ലോകം കൊവിഡില്‍ വിറങ്ങലിച്ച് നില്‍ക്കെ മിസൈല്‍ പരീക്ഷണവുമായി കിം

By Web TeamFirst Published Mar 22, 2020, 12:42 AM IST
Highlights

കൊവിഡ് 19 ലോകമാകെ പടരുമ്പോഴും ഉത്തര കൊറിയ ശക്തമാണെന്ന് തെളിയിക്കാനുള്ള നീക്കമാണ് കിം നടത്തുന്നതെന്നും ആരോപണമുയര്‍ന്നു.

സോള്‍ കൊവിഡ് 19 ലോകം മുഴുവന്‍ വ്യാപിക്കുമ്പോഴും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. രണ്ട് ഹ്രസ്വ ദൂര മിസൈലുകളാണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്ന് ദക്ഷിണകൊറിയ ആരോപിച്ചു. കൊവിഡ് 19 ലോകമാകെ പടരുമ്പോഴും ഉത്തര കൊറിയ ശക്തമാണെന്ന് തെളിയിക്കാനുള്ള നീക്കമാണ് കിം നടത്തുന്നതെന്നും ആരോപണമുയര്‍ന്നു.

മാര്‍ച്ച് ആദ്യത്തിലും ഉത്തരകൊറിയ രണ്ട് മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയതായി ദക്ഷിണകൊറിയ ആരോപിച്ചിരുന്നു. വടക്കന്‍ പൊഗ്യാംഗ് പ്രവിശ്യയില്‍ നിന്നാണ് മിസൈല്‍ പരീക്ഷണം നടത്തിയതെന്ന് സൗത്ത് കൊറിയ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. കൊറിയന്‍ പെനിന്‍സുലയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയായ ഇവിടം ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്.

നൂറുകണക്കിന് സൈനികര്‍ കൊവിഡ് 19 ബാധിച്ചു മരിച്ചിട്ടും കിം ജോംഗ് ഉന്‍ പറയുന്നു, 'ഇവിടെ കൊറോണയില്ല'

ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയതായി ജപ്പാനും സ്ഥിരീകരിച്ചു. മിസൈലുകള്‍ ജപ്പാന്റെ എക്‌സ്‌ക്ലുസീവ് എക്കണോമിക് സോണ്‍ വാട്ടറിന്റെ പുറത്ത് പതിച്ചതായി ജപ്പാന്‍ അറിയിച്ചു. ഉത്തരകൊറിയയുടെ നിയമനിര്‍മാണസഭയായ സുപ്രീം പീപ്പിള്‍ ഏപ്രിലില്‍ നടക്കുമെന്ന് ഉത്തരകൊറിയ അറിയിച്ചതിന് പിന്നാലെയാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. സുപ്രീം പീപ്പിളില്‍ ഏകദേശം 700 നേതാക്കള്‍ പങ്കെടുക്കുമെന്നും സൂചനയുണ്ട്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടം കൂടരുതെന്ന് ലോകാരോഗ്യ സംഘടനയടക്കമുള്ളവ മുന്നറിയിപ്പ് നല്‍കുമ്പോഴാണ് കിം സുപ്രീം പീപ്പിള്‍ വിളിച്ചു ചേര്‍ക്കുന്നത്. 

രാജ്യത്ത് കൊറോണയില്ലെന്ന് കിം, രോഗിയെ വെടിവെച്ച് കൊന്നെന്ന് മാധ്യമങ്ങള്‍; ഉത്തരകൊറിയയില്‍ സംഭവിക്കുന്നതെന്ത്

ഉത്തരകൊറിയയില്‍ കൊവിഡ് 19 ബാധിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക ഭാഷ്യം. ലോകാരോഗ്യ സംഘടനയുടെ പട്ടികയിലും ഉത്തരകൊറിയയില്‍ രോഗ വിവരങ്ങള്‍ ഇല്ല. അതേസമയം, ആദ്യം രോഗം ബാധിച്ചയാളെയും രോഗം ബാധിച്ച 200 സൈനികരെയും വെടിവെച്ച് കൊലപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഉത്തരകൊറിയ ഔദ്യോഗികമായി ഇതിന് മറുപടി നല്‍കിയിട്ടില്ല.
 

click me!