വുഹാനിൽ കൊറോണ വൈറസ് ബാധിച്ച് മറ്റൊരു ഡോക്ടർ കൂടി മരിച്ചു

By Web TeamFirst Published Feb 18, 2020, 3:35 PM IST
Highlights

കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച ഡോക്ടറും നഴ്സും മറ്റ് ജീവനക്കാരുമുൾപ്പടെ 1,700ലധികം പേർക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. ഇതിൽ ആറു പേരെങ്കിലും മരിച്ചിട്ടുണ്ടെന്നും ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. 

വുഹാൻ: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനിൽ മറ്റൊരു ഡോക്ടർ കൂടി മരണപ്പെട്ടതായി റിപ്പോർട്ട്. വുഹാൻ വുചാങ് ആശുപത്രി ഡയറക്ടറും ന്യൂറോ സർജറി വിദ​ഗ്ധനുമായ ലിയു ഷിമിംഗ് ആണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ലിയു ഷിമിംഗ് മരണപ്പെട്ടതെന്ന് ചൈനീസ് ഔദ്യോ​ഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ചൈനീസ് ഡോക്ടര്‍ ലീ വെന്‍ലിയാങ്ങും മരണപ്പെട്ടിരുന്നു. കൊറോണ വൈറസ് ബാധയെത്തുടര്‍ന്നാണ് മുപ്പത്തിനാലുകാരനായ ലീ വെന്‍ലിയാങ്ങ് മരിച്ചത്. ചൈനയിലെ വുഹാനില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നുവെന്ന് ആദ്യം ലോകത്തെ അറിയിച്ചത് ലീ ആയിരുന്നു. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്നു അദ്ദേഹം.

കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച ഡോക്ടറും നഴ്സും മറ്റ് ജീവനക്കാരുമുൾപ്പടെ 1,700ലധികം പേർക്ക് കൊറോണ ബാധിച്ചിട്ടുണ്ട്.  ഇതിൽ ആറു പേരെങ്കിലും മരിച്ചിട്ടുണ്ടെന്നും ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. വുഹാൻ, ഹുബെ എന്നിവിടങ്ങളിൽനിന്നുള്ള മെഡിക്കൽ‌ ജീവനക്കാർക്കാണ് കൂടുതലായും കൊറോണ ബാധിച്ചിട്ടുള്ളത്. ഡിസംബറിലായിരുന്നു വുഹാനിൽ വൈറസ് ബാധപൊട്ടിപ്പുറപ്പെട്ടത്.

Read More: കൊറോണ വൈറസ്: മുന്നറിയിപ്പ് നൽകിയ ഡോക്ടർ വൈറസ് ബാധ മൂലം മരിച്ചു

അതേസമയം, ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,800 ആയി. 73,000 പേർക്ക് വൈറസ് ബാധിച്ചതായാണ് റിപ്പോർട്ട്. ബീജിയിങ്, ഷാം​ഗായ് എന്നിവിടങ്ങളിൽനിന്നുള്ള വിദ​ഗ്ധ ഡോകടർമാരും നഴ്സുമാരും ഉൾപ്പടെ ഏകദേശം 25,000 മെഡിക്കൽ ജീവനക്കാരാണ് കൊറോണ വൈറസ് ബാധിച്ചവരെ പരിചരിക്കുന്നതിനായ് ഹുബെയിൽ എത്തിയത്. 

click me!