
ലണ്ടൻ: കൊവിഡ് വെല്ലുവിളി നേരിടുന്ന മാനവരാശിക്ക് ബ്രിട്ടണിൽ നിന്നും ആശ്വാസകരമായ വാർത്ത. ബ്രിട്ടണിലെ ഓക്സ്ഫോർഡ് സർവ്വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിൻ്റെ ആദ്യഘട്ട പരീക്ഷണം വിജയകരം. മനുഷ്യരിൽ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്.
1077 പേരിലാണ് വാക്സിൻ പരീക്ഷിച്ചത്. വാക്സിൻ സ്വീകരിച്ച ആർക്കും തന്നെ ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും വാക്സിൻ സ്വീകരിച്ചവരുടെ പ്രതിരോധ ശേഷി വർധിച്ചതായും ശാസ്ത്രജ്ഞർ അറിയിച്ചു. അതേസമയം ആദ്യഘട്ട പരീക്ഷണം വിജയകരമാണെങ്കിലും അടുത്ത രണ്ട് ഘട്ടങ്ങൾ കൂടി വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ വാക്സിൻ വിപണിയിൽ എത്തൂ. പതിനായിരത്തിലേറെ പേരിലാണ് അടുത്ത ഘട്ടത്തിൽ വാക്സിൻ പരീക്ഷിക്കുക.
വാക്സിൻ വികസനത്തിൻ്റെ ഏറ്റവും അവസാനത്തേയും നിർണായകവുമായ കടമ്പയാണ് മനുഷ്യരിലെ പരീക്ഷണം. ഓക്സ്ഫോർഡ് സർവ്വകലാശാല വികസിപ്പിച്ച വാക്സിൻ ആയിരത്തോളം പേരിൽ പ്രവർത്തിച്ചതോടെ ലോകത്തിൻ്റെ പ്രതീക്ഷയും ഇരട്ടിക്കുകയാണ്. ലോകത്തെ നൂറിലേറെ ശാസ്ത്രസംഘങ്ങൾ കൊവിഡ് പ്രതിരോധ വാക്സിൻ നിർമ്മാണത്തിനായി നിലവിൽ പ്രവർത്തിക്കുന്നുണ്ട്.
എന്നാൽ തുടക്കം മുതൽ ഏറ്റവും കൂടുതൽ പ്രതീക്ഷ സൃഷ്ടിച്ചത് ഓക്സ്ഫോർഡ് സർവ്വകലാശാലയുടെ ഈ വാക്സിനായിരുന്നു. ഇന്ത്യൻ കമ്പനിയായ സെറം ഇൻസ്റ്റിറ്റ്യൂട്ടും വാക്സിൻ നിർമ്മാണവുമായി സഹകരിക്കുന്നുണ്ട്. വാക്സിൻ വിജയകരമാവുന്ന പക്ഷം ഇന്ത്യയിൽ വാക്സിൻ ലഭ്യമാക്കുക പൂണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിയാവും.
വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിൽ എത്തിയതിന് പിന്നാലെ തന്നെ ബ്രീട്ടിഷ് സർക്കാർ നൂറ് മില്യൺ യൂണിറ്റ് വാക്സിൻ നിർമ്മിക്കാനുള്ള ഓർഡർ നൽകിയിട്ടുണ്ട്. നിലവിൽ മനുഷ്യരിൽ നടത്തുന്ന ക്ലിനിക്കൽ ട്രയലിൻ്റെ അടുത്ത രണ്ട് ഘട്ടം കൂടി വിജയകരമായി പൂർത്തിയാക്കിയാൽ സെപ്തംബറോടെ വാക്സിൻ ആഗോളവ്യാപകമായി ലഭ്യമാക്കാം എന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam