ലോകത്ത് കൊവിഡ് മരണം ഒരു ലക്ഷം കടന്നു; രോഗബാധിതരുടെ എണ്ണം 16 ലക്ഷത്തിനും മേലെ

By Web TeamFirst Published Apr 10, 2020, 9:56 PM IST
Highlights

കൊവിഡ് ബാധിച്ച് 100,090 പേർ ഇതുവരെ മരിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ലോകത്താകെ 16,38,216 പേർ രോഗബാധിതരായിട്ടുണ്ടെന്നാണ് കണക്ക്.
 

തിരുവനന്തപുരം: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം 16 ലക്ഷത്തിനും മേലെയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 95,000 പേരാണ് മരിച്ചത്.

കൊവിഡ് ബാധിച്ച് 100,090 പേർ ഇതുവരെ മരിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ലോകത്താകെ 16,38,216 പേർ രോഗബാധിതരായിട്ടുണ്ടെന്നാണ് കണക്ക്. മാർച്ച് 10ന് കൊവിഡ് മരണനിരക്ക് 5000 മാത്രമായിരുന്നു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ അരലക്ഷം കൊവിഡ് മരണമാണ് ഉണ്ടായത്.

ജനുവരി 30 വരെ 170 പേർ മാത്രമായിരുന്നു കൊവിഡ് ബാധിച്ച് മരിച്ചത്. ഏപ്രിൽ ആദ്യത്തോടെ ഇത് 50,000 കടന്നു. അമേരിക്കയിൽ മാത്രം പതിനേഴായിരത്തിലധികം ആളുകൾ മരിച്ചു. ഇറ്റലിയിൽ രോഗം ബാധിച്ചു മരിച്ച ഡോക്ടർമാരുടെ എണ്ണം 100 കടന്നു. 17 ദിവസത്തിനിടെ ഏറ്റവും കുറവ് മരണം റിപ്പോർട്ട് ചെയ്തതിന്റെ ആശ്വാസത്തിലാണ് സ്‌പെയിൻ. 605 പേരാണ് മരിച്ചത്. 

രോഗബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ തീവ്രപരിചരണ വിഭാഗത്തിനിന്ന് മാറ്റിയെങ്കിലും ആശുപത്രിയിൽ തുടരുകയാണ്. ഫ്രാൻസിൽ മരണം പന്ത്രണ്ടായിരവും ഇറാനിൽ നാലായിരവും പിന്നിട്ടു.ഭരണകൂടങ്ങളുടെ ശ്രദ്ധ കോവിഡ് രോഗത്തിലായിരിക്കുന്ന സമയത്ത് ഭീകരർ പല രാജ്യങ്ങളിലും ആഞ്ഞടിച്ചേക്കുമെന്ന് യു എൻ മേധാവി അന്റോണിയോ ഗുട്ടറസ് രക്ഷാസമിതിയിൽ മുന്നറിയിപ്പ് നൽകി. 

Read Also: കൊവിഡ് 19; അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയോട് ആവശ്യപ്പെട്ട മരുന്നിന് ഇവിടെ ക്ഷാമമോ?..

click me!