ബെയ്ജിങ്: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് കണ്ടെത്തി മുന്നറിയിപ്പ് നൽകിയ ഡോക്ടർ മരണത്തിന് കീഴടങ്ങി. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്ന ഡോക്ടര്‍ ലീ വെന്‍ലിയാങ്(34) ആണ് മരിച്ചത്. വുഹാനില്‍ കൊറോണ വൈറസ് ബാധ ഉണ്ടായെന്ന് ആദ്യമായി ലോകത്തെ അറിയിച്ച എട്ട് ഡോക്ടർമാരുടെ സംഘത്തിലെ ഒരാളായിരുന്നു ലീ. ഫെബ്രുവരി 7 പുലർച്ചെ 2.58 നാണ് ഇദ്ദേ​ഹം മരണപ്പെട്ടതെന്ന് പീപ്പിൾസ് ഡെയിലി തങ്ങളുടെ ട്വിറ്റർ പേജിലൂടെ വെളിപ്പെടുത്തി. കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ ഇതുവരെ 636 ആളുകളാണ് മരിച്ചത്. 31161 പേർക്ക് രോ​ഗബാധ കണ്ടെത്തിയിട്ടുണ്ടെന്നും നാഷണൽ ഹെൽത്ത് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കിൽ വെളിപ്പെടുത്തുന്നു. 

വുഹാനിൽ കൊറോണ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ടെന്ന് ഇക്കഴിഞ്ഞ ഡിസംബറിലാണ് ലീ മുന്നറിയിപ്പ് നൽകിയത്. ചൈനീസ് മെസേജിങ് ആപ്ലിക്കേഷനായ വീ ചാറ്റിലെ ഒരു ഗ്രൂപ്പിലാണ് ലീ ഇക്കാര്യം പങ്കുവച്ചത്. ലീയുടെ സഹപാഠികളായിരുന്നു ഈ ഗ്രൂപ്പിലെ അംഗങ്ങൾ. സർസിന് സമാനമായ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ടെന്ന വിവരമാണ് ലീ സഹപാഠികളുമായി പങ്കുവച്ചത്. 2003 ൽ ഇതേ വൈറസ് 800 പേരുടെ ജീവനെടുത്തിട്ടുണ്ടെന്നും വിശദീകരിച്ചു. അതിനാൽ സുഹൃത്തുക്കൾക്ക് രഹസ്യ മുന്നറിയിപ്പ് നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. എന്നാൽ ലീയുടെ  ഈ സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ഇതേത്തുടർന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ചു എന്നാരോപിച്ച് ലീയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.