ചൈനീസ് റോക്കറ്റ് വിക്ഷേപണം പാളി, നഷ്ടമായത് ആറ് ഉപഗ്രഹങ്ങൾ, കോടികളുടെ നഷ്ടം

By Web TeamFirst Published Jul 10, 2020, 5:28 PM IST
Highlights

മൂന്നു വർഷത്തെ കാലതാമസത്തിനു ശേഷം നടന്ന പ്രഥമവിക്ഷേപണ ശ്രമമാണ് ഇപ്പോൾ പരാജയത്തിൽ കലാശിച്ചിട്ടുള്ളത്. 

ബെയ്ജിങ് : ക്വയ്‌സൗ 11(KZ11) എന്ന ചൈനയുടെ ആദ്യത്തെ സോളിഡ് ഫ്യൂവൽഡ് കാരിയർ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതായി ചൈനീസ് ന്യൂസ് ഏജൻസി CGTN റിപ്പോർട്ട് ചെയ്യുന്നു. ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്ന് ലിഫ്റ്റ് ഓഫ് ചെയത ശേഷം, ഉപഗ്രഹങ്ങളെ അവയുടെ ഭ്രമണപഥത്തിൽ എത്തിക്കുന്നതിന് മുമ്പാണ് ഈ റോക്കറ്റ് പരാജയപ്പെട്ടത്. KZ11 റോക്കറ്റ് ഭ്രമണപഥത്തിൽ എത്തുന്നതിൽ പരാജയപ്പെട്ടു എന്നും കൂടുതൽ സാങ്കേതിക വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല എന്നുമാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ചുള്ള അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. 

ചൈന എയ്‌റോസ്പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപറേഷൻ (CAISC) -യുടെ സബ്സിഡിയറിയായ എക്സ്പേസ് ടെക്‌നോളജി കോർപ്പറേഷനായിരുന്നു ഈ റോക്കറ്റ് വിക്ഷേപണത്തിനായി പരിശ്രമിച്ച ഏജൻസി. ആദ്യം പ്രഖ്യാപിച്ച തീയതികൾ നീണ്ടു നീണ്ടു പോയി ഒടുവിൽ മൂന്നു വർഷത്തെ കാലതാമസത്തിനു ശേഷം നടന്ന പ്രഥമവിക്ഷേപണ ശ്രമമാണ് ഇപ്പോൾ പരാജയത്തിൽ കലാശിച്ചിട്ടുള്ളത്. ചെലവ് കുറവുള്ള, 70.8 ടൺ ലിഫ്റ്റ് ഓഫ് മാസ്സുള്ള, സോളിഡ് ഫ്യൂവൽഡ് കാരിയർ റോക്കറ്റുകൾ ലോ എർത്ത് സൺ സിംക്രണസ് സാറ്റലൈറ്റുകൾ വിക്ഷേപിക്കാൻ വേണ്ടി ഡിസൈൻ ചെയ്യപ്പെട്ടവയായിരുന്നു. 

KZ പരമ്പരയിൽ ഇതിനു മുമ്പ് വിക്ഷേപിച്ച റോക്കറ്റുകളെക്കാൾ കൂടുതൽ വ്യാസവും ശേഷിയുമുള്ള KZ11 റോക്കറ്റിന് ഒരു ടൺ വരെ പേ ലോഡ് 700 കിലോമീറ്റർ വരെ ഉയരത്തിൽ എത്തിക്കാനുള്ള ശേഷിയുണ്ടെന്നാണ് കരുതപ്പെട്ടിരുന്നത്. മൂന്ന് സ്റ്റേജുകളുള്ള ഈ റോക്കറ്റ് ചൈനയുടെ ഡോങ്ഫാങ് 21 മിസൈലുകൾ അധിഷ്ഠിതമാക്കിയാണ് നിർമിച്ചിരുന്നത്. ദക്ഷിണ ചൈനാ സമുദ്രത്തിലുള്ള യുഎസ്എസ് റൊണാൾഡ്‌ റീഗൻ, യുഎസ്എസ് നിമിറ്റ്സ് എന്നീ അമേരിക്കൻ യുദ്ധക്കപ്പലുകൾ ലക്ഷ്യമിട്ട് ചൈന വികസിപ്പിച്ചെടുത്ത ദീർഘദൂര മിസൈലുകളാണ് ഡോങ്ഫാങ് 21.  ആറുപഗ്രഹങ്ങളെ നഷ്ടമാക്കിയ, കോടിക്കണക്കിനു ഡോളറിന്റെ നഷ്ടമുണ്ടാക്കിയ ഈ വിക്ഷേപണ പരാജയം ചൈനയുടെ ബഹിരാകാശ സ്വപ്നങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ്. 
 

click me!