
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടിക്ക് പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി ഔദ്യോഗികമായി തുടക്കമിട്ടു. മുൻ വൈസ് പ്രസിഡന്‍റും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർത്ഥികളിൽ ഒരാളുമായ ജോ ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ യുക്രൈൻ പ്രസിഡന്‍റിനുമേൽ ട്രംപ് സമ്മർദ്ദം ചെലുത്തിയെന്ന് ആരോപിച്ചാണ് നടപടി. ട്രംപ് ഭരണഘടനാവിരുദ്ധമായി പ്രവർത്തിച്ചെന്നും ഇംപീച്ച്മെന്‍റ് നടപടികൾക്ക് തുടക്കമിടുകയാണെന്നും ഹൗസ് ഓഫ് റെപ്രസെന്‍റേറ്റീവ്സ് സ്പീക്കറും മുതിർന്ന ഡെമോക്രാറ്റ് നേതാവുമായ നാൻസി പെളോസി പ്രഖ്യാപിച്ചു.
പ്രധാന രാഷ്ട്രീയ എതിരാളിയായ ജോ ബൈഡനും മകൻ ഹണ്ടർ ബൈഡനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ യുക്രൈൻ പ്രസിഡന്‍റ് വോലോഡൈമർ സെലൻസ്കിക്കുമേൽ ട്രംപ് നിരന്തരം സമ്മർദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിന്‍മേലാണ് ഇംപീച്മെന്‍റിലേക്ക് നീങ്ങാൻ ഡെമോക്രാറ്റിക് പാർട്ടി നേതൃത്വം തീരുമാനിച്ചത്. കഴിഞ്ഞ ജൂലൈയിൽ ട്രംപ് സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം പലവട്ടം സെലൻസ്കിയെ ട്രംപ് ഫോണിൽ വിളിച്ച് ജോ ബൈഡനും ഹണ്ടർ ബൈഡനും എതിരെ നീങ്ങാൻ സമ്മർദ്ദം ചെലുത്തിയെന്ന ഗുരുതരമായ ആരോപണം ഒരു വിസിൽ ബ്ലോവർ വെളിപ്പെടുത്തിയിരുന്നു.
ന്യൂയോർക്ക് മുൻ മേയർ റൂഡി ജിയൂലിയാനിയെ ഉപയോഗിച്ചും ട്രംപ് യുക്രൈനോട് അന്വേഷണ സാധ്യതകളെക്കുറിച്ച് ആരാഞ്ഞിരുന്നു എന്ന വിവരവും പിന്നാലെ പുറത്തുവന്നിരുന്നു. ജിയൂലിയാനിയുമായി സഹകരിക്കണം എന്ന് ട്രംപ് സെലൻസ്കിയോട് എട്ട് തവണ ഫോണിൽ ആവശ്യപ്പട്ടതായാണ് പുറത്തുവന്ന വിവരം. രഹസ്യാന്വേഷണ വിഭാഗം ഇൻസ്പെക്ടർ ജനറലായ മൈക്കൽ അറ്റ്കിൻസണിന് ലഭിച്ച പരാതി അദ്ദേഹം ഇന്റലിജന്‍സ് കമ്മിറ്റിക്ക് കൈമാറിയതോടെ ട്രംപിനെതിരായ പടനീക്കം ഡെമോക്രാറ്റുകൾ തുടങ്ങിവച്ചിരുന്നു.
എന്നാൽ ഇംപീച്ച്മെന്‍റിലേക്കാണ് നീങ്ങുന്നത് എന്ന വിവരം പുറത്തുവന്നിരുന്നില്ല. രാഷ്ട്രീയ ലാഭത്തിനായി വിദേശനയത്തെ ചൂഷണം ചെയ്യുന്നതും രാജ്യത്തിന്‍റെ ആഭ്യന്തര രാഷ്ട്രീയത്തിൽ മറ്റൊരു രാജ്യത്തെ ഇടപെടുത്തിയതും ഭരണഘടനാലംഘനവും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുമാണെന്ന് ഡെമോക്രാറ്റിക് നേതൃത്വം വിലയിരുത്തുന്നുവെന്ന് നാൻസി പൊളോസി പറഞ്ഞു. ഇംപീച്മെന്‍റ് നടപടികളുമായി പ്രതിപക്ഷം മുന്നോട്ടുപോകുന്നതോടെ 2020 പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള ട്രംപിന്‍റെ സ്ഥാനാർത്ഥിത്വത്തിന് തിരിച്ചടി ആയേക്കാം.
അതേസമയം, ഇംപീച്മെന്‍റ് നടപടിയിലൂടെ ഡെമോക്രാറ്റുകൾ തന്നെ വേട്ടയാടുകയാണ് എന്നാണ് ട്രംപ് ട്വിറ്ററിലൂടെ പ്രതികരിച്ചു. തന്‍റെ യുൻ സന്ദർശനം താറുമാറാക്കാനുള്ള ശ്രമമാണിതെന്നും ഈ നീക്കം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തന്നെ സഹായിക്കുകയേ ഉള്ളൂവെന്നും ട്രംപ് ട്വീറ്റ് ചെയ്തു. സെലൻസ്കിയുമായുള്ള ഫോൺ സംഭാഷണങ്ങളുടെ രേഖകൾ പുറത്തുവിടുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam