ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കടന്നതായും പതിനായിരത്തിലേറെ പേർ അറസ്റ്റിലായതായും റിപ്പോർട്ട്. പ്രക്ഷോഭത്തിൽ അമേരിക്ക സൈനികമായി ഇടപെട്ടാൽ അയൽരാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്
ടെഹ്‌റാൻ: സർക്കാർ വിരുദ്ധ കലാപം തുടരുന്ന ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കടന്നതായി റിപ്പോർട്ട്. 10,000 ത്തിലേറെ പേർ അറസ്റ്റിലായതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനുവരി 8 മുതൽ 12 വരെ നടന്ന പ്രക്ഷോഭത്തിലാണ് ഇത്രയേറെ പേർ കൊല്ലപ്പെട്ടത്. പ്രക്ഷോഭം ശക്തമായ പ്രദേശത്ത് ഇന്റർനെറ്റ് അടക്കം നിരോധിച്ചിരിക്കുകയാണ്. പ്രക്ഷോഭത്തിൽ അമേരിക്ക ഇടപെട്ടാൽ ഇറാന്റെ അയൽരാജ്യങ്ങളിലുള്ള അമേരിക്കയുടെ സൈനിക താവളങ്ങൾ ആക്രമിക്കുമെന്നാണ് ഇറാൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. യുഎഇ, ഖത്തർ, തുർക്കി സൌദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾക്കാണ് മുന്നറിയിപ്പ്. മുൻകരുതൽ എന്നനിലയിൽ ഖത്തറിലെ സൈനിക താവളത്തിൽ യുഎസും ബ്രിട്ടനും ആളുകളുടെ എണ്ണം കുറച്ചു.
പ്രക്ഷോഭകാരികളെ സഹായിക്കാൻ അമേരിക്ക സൈനികമായി ഇടപെടുകയാണെങ്കിൽ മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്കൻ സൈന്യത്തിന് സൗകര്യമൊരുക്കുന്ന അയൽരാജ്യങ്ങൾക്കാണ് മുന്നറിയിപ്പ്. ഇറാനിൽ സൈനിക നടപടി സ്വീകരിക്കുമെന്ന ഡോണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഇറാന്റെ ഈ പ്രത്യാക്രമണ നീക്കം.
ഇറാൻ ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ മേഖലയിലെ പ്രധാന യുഎസ് വ്യോമതാവളങ്ങളിൽ നിന്ന് ചില ഉദ്യോഗസ്ഥരോട് മാറിനിൽക്കാൻ നിർദ്ദേശം നൽകിയതായി നയതന്ത്ര പ്രതിനിധികൾ വെളിപ്പെടുത്തി. എന്നാൽ കഴിഞ്ഞ വർഷത്തെ മിസൈൽ ആക്രമണത്തിന് മുന്നോടിയായി നടന്നത് പോലെയുള്ള വലിയ തോതിലുള്ള സൈനിക പിന്മാറ്റം ഇതുവരെ ഉണ്ടായിട്ടില്ല. ഇറാൻ ഭരണകൂടത്തിനെതിരെ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭത്തിൽ ഇതുവരെ 2,600 പേർ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്.
ട്രംപിന്റെ ഇടപെടൽ ഉടനുണ്ടാകുമെന്ന് ഇസ്രായേൽ
ഇറാനിലെ സ്ഥിതിഗതികളിൽ സൈനികമായി ഇടപെടാൻ പ്രസിഡന്റ് ട്രംപ് തീരുമാനമെടുത്തതായാണ് ഇസ്രായേലിന്റെ വിലയിരുത്തൽ. എന്നാൽ ഈ സൈനിക നടപടിയുടെ വ്യാപ്തിയോ സമയമോ സംബന്ധിച്ച് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ലെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിച്ച ട്രംപ്, ഇറാന്റെ നീക്കങ്ങളെ നിരീക്ഷിച്ചു വരികയാണെന്നും ഏത് നിമിഷവും പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


