചിട്ടൊന്നുമില്ല-ട്രംപ് പറഞ്ഞു. കൊവിഡ് വ്യാപനം ചൈന അറിഞ്ഞുകൊണ്ട് സംഭവിച്ചതാണെങ്കില്‍ തിരിച്ചടി നേരിടുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.

കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ ട്രംപ് ചൈനക്കെതിരെ രംഗത്തെത്തിയിരുന്നു. വുഹാനിലെ വൈറോളജി ലാബില്‍ നിന്നാണ് കൊറോണ വൈറസ് പുറത്തെത്തിയതെന്ന് ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തരം വാദത്തെ ചൈന തള്ളി. ചൈന പുറത്തുവിട്ട മരണക്കണക്കുകളിലും ട്രംപ് സംശയം പ്രകടിപ്പിച്ചിരുന്നു.

click me!