സൗത്ത് കൊറിയയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആദ്യമായി സ്ത്രീപക്ഷ പാര്‍ട്ടിയും

By Web TeamFirst Published Apr 10, 2020, 5:21 PM IST
Highlights

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടി വരുന്നതില്‍ പ്രതിഷേധിച്ചാണ് ഒരുകൂട്ടം സ്ത്രീകള്‍ ഫെമിനിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്. 

 സിയൂള്‍: സ്ത്രീ സമത്വത്തില്‍ ആഗോള തലത്തില്‍ പിറകിലേക്ക് പോകുന്ന സൗത്ത് കൊറിയയില്‍ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍  സ്ത്രീ പക്ഷപാര്‍ട്ടിയും. ബുധനാഴ്ചയിലെ തെരഞ്ഞെടുപ്പിലാണ് ലോക വനിതാ ദിനത്തില്‍ രൂപം കൊണ്ട ഫെമിനിസ്റ്റ് പാര്‍ട്ടി മത്സരത്തിന് ഇറങ്ങുന്നത്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടി വരുന്നതില്‍ പ്രതിഷേധിച്ചാണ് ഒരുകൂട്ടം സ്ത്രീകള്‍ ഫെമിനിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്. 

വേതന വ്യത്യാസം, ജോലിയിലെ അതിക്രമങ്ങള്‍, കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഇങ്ങനെ നിരവധിയാണ് രാജ്യം നേരിടുന്ന പ്രതിസന്ധികള്‍. നാല് സ്ഥാനാര്‍ത്ഥികളെയാണ് ഇവര്‍ മത്സരത്തിന് ഇറക്കിയിരിക്കുന്നത്. ഒരു സീറ്റെങ്കിലും ഉറപ്പുവരുത്താന്‍ ആകെ വോട്ടിന്റെ മൂന്ന് ശതമാനമെങ്കിലും ഒപ്പമുണ്ടാകണം. 

''ഒരുപാട് പരാതികളില്‍ ഒപ്പുവച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ റാലികളില്‍ പങ്കെടുത്തിട്ടുണ്ട്. പക്ഷേ അതിലൊന്നും കാര്യമില്ലെന്ന് തിരിച്ചറിഞ്ഞു. അതുകൊണ്ട് ദേശീയസഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചു'' -  നാല് മത്സരാര്‍ത്ഥികളിലൊരാളായ കിം ജു ഹീ പറഞ്ഞു. 25 വയസ്സാണ് കിമ്മിന്റെ പ്രായം. സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കുറഞ്ഞതും കിം ആണ്. 

താന്‍ ഒരിക്കലും വിവാഹിതയാകില്ലെന്നും കുട്ടികളുണ്ടാകില്ലെന്നും തന്റെ ജീവിതം പുരുഷാധിപത്യത്തിനെതിരായ പോരാട്ടങ്ങള്‍ക്കുള്ളതാണെന്നും കിം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ ആകെ 1000ഓളം അംഗങ്ങളുണ്ട്. അതില്‍ മൂന്നിലൊന്ന് പേരും 20 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ്. ഇടത് ചായ്്‌വുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് - യൂണൈറ്റഡ് ഫ്യൂച്ചര്‍ പാര്‍ട്ടി(യുഎഫ്പി)യുമാണ് കൊറിയയിലെ പ്രധാന രാഷ്ട്രീയപാര്‍ട്ടികള്‍

click me!