
ബെയ്ജിംഗ്: ചൈനയിൽ കൊറോണ വൈറസ് ബാധ ദ്രുതഗതിയിൽ പടരുന്നുവെന്ന് പ്രസിഡന്‍റ് ഷീ ജിൻപിങിന്‍റെ മുന്നറിയിപ്പ്. അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രസിഡന്‍റിന്‍റെ മുന്നറിയിപ്പ്. ഗൗരവമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വൈറസ് ബാധയിൽ 42 പേർ മരിച്ചുവെന്ന് ജിൻപിങ് സ്ഥിരീകരിച്ചു. വുഹാനിൽ മാത്രം 1400 പേർക്ക് വൈറസ് ബാധയേറ്റെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് ചൈനയിൽ കൂടുതൽ പടരുമെന്ന് യൂറോപ്യൻ ഗവേഷണ സംഘം മുന്നറിയിപ്പ് നൽകിയിരുന്നു. വൈറസ് ബാധിത ജില്ലകളിൽ യാത്രവിലക്ക് തുടരുകയാണ്.
ട്രെയിൻ സ്റ്റേഷൻ മിക്കതും അടച്ചിട്ടിരിക്കുകയാണ്.ഇന്നലെ മുതൽ വുഹാനിലെ മധ്യ ജില്ലകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്കുണ്ട്. വുഹാനിൽ 1000 കിടക്കകളുള്ള ആശുപത്രി നിർമ്മാണം തകൃതിയായി നടക്കുകയാണ്. ഈ മാസം തന്നെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
വുഹാൻ സ്ഥിതി ചെയ്യുന്ന ഹൂബെ മേഖലയിൽ സൈന്യത്തിന്‍റെ മെഡിക്കൽ സംഘവും എത്തിക്കഴിഞ്ഞു. ഇതിനിടെ കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച ചൈനീസ് ഡോക്ടര്‍ മരിച്ചിരുന്നു. വുഹാനില്‍ ചികിത്സ ഏകോപിപ്പിച്ച ലിയാങ് വുഡോങ് ആണ് മരിച്ചത്.
അതേസമയം കൊറോണ വൈറസ് യൂറോപ്പിലേക്കും വ്യാപിക്കുകയാണ്. ഫ്രാൻസിൽ മൂന്ന് പേർക്കും ഓസ്ട്രേലിയയിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam