
ഷിയാൻ : ചൈനയിൽ (China) ഏറ്റവും ഒടുവിലായി കൊവിഡ് വ്യാപനം (Covid Spread) ഉണ്ടായിട്ടുള്ളത് ഷിയാൻ(Xi'an) പ്രവിശ്യയിലാണ്. അവിടെ 1.3 കോടിയോളം വരുന്ന ജനങ്ങളോട് സർക്കാർ അപ്രതീക്ഷിതമായി ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടതോടെ ഉടലെടുത്തിട്ടുള്ളത് കൊടിയ ഭക്ഷ്യദാരിദ്ര്യമാണ്. നിലവിൽ ഭക്ഷണം വാങ്ങാൻ വേണ്ടി പുറത്തുപോവാൻ പോലും അവർക്ക് അനുമതിയില്ല എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളെ വിശ്വസിച്ചാൽ, അവിടെ ഒരു കാബേജിന് പകരമായി ഒരു പാക്കറ്റ് സിഗരറ്റും, ഒരു നൂഡിൽസിന് പകരമായി വീഡിയോ ഗെയിം കൺസോളും ഒക്കെ ത്യജിക്കാൻ ആളുകൾ തയ്യാറാവുന്നുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്.
നിരവധി ചൈനീസ് പൗരന്മാർ ഇതിനോടകം തന്നെ തങ്ങളുടെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് പരാതികളുമായി സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തു വന്നുകഴിഞ്ഞു. പുറത്തേക്കിറങ്ങാൻ സർക്കാർ അനുമതി ഇല്ലാത്തതുകൊണ്ട് പട്ടിണി കിടക്കാതിരിക്കാൻ സ്വന്തം ബിൽഡിങ്ങിൽ ഉള്ളവരിൽ നിന്ന് ഭക്ഷണ സാധനങ്ങൾ വാങ്ങേണ്ട ഗതികേടാണ് പലർക്കും. ഇങ്ങനെ വാങ്ങുമ്പോൾ പലപ്പോഴും അവർക്ക് പകരമായി കൊടുക്കേണ്ടി വരുന്നത് ഏറെ വിലപ്പെട്ട വസ്തുക്കളാണ്. കുറച്ച് അരി കിട്ടാൻ വേണ്ടി കയ്യിലുള്ള സ്മാർട്ട് ഫോൺ പോലും കൊടുക്കകൻ ആളുകൾ തയ്യാറാവുന്ന അവസ്ഥയാണ് അവിടെ.
നിലവിൽ ചൈനയിലെ കൊവിഡ് വ്യാപനത്തിന്റെ കേന്ദ്ര ബിന്ദുവാണ് ഷിയാൻ പട്ടണം. ചൈനയിലെ ലോക്ക് ഡൌൺ ചട്ടങ്ങൾ സാമാന്യയുക്തിക്ക് നിരക്കാത്ത വിധത്തിൽ കർശനമാണ് എന്നും, അടുത്ത മാസം ബെയ്ജിങ്ങിൽ നടക്കാനിരിക്കുന്ന വിന്റർ ഒളിമ്പിക്സിന് മുമ്പ് രാജ്യം സമ്പൂർണ കോവിഡ് വിമുക്തമാക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള കടുത്ത നിയന്ത്രണങ്ങൾ എന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam