നവാസ് ഷരീഫിന് ഹൃദയാഘാതം ഉണ്ടായെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഡോക്ടര്‍

By Web TeamFirst Published Oct 26, 2019, 8:04 PM IST
Highlights
  • നവാസ് ഷരീഫിന് ഹൃദയാഘാതം ഉണ്ടായെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഡോക്ടര്‍. 
  • ലാഹോറിലെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഷരീഫിന് ഹൃദയാഘാതം ഉണ്ടായതായി പാക് മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന് ഹൃദയാഘാതമുണ്ടായതായി പ്രചരിച്ച വാര്‍ത്തകള്‍ നിഷേധിച്ച് ഡോക്ടര്‍. ലാഹോറിലെ സര്‍വ്വീസസ് ആശുപത്രിയില്‍ വച്ച് ഷരീഫിന് ഹൃദയാഘാതം ഉണ്ടായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന്‍ മാധ്യമങ്ങളിലും ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നു. 

നവാസ് ഷരീഫിന് ഹൃദയാഘാതം ഉണ്ടായില്ലെന്ന റിപ്പോര്‍ട്ടുകള്‍ സര്‍വ്വീസസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ മഹ്മൂദ് അയസ് ശരിവച്ചതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് ഷരീഫിനെ സര്‍വ്വീസസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ അളവ് കുറയുന്ന അക്യൂട്ട് ഇമ്യൂണ്‍ ത്രോംബോസൈറ്റോപീനിക് പര്‍പ്യൂറ എന്ന അവസ്ഥയാണ് ഷരീഫിനെന്ന് വിദഗ്ധ ഡോകടര്‍മാരുടെ സംഘം കണ്ടെത്തിയിരുന്നു. 

നവാസ് ഷരീഫിന് ഹൃദയാഘാതം ഉണ്ടായതായി മുതിര്‍ന്ന പാക് മാധ്യമപ്രവര്‍ത്തകന്‍ ഹമീദ് മിര്‍ ട്വീറ്റ് ചെയ്തിരുന്നു. ചൗധരി ഷുഗര്‍ മില്‍സ് കേസില്‍ അറസ്റ്റിലായ ഷരീഫിന് ചികിത്സാ ആവശ്യങ്ങള്‍ക്കായി ലാഹോര്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പഞ്ചസാര കയറ്റുമതിക്ക് സബ്സിഡിയെന്ന പേരില്‍ കോടിക്കണക്കിന് രൂപ തട്ടിയെടുക്കാനായി ചൗധരി ഷുഗര്‍ മില്ലിനെ ഷരീഫ് കുടുംബം ഉപയോഗിച്ചെന്നാണ് കേസ്. 10 മില്യണ്‍ പാകിസ്ഥാനി രൂപ വിലയുള്ള രണ്ട് ജാമ്യ ബോണ്ടുകള്‍ ഷരീഫ് കെട്ടിവെക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. 
 

click me!