
ബീജിംഗ്: പുരുഷാധിപത്യ ചിന്താഗതികളെ വിമര്‍ശിക്കാന്‍ എന്ന പേരില്‍ പ്രമുഖ ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡായ ഡെറ്റോള്‍ ചൈനയില്‍ പുറത്തിറക്കിയ പുതിയ പരസ്യം വന്‍ വിവാദമായി. പുരുഷന്മാരിലെ ടോക്‌സിക് ചിന്തകളെ ബാക്ടീരിയയോട് ഉപമിച്ചുകൊണ്ട് തയ്യാറാക്കിയ പരസ്യം ചൈനയില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. പ്രതിഷേധം കനത്തതോടെ പരസ്യം പിന്‍വലിച്ചു. പരസ്യത്തിലൂടെ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായി ഉല്‍പ്പാദകരായ ബ്രിട്ടീഷ് കമ്പനിയായ റെക്കിറ്റ് പ്രസ്താവനയിറക്കി.
ഹ്രസ്വ ചിത്രം പോലെ ഡിസൈന്‍ ചെയ്ത 5 മിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യമാണ് വിവാദത്തിലായത്. പുരുഷന്മാരുമായി യാതൊരു സമ്പര്‍ക്കവുമില്ലാത്ത, 'പരിശുദ്ധയായ' പെണ്‍കുട്ടിയെ പങ്കാളിയായി തിരയുന്ന യുവാവിലൂടെയാണ് പരസ്യം ആരംഭിക്കുന്നത്. പരസ്യത്തിന്റെ അവസാന ഭാഗത്ത് പുതിയ കാമുകി ഇയാളുടെ സ്ത്രീവിരുദ്ധ ചിന്താഗതികളെ ചോദ്യം ചെയ്യുകയും ബന്ധം അവസാനിപ്പിക്കുകയും ചെയ്യുന്നു. ഇതിന് ശേഷമാണ് ഡെറ്റോള്‍ രംഗപ്രവേശം ചെയ്യുന്നത്. ആകാശത്തുനിന്നും താഴേക്ക് വീഴുന്ന ഡെറ്റോള്‍ കുപ്പി കാണിച്ച്, 'ബാക്ടീരിയകളെപ്പോലെയുള്ള ടോക്‌സിക് പുരുഷന്മാരെ ഇല്ലാതാക്കാന്‍ ഡെറ്റോള്‍ ഉപയോഗിക്കൂ' എന്ന രീതിയിലാണ് പരസ്യം അവസാനിക്കുന്നത്.
ലിംഗവിവേചനത്തിന് എതിരെ സംസാരിക്കാനാണ് ഡെറ്റോള്‍ ശ്രമിച്ചതെങ്കിലും, പരസ്യത്തിന്റെ ചില ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍വിമര്‍ശനങ്ങള്‍ക്ക് കാരണമായി. വ്യക്തിയുടെ വിശുദ്ധി'യെയും സ്വഭാവത്തെയും ഡെറ്റോളിന്റെ അണുനാശിനി ശേഷിയുമായി താരതമ്യം ചെയ്തതാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്. തവിവാദമായതിനു പിന്നാലെയാണ് കമ്പനി പരസ്യം പിന്‍വലിച്ച് മാപ്പപേക്ഷ നടത്തിയത്.
ചൈനയിലെ ജനങ്ങളെഈ പരസ്യം ബുദ്ധിമുട്ടിച്ചുവെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അശ്രദ്ധയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുക്കുന്നു,- ഡെറ്റോള്‍ തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയില്‍ ഡെറ്റോളിനെതിരെ വലിയ ബഹിഷ്‌കരണ ആഹ്വാനങ്ങളാണ് ഉയരുന്നത്. 'എന്തൊരു വൃത്തികെട്ട പരസ്യമാണിത്, എനിക്ക് വാക്കുകളില്ല,' എന്നാണ് ഒരു ഉപഭോക്താവ് കുറിച്ചത്. ഇനി ഒരിക്കലും ഡെറ്റോള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങില്ലെന്നും വിപണിയില്‍ മറ്റ് നിരവധി ബ്രാന്‍ഡുകള്‍ ലഭ്യമാണെന്നും ചൈനീസ് ഉപഭോക്താക്കള്‍ പ്രതികരിച്ചു.
ഡെറ്റോള്‍ ചൈനയില്‍ ഇത്തരം വിവാദത്തില്‍പ്പെടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം, 'കല്യാണത്തിന് തൊട്ടുമുമ്പ് ആ സ്ത്രീയെ തിരിച്ചയച്ചു; അവള്‍ പരിശുദ്ധ അല്ലാത്തതുകൊണ്ടാകാം' എന്ന വിവാദ വാചകം അടങ്ങിയ പരസ്യം ഡെറ്റോള്‍ പുറത്തിറക്കിയിരുന്നു. അന്നും ചൈനയില്‍ വലിയ ജനരോഷം ഉയര്‍ന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam