റോഹിംഗ്യന്‍ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ അഗ്നിബാധ; 15 മരണം, നിരവധിപ്പേരെ കാണാതായി

By Web TeamFirst Published Mar 23, 2021, 9:27 PM IST
Highlights

റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കായി ഒരുക്കിയ ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്യാംപിലാണ് അഗ്നിബാധയുണ്ടായതെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്

ബംഗ്ലാദേശിലെ ഏറ്റവും വലിയ റോഹിംഗ്യന്‍ അഭയാര്‍ത്ഥി സെറ്റില്‍മെന്‍റിലുണ്ടായ അഗ്നിബാധയില്‍ 15 പേര്‍ കൊല്ലപ്പെട്ടു. നാനൂറോളം പേരെയാണ് അഗ്നിബാധയില്‍ കാണാതായത്. റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കായി ഒരുക്കിയ ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്യാംപിലാണ് അഗ്നിബാധയുണ്ടായതെന്നാണ് ചൊവ്വാഴ്ച യുഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മ്യാന്‍മറില്‍ നിന്ന് 2017ല്‍ പലായനം ചെയ്തവരാണ് ഇവിടെയുണ്ടായിരുന്നവര്‍. തിങ്കളാഴ്ചയാണ് ഇവിടെ അഗ്നിബാധയുണ്ടായത്.

ടാര്‍പോളിനും മുളയും കൊണ്ട് നിര്‍മ്മിച്ച ഷെഡുകളിലാണ് റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ കഴിഞ്ഞിരുന്നത്. ഇത്തരത്തില്‍ കഴിഞ്ഞിരുന്ന 50000 പേര്‍ക്കാണ് അഗ്നിബാധയില്‍ വീട് നഷ്ടമായത്. തീ പടരുന്നത് കണ്ട് ഭയന്ന അഭയാര്‍ഥികള്‍ കയ്യില്‍ കിട്ടാവുന്ന സാധനങ്ങളുമായി ഓടുകയായിരുന്നു. ഈ തിരക്കിനിടയില്‍ നിരവധി കുട്ടികളാണ് രക്ഷിതാക്കളില്‍ നിന്ന് വേര്‍പെട്ട് പോയത്. അഗ്നിബാധയില്‍ ബംഗ്ലാദേശ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.  560ഓളം പേര്‍ക്കാണ് പരിക്കേറ്റത്.

10000ത്തോളം ഷെല്‍ട്ടറുകളാണ് അഗ്നിബാധയില്‍ നിശിച്ചത്. പതിനഞ്ച് പേര്‍ മരിച്ചതായി യുഎന്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ 11 പേര്‍ മരിച്ചതായാണ് ബംഗ്ലാദേശ് പൊലീസ് റിപ്പോര്‍ട്ട്. നൂറോളം അഗ്നിശമന സേനാംഗങ്ങള്‍ കൂട്ടായി  പ്രവര്‍ത്തിച്ചാണ് അഭയാര്‍ത്ഥികളെ പുറത്തെത്തിച്ചത്. അര്‍ധരാത്രിയോടെയാണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. ഏതെങ്കിലുമൊരു ഷെല്‍ട്ടറില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാവാം അഗ്നിബാധയ്ക്ക് കാരണമായതെന്നാണ് സംശയിക്കുന്നത്. നേരത്തെ ജനുവരിയിലും ഈ ക്യാംപസില്‍ അഗ്നിബാധയുണ്ടായിരുന്നു.  

click me!