
കാലിഫോർണിയ: കോൾഡ് പ്ലേയുടെ സംഗീതപരിപാടിക്കിടെയുണ്ടായ 'കിസ് കാം' വിവാദങ്ങളിൽ കുടുങ്ങിയ ആസ്‌ട്രോണമർ ജീവനക്കാരി ക്രിസ്റ്റീൻ കാബോട്ട് രാജി വച്ചു. നേരത്തെ വിവാദങ്ങൾക്ക് പിന്നാലെ ആസ്‌ട്രോണമർ സിഇഒ ആൻഡി ബൈറൺ രാജിവെച്ചിരുന്നു. ആസ്‌ട്രോണമറിലെ ചീഫ് പീപ്പിൾ ഓഫീസർ പദവിയിൽ നിന്നാണ് ക്രിസ്റ്റീൻ കാബോട്ട് രാജി വച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് യുഎസിലെ ബോസ്റ്റണിൽ നടന്ന കോൾഡ് പ്ലേയുടെ സംഗീത പരിപാടിക്കിടെയായിരുന്നു ആൻഡി ബൈറണും സഹപ്രവർത്തക ക്രിസ്റ്റിൻ കാബോട്ടും ആലിംഗനം ചെയ്ത് പരിപാടി ആസ്വദിക്കുന്നത് ലൈവ് ക്യാമറയിൽ പതിഞ്ഞത്.
വലിയ സ്ക്രീനിൽ തങ്ങളുടെ മുഖം കണ്ടയുടൻ ഇരുവരും പിടിവിട്ട് ഓടിയൊളിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ക്യാമറ ദൃശ്യങ്ങളിലുള്ള ആളുകളെ തിരിച്ചറിയുക കൂടി ചെയ്തതോടെ ഇരുവരും രൂക്ഷ വിമർശനമാണ് നേരിട്ടത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ആൻഡി ബൈറണും ക്രിസ്റ്റിൻ കാബോട്ടും വിവാഹേതര ബന്ധത്തിലാണെന്ന് ആരോപണം ഉയർന്നതിന് പിന്നാലെ ഇരുവരും സ്ഥാപനം വിടേണ്ടി വന്നത്. ഡാറ്റ, അനലിറ്റ്ക്സ്, ഇൻറലിജൻസ് സംബന്ധിയായ സ്ഥാപനമാണ് ആസ്‌ട്രോണമർ.
സംഭവത്തിന് ആൻഡി ബൈറണിന്റെ കുടുംബത്തിലും അസ്വാരസ്യമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അധ്യാപികയായ മേഗൻ കെറിഗനാണ് ബൈറന്റെ ഭാര്യ. ബന്ധത്തിൽ ഇരുവർക്കും രണ്ട് മക്കളുണ്ട്. മസാച്യുസെറ്റ്സിൽ താമസിക്കുന്ന പ്രശസ്തയായ ഒരു അധ്യാപികയാണ് മേഗൻ കെറിഗൻ. 50 കാരിയായ അവർ മസാച്യുസെറ്റ്സിലെ ബാൻക്രോഫ്റ്റ് സ്കൂളിലെ അസോസിയേറ്റ് ഡയറക്ടറാണ്. വീഡിയോ വൈറലായതിന് മണിക്കൂറുകൾക്ക് ശേഷം, അവർ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്ന് ഭർത്താവിന്റെ കുടുംബപ്പേര് നീക്കം ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം