
ബൊഗോട്ട: സംഘടിച്ചെത്തിയ ആൾക്കൂട്ടം പട്ടാളക്കാരെ തട്ടിക്കൊണ്ട് പോയി. കൊളംബിയയിലെ തെക്ക് പടിഞ്ഞാറൻ മേഖലയായ മികായ് കന്യോനിലാണ് സംഭവം. സംഘടിച്ചെത്തിയ 200ഓള പേർ ചേർന്ന് സായുധ ധാരികളായ 57 സൈനികരെ തട്ടിക്കൊണ്ട് പോയതായാണ് കൊളംബിയൻ സൈന്യം വിശദമാക്കുന്നത്. ശനി, ഞായർ ദിവസങ്ങളിലാണ് തട്ടിക്കൊണ്ട് പോകൽ നടന്നതെന്നാണ് സൈന്യം വിശദമാക്കുന്നത്.
ശനിയാഴ്ച 31 സൈനികരെ തട്ടിക്കൊണ്ട് പോയ നാട്ടുകാർ 26 സൈനികരെ ഞായറാഴ്ചയാണ് തട്ടിക്കൊണ്ട് പോയത്. കൊളംബിയയിൽ 1964 മുതൽ ഗറില്ലാ സായുധ സമരം നടത്തുന്ന റെവല്യൂഷനറി ആംഡ് ഫോഴ്സ് ഓഫ് കൊളംബിയയുടെ സമ്മർദ്ദത്തിലാണ് നാട്ടുകാരുടെ അക്രമമെന്നാണ് സൈന്യം വിശദമാക്കുന്നത്. 2016ൽ കൊളംബിയൻ സർക്കാർ ഫാർക് ഗറില്ലാ പോരാളികളുമായി ധാരണയിൽ എത്തിയിരുന്നു. മികായ് കന്യോൻ മേഖലയിൽ കൊക്കെയ്ൻ നിർമ്മാണം വ്യാപകമായി നടക്കുന്നുണ്ടെന്നും ഗറില്ലാ സംഘങ്ങൾ മേഖലയിൽ സജീവമാണെന്നുമാണ് സൈന്യം വിശദമാക്കുന്നത്. തട്ടിക്കൊണ്ട് പോയ സൈനികരിൽ നാല് പേർ കമ്മീഷൻ ഉദ്യോഗസ്ഥരല്ലെന്നാണ് കൊളംബിയൻ സൈനിക അധികാരികൾ വിശദമാക്കിയത്.
ഇഎംസി എന്ന റിബൽ സംഘത്തിന്റെ സഹായത്തോടെയാണ് തട്ടിക്കൊണ്ട് പോവലെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. എന്നാൽ ഇതിനേക്കുറിച്ച് ഇഎംസി ഇനിയും പ്രതികരിച്ചിട്ടില്ല. ശനിയാഴ്ച ഇഎംസി നേതാക്കൻമാരിലൊരാൾ അറസ്റ്റിലായിരുന്നു. ഇതാണ് തട്ടിക്കൊണ്ട് പോകലിന് പ്രേരകമായിട്ടുള്ളതെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അറസ്റ്റിലായ ഗറില്ലാ പോരാളിയെ എയർ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് സൈനികരെ നാട്ടുകാരുടെ സംഘം വളഞ്ഞത്.
തൊട്ടടുത്ത ദിവസം ഇരുനൂറോളം പേരാണ് സൈനിക താവളം ആക്രമിച്ചത്. സൈനികരെ ഒരേയിടത്താണ് തടങ്കലിൽ പാർപ്പിച്ചിരിക്കുന്നതെന്നും മധ്യസ്ഥ ചർച്ചകൾ പുരോഗമിക്കുകയാണെന്നുമാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പസഫിക് തീരങ്ങളിലേക്ക് കൊക്കെയ്ൻ വലിയ രീതിയിൽ എത്തിക്കുന്നത് മകായ് കന്യോനിൽ നിന്നാണെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മേഖലയിലെ താമസക്കാരിൽ 90 ശതമാനവും കൊക്കെയ്ൻ നിർമ്മാണ ബന്ധപ്പെട്ടാണ് ഉപജീവനം നടത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം