
കൊളംബോ: ശ്രീലങ്കയെ ഞെട്ടിച്ച ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ നേരത്തെ വ്യക്തമായ സൂചന നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. സ്ഫോടനം നടക്കുന്നതിന്‍റെ മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതാണ് ആക്രമണം തടയാന്‍ സാധിക്കാത്തതിന് കാരണമെന്ന് ശ്രീലങ്കന്‍ അധികൃതര്‍ തന്നെ സമ്മതിക്കുന്നു.
കൊളംബോയിലെ ആദ്യ സ്ഫോടനം നടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം അവസാനമായി ശ്രീലങ്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് കൃത്യമായ മുന്നറിയിപ്പ് നല്‍കിയത്. ക്രിസ്ത്യന്‍ പള്ളികള്‍ അടക്കമുള്ള ഇടങ്ങളില്‍ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.
ഇതിനു മുമ്പും, ഏപ്രില്‍ നാല്, 20 തീയതികളില്‍ ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ആക്രമണം നടത്താന്‍ പദ്ധതിയിട്ട ചാവേറിന്‍റെ പേര് സഹിതമായിരുന്നു ഇന്ത്യ റിപ്പോര്‍ട്ട് നല്‍കിയത്. രാജ്യത്ത് ചോദ്യം ചെയ്ത ഐഎസ് ഭീകരനില്‍ നിന്നാണ് ഇന്ത്യക്ക് ഈ വിവരങ്ങള്‍ കിട്ടിയതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യ ചാവേറാക്രമണ മുന്നറിയിപ്പ് ലഭിച്ചിരുന്നെന്നും അവഗണിച്ചതാണ് വിപത്തിന് കാരണമെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസംഗെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സമ്മതിച്ചു. ഇന്‍റലിജന്‍സ് വിഭാഗം തലവന്‍മാര്‍ മാത്രമാണ് ഇക്കാര്യം അറിഞ്ഞതെന്നും അത് ഗൗരവത്തിലെടുത്ത് രാജ്യത്തെ സംവിധാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ പരാജയപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും പ്രസിഡന്‍റ് മൈത്രിപാല സിരിസേനയും തമ്മില്‍ വാക്പോര് നടന്നു. മുന്നറിയിപ്പ് പ്രധാനമന്ത്രിയടക്കമുള്ള കാബിനറ്റിനെ അറയിച്ചില്ലെന്ന് വിക്രമസിംഗെ ആരോപിച്ചു. രാഷ്ട്രീയ ഭിന്നതകളുടെ പേരിലാണ് സിരിസേന റിപ്പോര്‍ട്ട് കൈമാറാതിരുന്നതെന്നും ആക്ഷേപമുയര്‍ന്നു. എന്നാല്‍ സിരിസേന ഇക്കാര്യം അറിഞ്ഞിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
കഴിഞ്ഞ ദിവസമാണ് ശ്രീലങ്കയില്‍ 321 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ചാവേര്‍ ആക്രമണമുണ്ടായത്. അഞ്ഞൂറോളം പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് പള്ളികളിലും നാല് ഹോട്ടലുകളിലുമാണ് ചാവേറുകള്‍ ആക്രണം നടത്തിയത്. ആക്രണത്തിന്‍റെ ഉത്തരവാദിത്തം പിന്നീട് ഐഎസ് ഏറ്റെടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam