യുഎസ് ആക്രമണ ഭീഷണിയെ തുടർന്ന് ഇറാൻ തങ്ങളുടെ വ്യോമപാത ഭാഗികമായി അടച്ചു. ഇതോടെ എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ ബദൽ റൂട്ടുകൾ ഉപയോഗിക്കാൻ നിർബന്ധിതരായി. ഇത് വിമാന സർവീസുകളുടെ കാലതാമസത്തിന് കാരണമായേക്കാം. 

ടെഹ്റാൻ: യുഎസിന്‍റെ ആക്രമണ ഭീഷണിക്കിടെ ഇറാൻ വ്യോമപാത ഭാഗികമായി അടച്ചു. ഔദ്യോഗിക അനുമതിയുള്ള വിമാനങ്ങളെ മാത്രമേ പ്രവേശിപ്പിക്കൂ. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് ആകാശപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ഇറാന്‍ വ്യക്തമാക്കി. ഇതോടെ ബദൽ റൂട്ടുകളിലൂടെയാണ് എയർ ഇന്ത്യ, ഇൻഡിഗോ അടക്കമുള്ള വിമാനങ്ങൾ സർവീസ് നടത്തുന്നത്. യാത്രക്കാർക്കായി വിമാന കമ്പനികൾ പ്രത്യേക നിർദേശങ്ങൾ നൽകി.

അറിയിപ്പ് ലഭിച്ചതോടെ വിമാനങ്ങള്‍ ഇറാന്‍റെ ആകാശപാത ഒഴിവാക്കിയാണ് സ‍ഞ്ചരിക്കുന്നത്. വിമാനങ്ങള്‍ വൈകിയേക്കാമെന്നും യാത്രാസമയം സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ നോക്കി ഉറപ്പാക്കണമെന്നും വിമാന കമ്പനികള്‍ യാത്രക്കാർക്ക് നിർദേശം നൽകി.

"ഇറാൻ വ്യോമാതിർത്തി അടച്ചതോടെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത്, എയർ ഇന്ത്യ വിമാനങ്ങൾ ഇപ്പോൾ ബദൽ റൂട്ടിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത് കാലതാമസത്തിന് കാരണമായേക്കാം. റൂട്ട് മാറ്റാൻ കഴിയാത്ത വിമാനങ്ങൾ റദ്ദാക്കുകയാണ്. വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുമ്പ് യാത്രക്കാർ വിമാനങ്ങളുടെ സമയക്രമം പരിശോധിച്ച് ഉറപ്പുവരുത്തണം. ഈ അപ്രതീക്ഷിത തടസ്സം മൂലം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിക്കുന്നു"- എന്നാണ് എയർ ഇന്ത്യ അറിയിച്ചത്. ഇൻഡിഗോയും സമാന അറിയിപ്പ് നൽകി. 

Scroll to load tweet…

ഖത്തറിലെ എയർ ബേസിൽ നിന്ന് സൈനികരെ അതിവേഗം മാറ്റി യുഎസ്

യുഎസ് ആക്രമിച്ചാൽ അമേരിക്കൻ താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരുന്നു. ഇതോടെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളമായ ഖത്തറിലെ അൽ ഉദൈദ് താവളത്തിൽ നിന്ന് ചില ഉദ്യോഗസ്ഥരോട് ബുധനാഴ്ച വൈകുന്നേരത്തോടെ ഒഴിഞ്ഞുപോരാൻ അമേരിക്കൻ സൈന്യം നിർദേശിച്ചു. ഇറാൻ-അമേരിക്ക സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായാണ് ഈ നീക്കമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു.

ഇറാനിൽ പ്രക്ഷോഭകാരികളെ അടിച്ചമർത്തുന്ന നടപടി തുടർന്നാൽ സൈനികമായി ഇടപെടുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് മറുപടിയായി, തങ്ങളുടെ മണ്ണിൽ അമേരിക്കൻ ആക്രമണം ഉണ്ടായാൽ ഖത്തർ, സൗദി അറേബ്യ, യുഎഇ, തുർക്കി എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ തകർക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കി. കഴിഞ്ഞ ജൂണിൽ ഇറാന്‍റെ ആണവ നിലയങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ അൽ ഉദൈദ് താവളത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തർ സർക്കാരും തങ്ങളുടെ പൗരന്മാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Scroll to load tweet…