കൊറോണയില്‍ വിറങ്ങലിച്ച് ചൈന; മരണം 361 ആയി

By Web TeamFirst Published Feb 3, 2020, 7:13 AM IST
Highlights

ഇന്നലെമാത്രം 57 മരണം റിപ്പോര്‍ട്ട് ചെയ്തു. 2,829 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 17,205 ആയി ഉയർന്നു.

ബെയ്ജിംഗ്: കൊറോണ വൈറസ് വ്യാപകമായി പടരുന്ന ചൈനയിൽ മരണം 361  ആയി. ഇന്നലെമാത്രം 57 മരണം റിപ്പോര്‍ട്ട് ചെയ്തു. 2,829 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 17,205 ആയി ഉയർന്നു. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനാണ് പുതിയ കണക്കുകള്‍ പുറത്തു വിട്ടത്. ഇന്നലെ വരെ കൊറോണയില്‍ ചൈനയില്‍ 304 മരണം എന്നായിരുന്നു റിപ്പോർട്ട്. 

കൊറോണ ഭീതിയില്‍ ചൈന തുടരവെ വിവിധ ലോകരാജ്യങ്ങള്‍ ചൈനയിലേക്കുള്ള വിമാന സർവീസുകളടക്കം നിര്‍ത്തിവയ്ക്കുകയാണ്. ഏറ്റവും ഒടുവിലായി ചൈനയിലേക്കുള്ള വിമാന സര്‍വ്വീസ് നിർത്തിവെച്ചതായി സൗദി എയർലൈൻസാണ് വ്യക്തമാക്കിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചൈനയിലേക്കും തിരിച്ചും സർവീസ് ഉണ്ടാകില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

കൊറോണ: തൃശ്ശൂരിൽ 20 പേർ നിരീക്ഷണത്തിൽ, വ്യാജവാർത്ത പ്രചരിപ്പിച്ച രണ്ട് സ്ത്രീകള്‍ അറസ്റ്റിൽ

അതിനിടെ ഭീതി വിതച്ച് കൊറോണ വൈറസ് ചൈനയിൽ പടരുമ്പോൾ ആവശ്യത്തിന് മാസ്കുകളും പ്രതിരോധ സാമഗ്രികളും കിട്ടാതെ വുഹാൻ നഗരം ദുരിതത്തിലാണ്. സംഭരിച്ച ടൺ കണക്കിന് മെഡിക്കൽ സാമഗ്രികൾ വിതരണം ചെയ്യാനാകാതെ കെട്ടിക്കിടക്കുമ്പോൾ റെഡ് ക്രോസിന്‍റെ ഏകോപനമില്ലായ്മായാണ് കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്. 

ആലപ്പുഴയില്‍ നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥിക്ക് കൊറോണ: കേരളത്തിലെ രണ്ടാമത്തെ കേസും സ്ഥിരീകരിച്ച്

കൊറോണ ബാധയുള്ളവരെ ചികിത്സിക്കുന്ന 7 ആശുപത്രികളാണ് വുഹാനിലുള്ളത്. ഇവിടെയെല്ലാം മെഡിക്കൽസാമഗ്രികൾക്ക് ക്ഷാമം നേരിടുകയാണ്. എന്നാൽ കൊറോണ ബാധിതരെ ചികിത്സിക്കാത്ത ആശുപത്രികളിൽ സാധനങ്ങൾ കെട്ടിക്കിടക്കുകയും ചെയ്യുന്നു. ജീവൻ പണയം വച്ച് തങ്ങൾ ജോലി ചെയ്യുമ്പോഴും റെഡ് ക്രോസിന്‍റെ ഏകോപനമില്ലായ്മയും കാര്യക്ഷമമല്ലാത്ത പ്രവർത്തനവുമാണ് ഈ അവസ്ഥക്ക് കാരണമെന്ന ആരോപണമാണ് ഡോക്ടർമാരും നഴ്സുമാരും ഉയർത്തുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച വസ്തുക്കൾ അർഹിക്കുന്ന കരങ്ങളിലെത്തിക്കാൻ റെഡ് ക്രോസിന് കഴിയുന്നില്ലെന്നും പരാതി ഉയരുന്നു. 

കൊറോണ വൈറസ്: ഒമാനില്‍ നിന്ന് ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി

 

click me!