ഇറാനും അമേരിക്കയും തമ്മിലുള്ള ആദ്യ ദിന ചർച്ചകൾ മസ്ക്കറ്റിൽ അതീവ രഹസ്യമായി അവസാനിച്ചു. ചർച്ചയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും കൂടുതൽ ചർച്ചകൾ നടക്കുമെന്ന സൂചനയുണ്ട്
മസ്ക്കറ്റ്: ഇറാനും അമേരിക്കയും തമ്മിലുള്ള ആദ്യ ദിന ചർച്ച മസ്ക്കറ്റിൽ അവസാനിച്ചു. ചർച്ചയിൽ ഉരുത്തിരിഞ്ഞ പ്രധാന തീരുമാനങ്ങളോ മറ്റ് ഔദ്യോഗിക വിവരങ്ങളോ ഇരുരാജ്യങ്ങളും അതീവ രഹസ്യമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങളൊന്നും ഇറാനും അമേരിക്കയും ഇതുവരെ പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ആദ്യ ദിന ചർച്ചകൾക്ക് ശേഷം ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചിയുടെ നേതൃത്വത്തിലുള്ള ഇറാനിയൻ പ്രതിനിധി സംഘം മടങ്ങി. രാജ്യതാൽപര്യം സംരക്ഷിച്ചുള്ള നിലപാടാണ് ഇറാന്റേതെന്നാണ് ചർച്ചകൾക്ക് മുന്നേ അബ്ബാസ് അരഗ്ച്ചി പറഞ്ഞത്. എന്തുവന്നാലും സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുനൽകിക്കൊണ്ടുള്ള സമവായത്തിന് ഇല്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം ഏറെ കാലത്തെ നയതന്ത്ര പ്രതിസന്ധികൾക്ക് ശേഷം നടന്ന ഈ കൂടിക്കാഴ്ചയെ അന്താരാഷ്ട്ര സമൂഹം വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.

സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുനൽകില്ല
അമേരിക്കയുമായുള്ള ആണവ ചർച്ചകളിലേക്ക് ഇറാൻ കടക്കുന്നതിന് മുന്നേ തന്നെ രാജ്യത്തിന്‍റെ നിലപാട് പ്രഖ്യാപിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ ഭീഷണിക്ക് ഇറാൻ വഴങ്ങില്ലെന്ന നിലപാട് ഖമനേയിയുടെ മുഖ്യ ഉപദേഷ്ടാവാണ് അറിയിച്ചത്. ആണവ ചർച്ചയിൽ വിട്ടുവീഴ്ചയില്ലെന്നും സമ്പുഷ്ടീകരിച്ച യുറേനിയം ഇറാൻ വിട്ടുനൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആണവ ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. എന്തുവന്നാലും സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുനൽകിക്കൊണ്ടുള്ള സമവായത്തിന് ഇല്ലെന്നാണ് ഇറാൻ പരമോന്നത നേതാവ് വ്യക്തമാക്കിയത്. അതുകൊണ്ടുതന്നെ അമേരിക്കയുമായി ആണവ ചർച്ചകൾ ഇക്കാര്യം മുൻ നിർത്തിയുള്ള നിലപാടാകും ഇറാൻ സ്വീകരിക്കുക.


