
കുവൈറ്റ്: കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തിൽ കുവൈറ്റില്‍ മുഴുവൻ കത്തോലിക്കാ പള്ളികളും അടച്ചിടാൻ തീരുമാനം. നാളെ മുതൽ രണ്ട് ആഴ്ച്ചത്തേക്ക് പള്ളികൾ അടച്ചിടുമെന്ന് വികാരി ജനറൽ അറിയിച്ചു. പള്ളികളില്‍ വിശുദ്ധ കുര്‍ബ്ബാന , പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍, മതപഠന ക്ലാസ് എന്നിവ ഉണ്ടായിരിക്കില്ല. മാർച്ച് പതിനാലിന് ശേഷം ദേവാലയങ്ങൾ തുറക്കുന്ന കാര്യം ആരോഗ്യമന്ത്രാലയവുമായി ചർച്ച നടത്തി തീരുമാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ജനങ്ങൾ ഒന്നിച്ചു കൂടുന്നത് വൈറസ് പടരുന്നതിന് കാരണമാകുമെന്നതിനാലാണ് തീരുമാനം. നിലവിൽ 45 പേർക്കാണ് കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശക വിസ നല്‍കുന്ന നടപടികള്‍ സൗദി അറേബ്യ നിര്‍ത്തിവെച്ചു. കൊറോണ വൈറസ് ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈന, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാന്‍, മലേഷ്യ, സിംഗപ്പൂര്‍, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കില്ലെന്നാണ് ടൂറിസം മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
വിസ നല്‍കുന്നത് നിര്‍ത്തിവെച്ച ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ ഇതിനോടകം നേടിയ ടൂറിസ്റ്റം വിസകള്‍ താത്കാലികമായി മരവിപ്പിക്കുകയും ചെയ്തു. അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ടൂറിസ്റ്റം വിസകള്‍ അനുവദിക്കും. ഓണ്‍ അറൈവല്‍ വിസയും ഇ-വിസയും നേരത്തെ നിഷ്കര്‍ശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം തുടര്‍ന്നും അനുവദിക്കും. ടൂറിസം വിസയില്‍ സൗദി അറേബ്യയില്‍ പ്രവേശിക്കുന്നവര്‍ക്ക് മക്കയും മദീനയും സന്ദര്‍ശിക്കാന്‍ അനുമതിയുണ്ടാകില്ല. ഉംറ വിസകള്‍ അനുവദിക്കുന്നതിന് സൗദി അറേബ്യ നേരത്തെ തന്നെ നിയന്ത്രണം കൊണ്ടുവന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam