ഷെയ്ഖ് ഹസീനയെ കൊലപ്പെടുത്താന്‍ ശ്രമിച്ച 14 ഇസ്ലാമിക് തീവ്രവാദികള്‍ക്ക് വധശിക്ഷ

By Web TeamFirst Published Mar 23, 2021, 10:17 PM IST
Highlights

മറ്റ് നിയമപരമായ തടസം ഇല്ലെങ്കില്‍ ഇവരുടെ ശിക്ഷ ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിച്ച് നടത്തുമെന്നാണ് ധാക്ക അതിവേഗ വിചാരണക്കോടതി ജഡ്ജ് അബു സഫര്‍ വിശദമാക്കിയത്. 

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഇസ്ലാമിക് തീവ്രവാദികള്‍ക്ക് വധശിക്ഷ. 2000ത്തില്‍ ഷെയ്ഖ് ഹസീനയുടെ തന്നെ മണ്ഡലത്തില്‍വച്ചായിരുന്നു കൊലപാതകശ്രമം. ബംഗ്ലാദേശ് കോടതിയുടേതാണ് തീരുമാനം. പതിനാല് ഇസ്ലാമിക് തീവ്രവാദികള്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.

മറ്റ് നിയമപരമായ തടസം ഇല്ലെങ്കില്‍ ഇവരുടെ ശിക്ഷ ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിച്ച് നടത്തുമെന്നാണ് ധാക്ക അതിവേഗ വിചാരണക്കോടതി ജഡ്ജ് അബു സഫര്‍ വിശദമാക്കിയത്. ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിച്ച് ശിക്ഷ നടത്താനായില്ലെങ്കില്‍ തൂക്കിക്കൊല്ലണമെന്നാണ് വിധി. വിധി പ്രസ്താവം കേള്‍ക്കാനായി പ്രതികളില്‍ ഒന്‍പത് പേരെ കോടതിയില്‍ കൊണ്ടുവന്നിരുന്നു. പതിനാല് പ്രതികളില്‍ അഞ്ച് പേര്‍ ഇനിയും പിടിയിലായിട്ടില്ല.

ഇവരുടെ അറസ്റ്റിനോ കീഴടങ്ങലിനോ പിന്നാലെ ശിക്ഷ നടപ്പാക്കണമെന്നും കോടതി വിശദമാക്കി. നിരോധിത സംഘടനയായ ഹര്‍കതുള്‍ ജിഹാദ് ബംഗ്ലാദേശിന്‍റെ പ്രവര്‍ത്തകരാണ് പ്രതികള്‍. ജൂലൈ 21, 2000ല്‍ ഷെയ്ഖ് ഹസീനയുടെ തെരഞ്ഞെടുപ്പ് റാലി നടക്കേണ്ടിയിരുന്ന ഗോപാല്‍ഗഞ്ചിലെ ഗ്രൗണ്ടില്‍ 76 കിലോഗ്രാം ഭാരമുള്ള ബോംബ് സ്ഥാപിച്ചായിരുന്നു തീവ്രവാദികളുടെ കൊലപാതകശ്രമം. 

click me!