കൊവിഡ് മരണം 13,000 കടന്നു; രോ​ഗബാധിതരുടെ എണ്ണം 304,900 പിന്നിട്ടു, ഇറ്റലിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 793 പേർ

By Web TeamFirst Published Mar 22, 2020, 6:27 AM IST
Highlights

ഇറ്റലിയിൽ ആകെ കൊവിഡ് മരണം 4,825 ആയി ഉയര്‍ന്നു. ഒറ്റദിവസത്തിനിടെ 6500ലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. 

റോം: ലോകമാകെ കൊവിഡ് 19 ബാധിച്ചുള്ള മരണം 13,000 കടന്നു. മൂന്ന് ലക്ഷത്തോളം പേരെയാണ് ഇതുവരെ രോഗം ബാധിച്ചത്. അയ്യായിരത്തിലേറെ പേരാണ് യൂറോപ്പിൽ മാത്രം മരിച്ചത്. രോഗവ്യാപനം നിയന്ത്രിക്കാനാകാതെ പാടുപെടുകയാണ് ഇറ്റലി. 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 793 പേരാണ്. 

ഇറ്റലിയുടെ വടക്കൻ മേഖലയായ ലൊമ്പാർഡിയിൽ മാത്രം മരിച്ചത് 546 പേരാണ്. ഇതേ തുടർന്ന് മേഖലയിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്ത് ആകെ കൊവിഡ് മരണം 4,825 ആയി ഉയര്‍ന്നു. ഒറ്റദിവസത്തിനിടെ 6500ലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. സ്‌പെയിനിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. സ്പെയിനിൽ മരണം 1300 കടന്നു. 285 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇരുന്നൂറോളം പേർ മരിച്ച ബ്രിട്ടൻ എല്ലാ സ്ഥാപനങ്ങളും പൂട്ടി.

അമേരിക്കയും ജർമനിയും ബെൽജിയവും ഓസ്ട്രേലിയയും കർക്കശ നിലപാടിലേക്ക് നീങ്ങി. ജർമ്മനിയിൽ ഒറ്റ ദിവസം കൊണ്ട് രോഗികളായത് 2500ലേറെ പേരാണ്. ജര്‍മ്മനിയില്‍ 77 ഓളം പേർ മരിച്ചു. അമേരിക്കയിലും ഒറ്റ ദിവസം കൊണ്ട് 6500ലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മരണം 300 കടന്നു. അമേരിക്കയില്‍ കഴിഞ്ഞ ദിവസം 26 പേര്‍ മരിച്ചു. ഏഴു കോടി അമേരിക്കക്കാർ വീടുകളിൽ ഒതുങ്ങിക്കഴിയുകയാണ്. ഇറാനിൽ 1500ലേറെ പേർ മരിച്ചു. സിംഗപ്പൂരിൽ കോവിഡ് ബാധിച്ചു രണ്ടു പേർ മരിച്ചു. ഇതാദ്യമായാണ് സിംഗപ്പൂരിൽ കൊവിഡ് മരണം.

ഏഷ്യന്‍ രാജ്യമായ ഇറാനിലും മരണസംഖ്യ ഉയരുകയാണ്. കഴിഞ്ഞ ദിവസം 123 പേര്‍ മരിച്ചു. മൊത്തം മരണസംഖ്യ 1,556 ആയി ഉയര്‍ന്നു. ബെല്‍ജിയം, നെതര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസം 30 പേര്‍ മരിച്ചു. ഇന്ത്യയില്‍ ഇതുവരെ 380 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് മരണമാണ് റിപ്പോര്‍ട്ട് ചെയതത്. ദക്ഷിണകൊറിയയില്‍ മരണം 102 ആയി ഉയര്‍ന്നു. ബ്രിട്ടനില്‍ പുതിയതായി മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊത്തം മരണസംഖ്യ 180 ആയി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!