കൊവിഡ് 19 മരണത്തില്‍ ചൈനയെ മറികടന്ന് അമേരിക്കയും ഫ്രാന്‍സും; ഭീതിയകലാതെ ലോകം

By Web TeamFirst Published Mar 31, 2020, 11:58 PM IST
Highlights

ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 3431ലേറെ പേര്‍ യുഎസില്‍ കൊവിഡ് ബാധിച്ച് മരിച്ചു. രോഗം ബാധിച്ചവരുടെ എണ്ണം 1,75,000 കടന്നു.
 

വാഷിംഗ്ടണ്‍: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് അമേരിക്ക. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 3431ലേറെ പേര്‍ യുഎസില്‍ കൊവിഡ് ബാധിച്ച് മരിച്ചു. രോഗം ബാധിച്ചവരുടെ എണ്ണം 1,75,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 290 പേര്‍ മരിച്ചു.  കൊവിഡ് 19 ബാധിച്ച് കൂടുതല്‍ ആളുകള്‍ മരിച്ച നാലാമത്തെ രാജ്യമായി അമേരിക്ക. ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്.   ഫ്രാന്‍സില്‍ 24 മണിക്കൂറിനുള്ളില്‍ 499 പേര്‍ മരിച്ചു. മരണ സംഖ്യ ഇതോടെ 3523 ആയി. 12,730 പേര്‍ക്കാണ് അമേരിക്കയില്‍ പുതിയതായി രോഗം ബാധിച്ചത്. ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41,249 ആയി. 

ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 837 പേര്‍ മരിച്ചു. ഇതോടെ മരണ സംഖ്യ 12,428 ആയി. സ്‌പെയിനില്‍ 553 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. മരണസംഖ്യ 8,269 ആയി. ചൈനയില്‍ പുതിയതായി അഞ്ച് പേര്‍ മാത്രമാണ് മരിച്ചത്. 3305 പേരാണ് ചൈനയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചത്. അതേസമയം, ചൈന കണക്കുകള്‍ മറച്ചുവെച്ചതാണെന്നും യഥാര്‍ത്ഥ മരണസംഖ്യ പുറത്തുവിട്ടതിനേക്കാള്‍ എത്രയോ മടങ്ങാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 

click me!