
വുഹാന്‍: രണ്ടുമാസത്തിനിടയില്‍ ആദ്യമായി കൊറോണ വൈറസിന്‍റെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ ചൈനയിലെ വുഹാന്‍. കൊറോണ വൈറസിന്‍റെ പ്രഭവകേന്ദ്രമായ വുഹാനില്‍ നിന്ന് ലഭിക്കുന്നത് പ്രതീക്ഷ നല്‍കുന്ന വിവരങ്ങളാണെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 81000ത്തില്‍ അധികം ആളുകളില്‍ വൈറസ് പടര്‍ന്നതിന് ശേഷം ആദ്യമായാണ് വുഹാനില്‍ നിന്ന് പുതിയ കേസുകള്‍ ഇല്ലാതിരിക്കുന്നതെന്നാണ് നിരീക്ഷണം. 2019 ഡിസംബറില്‍ ചൈനയിലെ വുഹാനിലാണ് കൊവിഡ് 19 സ്ഥിരീകരിക്കുന്നത്.
ലോകത്തെ വിവിധ സാമ്പത്തിക ശക്തികളായ രാജ്യങ്ങളെ വരെ ആശങ്കയിലാക്കിയ കൊറോണ വൈറസ് ഇതിനോടകം 8700 പേരുടെ ജീവന്‍ അപഹരിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ വൈറസ് സ്ഥിരീകരിച്ചത് 211000 ആളുകളിലാണ്. സാമൂഹ്യ സാമ്പത്തിക രംഗത്തെ കാര്യമായി ബാധിച്ചാണ് വൈറസ് ബാധ വ്യാപിക്കുന്നത്. ചൈനയിലെ വിവിധയിടങ്ങളില്‍ നിരവധിയാളുകളാണ് ഇനിയും കൂട്ട ക്വാറന്‍റൈനില്‍ തുടരുന്നത്.
വുഹാനില്‍ രോഗം സ്ഥിരീകരിക്കാന്‍ വൈകിയതോടെയായിരുന്നു വൈറസ് അതിവേഗം പടര്‍ന്നുപിടിച്ചത്. തുടര്‍ന്ന് വുഹാന്‍ പൂര്‍ണമായും അടച്ചു. 10 ദിവസങ്ങള്‍ക്കുള്ളില്‍ 1000 പേര്‍ക്കുള്ള ആശുപത്രിയടക്കം നിര്‍മിച്ചാണ് രോഗത്തെ ചൈന നിയന്ത്രിച്ചത്. വുഹാന്‍ പൂര്‍ണമായും അടച്ച അവസ്ഥയിലായിരുന്നു. വൈറസ് പിന്നീട് യൂറോപ്പിലും ഇറാനിലും അമേരിക്കയിലും പടര്‍ന്നു. ഇറ്റലിയില്‍ മരണം മൂവായിരത്തിനടുത്തെത്തി.
ഫ്രാന്‍സ്, സ്‌പെയിന്‍, ബ്രിട്ടന്‍ തുടങ്ങിയ പ്രധാന രാജ്യങ്ങളെല്ലാം കൊവിഡ് പിടിയിലാണ്. അമേരിക്കയിലും വൈറസ് പടര്‍ന്ന് പിടിച്ചു. വൈറസ് വുഹാനില്‍ എങ്ങനെയെത്തിയെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. മാംസ മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് വ്യാപനമുണ്ടായതെന്ന് നിഗമനത്തിലെത്തിയെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam