
കാമുകിയുടെ മൂന്ന് വയസുള്ള മകനെ ക്രൂരമായി കൊലപ്പെടുത്തിയാളുടെ വധശിക്ഷ നടപ്പിലാക്കി. ചിമ്മിനി അടുപ്പില്‍ പിടിച്ച് ശരീരം പൊള്ളിച്ച ശേഷം മേശയുടെ പുറത്തേക്ക് എറിഞ്ഞാണ് ഇയാള്‍ കാമുകിയുടെ മൂന്ന് വയസുകാരനായ മകനെ കൊലപ്പെടുത്തിയത്. 1993ലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. കൊലപാതകത്തിനുള്ള ജയില്‍ ശിക്ഷ അനുഭവിച്ച ഇയാളുടെ അറുപത്തിമൂന്നാം പിറന്നാള്‍ ദിനത്തിലാണ് വധശിക്ഷ നടപ്പിലാക്കിയത്. ഒക്കലഹോമയില്‍ വ്യാഴാഴ്ചയാണ് റിച്ചാര്‍ഡ് ഫെയര്‍ ചെല്‍ഡ് എന്നയാളുടെ വധശിക്ഷ നടപ്പിലാക്കിയത്.
രണ്ട് ദിവസത്തിനുള്ളില് അമേരിക്കയില്‍ നാല് വധശിക്ഷകളാണ് നടപ്പിലാക്കിയത്. വിഷം കുത്തിവച്ചായിരുന്നു വധശിക്ഷ. ആദം ബ്രൂംഹാളെന്ന മൂന്ന് വയസുകാരനാണ് 1993ല്‍ കൊല്ലപ്പെട്ടത്. ആദമിന് നീതി ലഭിച്ച ദിവസമെന്നാണ് അവസാനമായി റിച്ചാര്‍ഡ് പ്രതികരിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിനെതിരെ ബോധവല്‍ക്കരണം നടത്തുന്നവര്‍ റിച്ചാര്‍ഡിന് വേണ്ടി പിറന്നാള്‍ കേക്ക് തയ്യാറാക്കിയിരുന്നു. കിടക്കയില്‍ മൂത്രമൊഴിച്ച ശേഷം കരഞ്ഞതിനായിരുന്നു കാമുകിയുടെ മകനെ റിച്ചാര്‍ഡ് ക്രൂരമായി കൊലപ്പെടുത്തിയത്. ചുട്ടുപഴുത്ത ചിമ്മിനിയിലേക്ക് ആദമിന്‍റെ ശരീരം പിടിച്ച ശേഷമായിരുന്നു മേശയിലേക്ക് എറിഞ്ഞത്. ശരീരത്തിന് രണ്ട് വശത്ത് ഗുരുതര പൊള്ളലാണ് മൂന്ന് വയസുകാരന് ഏറ്റത്. മേശയില്‍ ഇടിച്ച് ബോധം കെട്ട് വീണ ആദം പിന്നീട് സ്വബോധത്തിലേക്ക് എത്തിയില്ല.
വധശിക്ഷ പുനരാരംഭിക്കാനുള്ള തീരുമാനം 2021 ഒക്ടോബറിലാണ് ഒക്കലഹോമ എടുക്കുന്നത്. ഇത് ശേഷം ഏഴ് പേരുടെ വധശിക്ഷയാണ് നടപ്പാക്കിയിട്ടുള്ളത്. അമേരിക്കയില്‍ ഈ വര്‍ഷം നടക്കുന്ന 16ാമത്തെ വധശിക്ഷയാണ് റിച്ചാര്‍ഡിന്‍റേത്. അടുത്ത കാലത്ത് വധശിക്ഷയ്ക്കെതിരെ എല്ലാ പാര്‍ട്ടികളില്‍ നിന്നും പിന്ചുണ കുറയുകയാണ് അമേരിക്കയില്‍. 1990കള്‍ക്ക് ശേഷം അമേരിക്കയില്‍ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള പിന്തുണയില്‍ സാരമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വധശിക്ഷ നടപ്പിലാക്കുന്നതിനെതിരായ പ്രതിഷേധവും ബോധവല്‍ക്കരണ പരിപാടികളും ഇവിടെ സജീവമാണ് താനും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam