വയനാട്ടിലേക്ക് ഒരു ചുരമില്ലാ റോഡ്, തുരങ്കപാതയുടെ ചെലവും അപകടവുമില്ല, വിലങ്ങാട്-വയനാട് പാത വന്നാല്‍നാട് മാറും!

Published : Jul 09, 2026, 05:09 PM IST
Vilangad wayanad Road

Synopsis

വയനാട്ടിലേക്ക് ചുരമില്ലാത്ത ഒരു പാത. വയനാട്ടുകാരുടെ ദീര്‍ഘകാല ആവശ്യത്തിനുത്തരമാണ് വാണിമേല്‍ വിലങ്ങാട് ചുരമില്ലാ പാത. എന്നിട്ടും എന്തുകൊണ്ടാണ് സര്‍ക്കാറും ഉന്നതരും ഈ പാതയെ പരിഗണിക്കാത്തത്? മൊയ്തു കെ അഹ്മദ് എഴുതുന്നു

വയനാട്ടിലേക്ക് ചുരമില്ലാത്ത റോഡിനു വേണ്ടിയുള്ള മുറവിളികള്‍ക്കിടയില്‍ കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന തുരങ്കപാത ദുരന്തത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായി. ശതകോടികള്‍ ചെലവിട്ട് നിര്‍മിക്കാന്‍ തീരുമാനിച്ച തുരങ്കപാതയ്ക്ക് ബദലാണ് വിലങ്ങാട്-വയനാട് ചുരമില്ലാ പാത. താരതേമ്യന ചെലവ് കുറവും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കുറഞ്ഞതുമായ ഈ പാത നിലവില്‍വന്നാല്‍ വമ്പന്‍ മാറ്റങ്ങളാണ് സംഭവിക്കുക-മൊയ്തു കെ അഹ്മദ് എഴുതുന്നു

 

ചുരങ്ങളാണ് വയനാടിന്റെ ജീവനാഡികള്‍. അതിമനോഹരമാണ് ചുരത്തിലൂടെയുള്ള യാത്ര. മഞ്ഞുമൂടിക്കിടക്കുന്ന സമയങ്ങളില്‍ ഈ വഴിക്ക് പോവുന്നത് നമ്മെ മറ്റൊരു അവസ്ഥയിലെത്തിക്കും. എന്നാല്‍, ഈ പറയുന്നത്ര മനോഹരമല്ല ഇവിടത്തെ പച്ചയായ യാഥാര്‍ത്ഥ്യം. അപകടങ്ങള്‍ പതിയിരിക്കുന്നതാണ് ഈ ചുരങ്ങള്‍. ഏത് സമയവും മണ്ണിടിച്ചിലുണ്ടാവാം. അപകടങ്ങള്‍ ഉണ്ടാവാം. വലിയ വാഹനങ്ങള്‍ അപകടത്തില്‍ പെടാം. ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടാം. മനോഹാരിത ആസ്വദിക്കാന്‍ പോയിട്ട്, ശ്വാസം കഴിക്കാന്‍ പോലും പറ്റാത്ത അരക്ഷിതാവസ്ഥകളെ മറികടക്കാന്‍ പെടാപ്പാട് പെടും.

ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് വയനാട്ടിലെ ചികില്‍സാ സൗകര്യങ്ങള്‍. മികച്ച സൗകര്യങ്ങളുള്ള ആശുപത്രികള്‍ കുറവായതിനാല്‍, ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് മരണത്തെ മുന്നില്‍ കണ്ട് ചുരമിറങ്ങി കോഴിക്കോട്ടേക്ക് ഓടേണ്ടി വരും. എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കേണ്ട രോഗികള്‍ പോലും ചുരത്തിലെ ദീര്‍ഘമായ ഗതാഗത തടസ്സങ്ങളില്‍ കുടുങ്ങുന്നത് പതിവാണ്. കുടുങ്ങിക്കിടക്കുന്ന ആംബുലന്‍സുകളില്‍ ചികില്‍സ കിട്ടാതെ മനുഷ്യര്‍ മരിക്കുന്നത് വയനാട്ടുകാര്‍ക്ക് പരിചിത അനുഭവമാണ്.

അപകടം നിറഞ്ഞ അഞ്ച് പാതകള്‍

മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വയനാട്ടിലേക്ക് പ്രവേശിക്കാന്‍ പ്രധാനമായും അഞ്ച് ചുരം റോഡുകളാണുള്ളത്. ഇവയില്‍ ഭൂരിഭാഗത്തിലും അപകടം നിറഞ്ഞ ഹെയര്‍പിന്‍ വളവുകള്‍ ഉണ്ട്.

1. താമരശ്ശേരി ചുരം: ഇതാണ് ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ രാജപാത. കോഴിക്കോടിനെ വയനാടുമായി (ലക്കിടി) ബന്ധിപ്പിക്കുന്ന ഈ പാത ദേശീയപാത 766-ന്റെ ഭാഗമാണ്. 9 ഹെയര്‍ പിന്‍ വളവുകളാണ് ഇവിടെ ഉള്ളത്. ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്.

2. കുറ്റ്യാടി ചുരം: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയെയും വയനാട്ടിലെ മാനന്തവാടിയെയും (പക്രംതളം) ബന്ധിപ്പിക്കുന്ന പാതയാണിത്. വടക്കന്‍ മലബാറില്‍ നിന്നുള്ളവര്‍ക്ക് വയനാട്ടിലെത്താന്‍ എളുപ്പവഴിയാണിത്.

12 ഹെയര്‍പിന്‍ വളവുകളാണ് ഇവിടെയുള്ളത്. താമരശ്ശേരി ചുരത്തെ അപേക്ഷിച്ച് ഇവിടെ വളവുകള്‍ കൂടുതലാണെങ്കിലും തിരക്ക് അല്പം കുറവാണ്.

3. പാല്‍ച്ചുരം: കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരിനെ വയനാട്ടിലെ അമ്പായത്തോട്, ബോയ്‌സ് ടൗണ്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന പാതയാണിത്. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും മട്ടന്നൂര്‍ ഭാഗത്തുനിന്നും വയനാട്ടിലേക്ക് വരാന്‍ ഈ റൂട്ടാണ് ഉപയോഗിക്കുന്നത്. നാല് ഹെയര്‍ പിന്‍ വളവുകളേ ഉള്ളൂ എങ്കിലും കുത്തനെയുള്ള കയറ്റമാണ് ഇവിടെ. അതിനാല്‍ അപകടകരവുമാണ്.

4. നാടുകാണി ചുരം: മലപ്പുറം ജില്ലയിലെ നിലമ്പൂരിനെ വയനാടിന്റെ അതിര്‍ത്തിയായ തമിഴ്നാട്ടിലെ ഗൂഡല്ലൂരുമായി ബന്ധിപ്പിക്കുന്ന പാതയാണിത്. അവിടെനിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാം. പ്രധാനമായി രണ്ട് വലിയ ഹെയര്‍പിന്‍ വളവുകളാണ് ഇവിടെയുള്ളത്.

5. പെരിയ ചുരം: കണ്ണൂരിലെ തലശ്ശേരി, ഇരിട്ടി ഭാഗങ്ങളില്‍ നിന്ന് മാനന്തവാടിയിലേക്ക് പ്രവേശിക്കാനുള്ള പാതയാണിത്. കണ്ണൂരില്‍ നിന്നുള്ള മറ്റൊരു ബദല്‍ മാര്‍ഗ്ഗം. 2 ഹെയര്‍ പിന്‍ വളവുകളാണ് ഇവിടെയുള്ളത്. അപകടകരം തന്നെയാണ് ഈ പാതയും.

 

 

ചുരമില്ലാത്ത തുരങ്ക പാത; അതുയര്‍ത്തുന്ന അപകടഭീഷണി

ഈ സാഹചര്യങ്ങള്‍ ഒത്തുവരുന്നതിനാലാണ്, ചുരത്തിനപ്പുറമുള്ള റോഡ് സാധ്യതകള്‍ വയനാട്ടുകാര്‍ സ്വപ്‌നം കാണുന്നത്. ആ സ്വപ്‌നം സഫലമാക്കാനെന്ന വിധമാണ്, കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാര്‍ തുരങ്കപാത എന്ന ആശയവുമായി രംഗത്തുവന്നത്. മലപ്പുറം-കോഴിക്കോട് അതിര്‍ത്തിയായ ആനക്കാംപൊയിലില്‍ നിന്ന് വയനാട്ടിലെ മേപ്പാടി (കല്ലാടി) വരെയാണ് ഈ പാത. ഇരട്ടത്തുരങ്കങ്ങളിലൂടെ യാത്ര സാധ്യമാക്കാന്‍ ലക്ഷ്യമിട്ട ഈ പാത പക്ഷേ, കാലാവസ്ഥാ മാറ്റത്തിന്റെ പുതിയ കാലത്ത് അത്യന്തം അപകടകരമാണെന്ന് വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പരിസ്ഥിതിയില്‍ ഏല്‍പ്പിക്കുന്ന ചെറിയ ആഘാതം പോലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വയനാട്ടിലെ പരിസ്ഥിതി ലോല പ്രദേശങ്ങളെ ഗുരുതരമായി ബാധിക്കും ഇത്തരമൊരു തുരങ്ക പാത എന്ന മുന്നറിയിപ്പുകള്‍ വകവെയ്ക്കാതെയാണ് കഴിഞ്ഞ സര്‍ക്കാര്‍ ഈ പാതയുമായി മുന്നോട്ടുപോയത്.

മുന്നറിയിപ്പുകള്‍ സത്യമാണെന്ന് തെളിയിക്കുന്ന വിധമാണ് ഇക്കഴിഞ്ഞ ദിവസം തുരങ്ക പാതയുടെ കവാടത്തില്‍ വലിയ ദുരന്തമുണ്ടായത്. കനത്ത മഴയെത്തുടര്‍ന്ന് ഉണ്ടായ വന്‍ മണ്ണിടിച്ചിലാണ് ദുരന്തമായി മാറിയത്. തുരങ്ക നിര്‍മാണത്തിനായി ഖനനം ചെയ്ത് കൂട്ടിയിട്ട മണ്ണും പാറക്കൂട്ടങ്ങളും മീനാക്ഷി പാലത്തിന് സമീപമുള്ള നിര്‍മാണ മേഖലയിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ മരണപ്പെട്ടു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. അഞ്ചോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ദുരന്തത്തെക്കുറിച്ച് സാങ്കേതികവും നിയമപരവുമായ തലങ്ങളില്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ തുരങ്കപ്പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ചൂരല്‍മല - മുണ്ടക്കൈ ദുരന്തത്തിന്റെ രണ്ടാം വാര്‍ഷികത്തിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ, അതിനോട് വളരെ അടുത്തുള്ള കല്ലാടിയിലുണ്ടായ ഈ ദുരന്തം വയനാട്ടിലെ പരിസ്ഥിതി സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ്.

ഇതാ ചുരമില്ലാത്ത ഒരു വയനാടന്‍ പാത!

ഈ പശ്ചാത്തലത്തിലാണ് പതിറ്റാണ്ടുകളായി പ്രദേശവാസികള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന വിലങ്ങാട് - വയനാട് ചുരമില്ലാപ്പാത എന്ന ആശയം വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നത്. താമരശ്ശേരി ചുരത്തിലെയും കുറ്റ്യാടി ചുരത്തിലെയും കടുത്ത ഗതാഗതക്കുരുക്കുകള്‍ക്കും ഹെയര്‍പിന്‍ വളവുകളിലെ അപകടങ്ങള്‍ക്കും ശാശ്വത പരിഹാരമായി ഈ പാത വിലയിരുത്തപ്പെടുന്നു.

കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്തുള്ള വിലങ്ങാട് എന്ന മലയോര ഗ്രാമത്തില്‍ നിന്നാരംഭിച്ച് വയനാട് ജില്ലയിലെ കുഞ്ഞിപ്പീടിക/കുങ്കിച്ചിറ (കുഞ്ഞോം) ഭാഗത്തേക്കാണ് ഈ പാത വിഭാവനം ചെയ്തിരിക്കുന്നത്. കുങ്കിച്ചിറ വരെ നിലവില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള റോഡ് സൗകര്യമുണ്ട്. വനമേഖലയിലൂടെയുള്ള കുറഞ്ഞ ദൂരം മാത്രം ബന്ധിപ്പിച്ചാല്‍ ഈ രണ്ട് ജില്ലകളെയും എളുപ്പത്തില്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കും.

കുത്തനെയുള്ള കയറ്റങ്ങളോ അപകടം നിറഞ്ഞ ഹെയര്‍പിന്‍ വളവുകളോ ഇല്ലെന്നതാണ് ഈ പാതയുടെ ഏറ്റവും വലിയ സവിശേഷത. സാധാരണക്കാര്‍ക്കും വലിയ ചരക്കുവാഹനങ്ങള്‍ക്കും സുരക്ഷിതമായി യാത്ര ചെയ്യാം. കോഴിക്കോടിന്റെ തീരദേശ/മലയോര മേഖലകളില്‍ നിന്നും വടക്കന്‍ മലബാറില്‍ നിന്നും വയനാട്ടിലേക്കും അവിടെനിന്ന് മൈസൂര്‍, ബംഗളൂരു തുടങ്ങിയ കര്‍ണാടക നഗരങ്ങളിലേക്കും കുറഞ്ഞ സമയം കൊണ്ട് എത്തിച്ചേരാനാകും. കാലവര്‍ഷത്തില്‍ താമരശ്ശേരി ചുരത്തിലോ കുറ്റ്യാടി ചുരത്തിലോ മണ്ണിടിച്ചില്‍ ഉണ്ടാകുമ്പോള്‍ തടസ്സമില്ലാത്ത യാത്രാ സംവിധാനമായി ഇത് മാറും.

പാത കടന്നുപോകേണ്ട വലിയൊരു ഭാഗം പെരിയ ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള വനഭൂമിയാണ്. റോഡ് നിര്‍മാണത്തിനായുള്ള പ്രാഥമിക പരിശോധനയും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന വനം വന്യജീവി വകുപ്പുകളുടെ കര്‍ശനമായ അനുമതിയും ലഭിക്കേണ്ടതുണ്ട്. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഈ പ്രദേശം അതീവ പരിസ്ഥിതി ലോലവുമാണ്. എന്നാല്‍, തുരങ്കപ്പാത അടക്കമുള്ള സാധ്യതകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ചെലവു കുറഞ്ഞതും സൗകര്യപ്രദവുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

 

ചുരമില്ലാപ്പാത യാഥാര്‍ത്ഥ്യമായാല്‍..

നിര്‍ദ്ദിഷ്ട വിലങ്ങാട് - വയനാട് റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഹെയര്‍പിന്‍ വളവുകളോ കഠിനമായ കയറ്റങ്ങളോ ഇല്ലാതെ തന്നെ വയനാട് അതിര്‍ത്തിയില്‍ എത്തിച്ചേരാന്‍ സാധിക്കും. 'ചുരമില്ലാ പാത' എന്ന സവിശേഷത തന്നെയാണ് ഈ പദ്ധതിയെ മറ്റ് മലയോര പാതകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ വാണിമേല്‍ ഗ്രാമപഞ്ചായത്ത് മുന്‍ ഭരണസമിതി ഗവണ്‍മെന്റിലേക്ക് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വാണിമേല്‍ ഗ്രാമപഞ്ചായത്തിനു വേണ്ടി മുന്‍ പ്രസിഡന്റ് പി. സുരയ്യ ടീച്ചര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം, വയനാട്ടിലെ കുഞ്ഞോം (കുങ്കിച്ചിറ) ഭാഗവും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് വനാതിര്‍ത്തിക്കുള്ളിലെ വെറും 7 കിലോമീറ്റര്‍ വനഭൂമി മാത്രമാണ് നിലവില്‍ പ്രധാന തടസ്സമായി നില്‍ക്കുന്നത്. ഇതില്‍ തന്നെ മൂന്ന് കിലോമീറ്ററോളം വനപാത നിലവിലുണ്ട്. ഈ 7 കിലോമീറ്റര്‍ ഭാഗം വികസിപ്പിച്ചെടുത്താല്‍, ഹെയര്‍പിന്‍ വളവുകളില്ലാത്ത, പാത എന്ന സ്വപ്‌നം സഫലമാവും.

ഭാവിയില്‍ വരാന്‍ സാധ്യതയുള്ള 'തലശ്ശേരി - മൈസൂര്‍ റെയില്‍വേ പാത ഈ നിര്‍ദ്ദിഷ്ട റോഡിന് സമീപത്തുകൂടിയാണ് വിഭാവനം ചെയ്തിരിക്കുന്നത്്. അങ്ങിനെ വരികയും റെയില്‍-റോഡ് കണക്റ്റിവിറ്റി ഉര്‍പ്പാവുകയും ചെയ്യുന്നതോടെ വടക്ക്-കിഴക്കന്‍ മലയോര മേഖലയുടെ വികസനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരും. ഭാവിയില്‍ അന്തര്‍സംസ്ഥാന ചരക്ക് നീക്കത്തിനും വിനോദസഞ്ചാരത്തിനും ഇത് വലിയ കരുത്താകും. വടകരയില്‍ നിന്ന് മൈസൂരിലേക്ക് നിലവില്‍ 200 കിലോമീറ്ററിലധികം ദൂരമുണ്ട്. ഈ പുതിയ പാത വന്നാല്‍, ഇത് ഏകദേശം 160 കിലോമീറ്ററായി ചുരുങ്ങും. അതായത് 40 മുതല്‍ 50 കിലോമീറ്ററോളം യാത്രാ ലാഭമാണ് യാത്രക്കാര്‍ക്ക് ലഭിക്കുന്നത്.

മറ്റു മേഖലകള്‍ക്കും നേട്ടം

പാത യാഥാര്‍ത്ഥ്യമാകുന്നതോടെ വടക്കന്‍ മലബാറിലെ വിനോദസഞ്ചാര മേഖലയ്ക്കും പുത്തന്‍ ഉണര്‍വ് ലഭിക്കും. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളുടെ വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന, അധികമാരുടെയും കാല്‍പാടുകള്‍ പതിയാത്ത 'നാദാപുരം മുടി' സന്ദര്‍ശകര്‍ക്കായി തുറക്കപ്പെടും. മാനന്തവാടിയില്‍ നിന്നും വെറും 20 കിലോമീറ്റര്‍ മാത്രം അകലെയുള്ള മനോഹരമായ ഈ മലയിലേക്ക് വിലങ്ങാട് വഴി 7 കിലോമീറ്റര്‍ ഓഫ് റോഡ് യാത്ര ചെയ്താല്‍ എത്തിച്ചേരാം. ചരിത്രപ്രസിദ്ധമായ നാദാപുരം പള്ളിയും ചെമ്പ്ര പീക്കും ദൂരെ ചുരത്തിന്റെ മനോഹരമായ കാഴ്ചകളും ഇവിടെ നിന്നും ആസ്വദിക്കാന്‍ കഴിയും.

വയനാട് ജില്ലയിലെ തൊണ്ടര്‍നാട് പഞ്ചായത്തിനോടും കണ്ണൂര്‍ ജില്ലയിലെ കേളകം പഞ്ചായത്തിനോടും അതിര് പങ്കുവെക്കുന്ന പ്രദേശമാണ് വിലങ്ങാട്. വിലങ്ങാട് നിന്നും വടകര, കുറ്റ്യാടി, കോഴിക്കോട് ഭാഗങ്ങളിലേക്കും, തൊണ്ടര്‍നാട് വഴി മാനന്തവാടി, കല്‍പറ്റ, മൈസൂര്‍, കുട്ട ഭാഗങ്ങളിലേക്കും, കേളകം വഴി തലശ്ശേരി, കണ്ണൂര്‍ എയര്‍പോര്‍ട്ട്, കൊട്ടിയൂര്‍ ഭാഗങ്ങളിലേക്കും എളുപ്പം എത്തിച്ചേരാം.

ആത്മീയ കേന്ദ്രങ്ങളായ കൊട്ടിയൂര്‍ ക്ഷേത്രം, തിരുനെല്ലി ക്ഷേത്രം, വട്ടിയൂര്‍ക്കാവ് ക്ഷേത്രം, ലോകനാര്‍കാവ് ക്ഷേത്രം, കുഞ്ഞോം ജുമാ മസ്ജിദ്, വെള്ളിയോട് തങ്ങളുടെ മഖാം, എന്നിവയെയും വിനോദ സഞ്ചാര കേന്ദ്രങ്ങളായ തിരിയക്കയം വെള്ളച്ചാട്ടം, ചന്ദനത്താം കുണ്ട്, തോണിക്കയം, നാദാപുരം മുടി, പുള്ളുവാപ്പുഴ, വാണിമേല്‍ പുഴ, കന്നുകുളം തടാകം, പന്നിമേരി, കുങ്കിച്ചിറ തടാകം, കുങ്കിച്ചിറ കാവ്, കണ്ണവം വനം, വാളൂക്ക് പുള്ളിപ്പാറ, കൊരണമ്പാറ, ഉറിതൂക്കി മല, പക്ഷിപാതാളം, ബ്രഹ്മഗിരി മലനിരകള്‍, പഴശ്ശി കോട്ട, തലയ്ക്കല്‍ ചന്തുവിന്റെയും കുറൂളി ചെക്വേന്റെയും ജന്മസ്ഥലം, മാനന്തവാടി ബിഷപ്പ് ഹൗസ്, പഴശ്ശിരാജ മ്യൂസിയം തുടങ്ങിയവയെയും പരസ്പരം ബന്ധിപ്പിക്കാന്‍ ഈ കോറിഡോറിന് സാധിക്കും.

ഇത് തലശ്ശേരി, വടകര, കൂത്തുപറമ്പ്, മട്ടന്നൂര്‍, നാദാപുരം, മാനന്തവാടി എന്നീ പ്രമുഖ ടൗണുകള്‍ തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ അതിര്‍ത്തികള്‍ കടന്ന് മുന്‍നിര സ്ഥാപനങ്ങളില്‍ എത്താനും വഴിയൊരുക്കും.

ബദല്‍ പാതയുടെ പ്രാധാന്യം

തൂണേരി ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന വാണിമേലില്‍ നിന്നും ഏകദേശം എട്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ പാതയുടെ പ്രവേശന കവാടമായ വിലങ്ങാട് എത്താം. പോയ വര്‍ഷങ്ങളില്‍ വിലങ്ങാട് മേഖലയിലുണ്ടായ ഭീകരമായ ഉരുള്‍പൊട്ടലുകളും പ്രകൃതിക്ഷോഭങ്ങളും ഈ പാതയുടെ പ്രസക്തി എത്രത്തോളമാണെന്ന് ലോകത്തിന് കാണിച്ചുതന്നു. ദുരന്തസമയത്ത് പ്രധാന റോഡുകളും പാലങ്ങളും തകര്‍ന്ന് ഒരു പ്രദേശം മുഴുവന്‍ ദിവസങ്ങളോളം ഒറ്റപ്പെട്ടുപോയത് നാം കണ്ടതാണ്. ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനും തടസ്സമില്ലാതെ വൈദ്യസഹായം എത്തിക്കാനും വയനാട് അതിര്‍ത്തിയുമായി ബന്ധിപ്പിക്കുന്ന ഈ ബദല്‍ പാതയിലൂടെ സാധിക്കും.

റോഡിന്റെ ചെറിയ ഭാഗം ഭാഗം വനമേഖലകളിലൂടെ കടന്നുപോകുന്നതിനാല്‍ കേന്ദ്ര-സംസ്ഥാന വനംവകുപ്പുകളുടെ കര്‍ശനമായ അനുമതി ലഭ്യമാക്കുക എന്നതാണ് പ്രധാന വെല്ലുവിളി. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ ആശങ്കകള്‍ പൂര്‍ണ്ണമായും പരിഹരിച്ചുകൊണ്ട് 'പരിസ്ഥിതി സൗഹൃദ പാത' എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ കഴിയും. വനം നശിപ്പിക്കുകയോ വന്‍തോതില്‍ മരംമുറിക്കുകയോ ചെയ്യാതെ, പണ്ടുകാലത്ത് നിലനിന്നിരുന്ന കാട്ടുപാതകള്‍ പുനരുദ്ധരിച്ച് നവീകരിച്ചാല്‍ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാതെ ഈ റോഡ് യാഥാര്‍ത്ഥ്യമാക്കാം. വന്യജീവികള്‍ക്ക് തടസ്സമാകാത്ത രീതിയിലുള്ള അണ്ടര്‍പാസുകളോ ഫ്‌ലൈ ഓവറുകളോ നിര്‍മ്മിച്ച്, പ്രകൃതിക്ക് കോട്ടം തട്ടാതെ തന്നെ വികസനം സാധ്യമാക്കാമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോടതിമുറിയില്‍ അറസ്റ്റിലായ യുഎസ് ജഡ്ജിന് പിഴ മാത്രം; ശിക്ഷ അഭയാര്‍ത്ഥിയെ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ വിവാദ കേസില്‍
'ഭീകരരുടെ ഒളിയിടങ്ങളിലാണ് സ്ഫോടനം നടന്നത്, പ്രകമ്പനം ലോകം മൂഴുവൻ എത്തി'; ഓസ്ട്രേലിയയിലെ ഭീമൻ പ്രവാസി സംഗമത്തിലും ഓപ്പറേഷൻ സിന്ദൂർ പരാമർശിച്ച് മോദി