
ബെയ്ജിങ്: യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ക്ഷണമേറ്റെടുത്ത് യുഎസ് സന്ദർശിക്കാൻ ഷി ജിൻപിങ് ഒരുങ്ങുന്നു. സെപ്റ്റംബർ 24ന് ഷി ജിൻപിങ് വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അറിയിച്ചു. ട്രംപിൻ്റെ ചൈനീസ് സന്ദർശനം പൂർത്തിയായതിനെ തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കവെയാണ് വാങ് യി ഇക്കാര്യം അറിയിച്ചത്.
അതേസമയം രണ്ട് ദിവസത്തെ ചൈനീസ് സന്ദർശനം പൂർത്തിയാക്കി ട്രംപ് മടങ്ങി. ഇരു രാജ്യങ്ങൾക്കും ഗുണകരമാകുന്ന അതിഗംഭീര വ്യാപാര കരാറുകളിൽ ധാരണയായെന്ന് ട്രംപ് സൂചിപ്പിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല. ഇക്കഴിഞ്ഞ ബുധനാഴ്ച ആണ് ട്രംപ് ചൈനീസ് തലസ്ഥാനമായ ബെയ്ജിങ് എത്തിയത്. കൃഷി, ഏവിയേഷൻ, ഇലക്ട്രിക് വാഹനം, എഐ അടക്കം വിവിധ രംഗങ്ങളുമായി ബന്ധപ്പെട്ട കമ്പനികളുടെ തലവന്മാരും ട്രംപിനെ അനുഗമിച്ചിരുന്നു.
ഇറാനുമായുള്ള യുദ്ധം പ്രധാന വിഷയമായിരുന്നെങ്കിലും ഇരുരാജ്യങ്ങളുടെയും കൂടിക്കാഴ്ചയിലെ പ്രധാന അജണ്ട വ്യാപാരവുമായി ബന്ധപ്പെട്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുന്ന കാര്യത്തിൽ ചൈന സഹായിക്കുമെന്ന് ട്രംപ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ചർച്ചകൾ വളരെ വിജയകരമായിരുന്നുവെന്ന് ട്രംപ് പ്രതികരിച്ചപ്പോൾ, യുഎസ് പ്രസിഡൻ്റിൻ്റെ സന്ദർശനത്തെ ചരിത്രപരവും നാഴികക്കല്ലുമെന്ന് ഷി ജിൻപിങ് വിശേഷിപ്പിച്ചു.
ചൈന 200 ബോയിങ് വിമാനങ്ങൾ വാങ്ങാൻ സമ്മതിച്ചതായി പ്രസിഡന്റ് ട്രംപ് മാധ്യമങ്ങളോട് അറിയിച്ചു. കൂടാതെ, ഭാവിയിൽ ഇത് 750 വിമാനങ്ങൾ വരെയായി വർധിപ്പിക്കാനുള്ള സാധ്യതയും അദ്ദേഹം മുന്നോട്ടുവെച്ചു. ചൈന ശതകോടിക്കണക്കിന് ഡോളറിന്റെ സോയാബീൻ വാങ്ങാൻ പോകുകയാണെന്നും ഈ വ്യാപാര കരാറുകളിൽ അമേരിക്കൻ കർഷകർ സന്തുഷ്ടരായിരിക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിൻ്റെ പ്രതികരണം സംബന്ധിച്ചു ചൈന സ്ഥിരീകരണം നൽകിയിട്ടില്ല.
അതേസമയം തീരുവ സംബന്ധിച്ചു തങ്ങൾക്കിടയിൽ ചർച്ചയായിട്ടില്ലെന്നും ട്രംപും അറിയിച്ചു. വൈറ്റ് ഹൗസ് അറിയിച്ചതനുസരിച്ച്, ഇറക്കുമതി നികുതി സംബന്ധിച്ച ചർച്ചകൾ വീണ്ടും ആരംഭിക്കാതെ തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൈകാര്യം ചെയ്യുന്നതിനായി ഒരുബോർഡ് ഓഫ് ട്രേഡ് രൂപീകരിക്കാൻ ഇരുനേതാക്കളും സമ്മതിച്ചു. അതിനിടെ, ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം തായ്‌വാൻ ആണെന്ന് ഷീ ജിൻപിങ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam