
ന്യൂയോര്‍ക്ക്: സൗദി അറേബ്യയ്ക്ക് എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കാൻ പദ്ധതിയുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും പുതിയ പ്രഖ്യാപനം ചര്‍ച്ചയാകുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായിട്ടാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ട്രംപിന്റെ പ്രതികരണം. അമേരിക്ക സൗദിക്ക് എഫ്-35 ജെറ്റുകൾ നൽകുന്നു എന്നത് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിൽ നിർണായകമാണ്. സൗദിയെ മഹത്തായ സഖ്യകക്ഷി എന്ന് വിശേഷിപ്പിച്ചായിരുന്നു ട്രംപ് ഇക്കാര്യം അറിയിച്ചത്. എന്താണ് എഫ്-35 ജെറ്റുകളുടെയും ട്രംപിന്റെ പ്രഖ്യാപനത്തിന്റെയും പ്രത്യേകതകൾ എന്ന് നോക്കാം.
യുഎസ് എയ്റോസ്പേസ് കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ നിർമ്മിക്കുന്ന സ്റ്റെൽത്ത് സ്ട്രൈക്ക് ഫൈറ്ററുകളുടെ ഗണത്തിലുള്ള ജെറ്റുകളാണ് എഫ്-35. ലോകത്തിലെ ഏറ്റവും അഡ്‍വാൻസ്ഡ് ആയ ഫൈറ്റർ ജെറ്റ് എന്നാണ് എഫ്-35നെ വിശേഷിപ്പിക്കാറുള്ളത്. റഡാറുകളുടെയും മറ്റ് സാങ്കേതിക വിദ്യകളുടെയും കണ്ണിൽപ്പെടില്ലാത്ത രീതിയിലാണ് ഇതിന്റെ ഡിസൈൻ. ശത്രുവിന്റെ പ്രതിരോധങ്ങളെയും യുദ്ധ വിമാനങ്ങളെയും വിക്ഷേപിക്കുന്നതിന് മുമ്പേ ആക്രമിക്കാനുള്ള കഴിവിലൂടെ ഒരു വ്യോമ മേധാവിത്വമാണ് എഫ്-35 ലക്ഷ്യമിടുന്നത്. എഫ്-35 എ, എഫ്-35, ബി, എഫ്-35 സി എന്നിങ്ങനെ മൂന്ന് വേരിയന്റ് ജെറ്റുകളാണുള്ളത്. ഓസ്ട്രേലിയ, കാനഡ, ഇറ്റലി, നെതർലന്റ്സ്, നോർവേ, യുകെ, ഡെൻമാർക്ക് തുടങ്ങി നിരവധി രാജ്യങ്ങൾ എഫ്-35ന്റെ നിർമ്മാണത്തിൽ അമേരിക്കയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
സ്റ്റെൽത്ത്, അഡ്വാൻസ്ഡ് സെൻസറുകൾ, ഹൈ സ്പീഡ് കമ്പ്യൂട്ടിങ് എന്നിവയുടെ സംയോജനമാണ് ഇവയെ വ്യത്യസ്തമാക്കുന്നത്. മുൻ യുദ്ധവിമാനങ്ങളെ അപേക്ഷിച്ച് ശത്രുക്കൾക്ക് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടേറിയതും ഡാറ്റാ ശേഖരണത്തിൽ മികവേറിയതുമാണ് ഇത്. കാലങ്ങളായി അമേരിക്കൻ ആയുധങ്ങൾ വാങ്ങുന്നതിൽ മുൻപന്തിയിലാണ് സൗദി അറേബ്യ. എന്നാൽ എഫ്-35ൽ പങ്കാളിയാകാൻ സൗദിക്ക് കഴിഞ്ഞിട്ടില്ല. ഏറ്റവും അടുത്ത സഖ്യകക്ഷികൾക്ക് മാത്രമാണ് എഫ്-35 വിമാനങ്ങൾ വിൽക്കാൻ യുഎസിന് അനുമതിയുള്ളു. എഫ്-35 സ്വന്തമാക്കാനായാൽ, വ്യോമസേനയെ ശക്തിപ്പെടുത്തുന്നതിനൊപ്പം മിഡിൽ ഈസ്റ്റിൽ തങ്ങളുടെ പവർ ഊട്ടി ഉറപ്പിക്കാനും സൗദിക്ക് കഴിയും.
ഇസ്രയേലാണ് നിലവിൽ ഈ പോർവിമാനം സ്വന്തമായുള്ള ഏക മിഡിൽ ഈസ്റ്റ് രാജ്യം. ഈ മോണോപോളി വിട്ടുകൊടുക്കാൻ ഇസ്രയേൽ ഇതുവരെ തയ്യാറായിട്ടില്ല. മിഡിൽ ഈസ്റ്റിലെ ഇസ്രയേലിന്റെ താൽപര്യങ്ങളെ പരിഗണിക്കാതെയാണ് ട്രംപിന്റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. ഇസ്രയേലുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ അമേരിക്കയുടെ മധ്യസ്ഥതയിൽ തയ്യാറാക്കിയ അബ്രഹാം കരാറിൽ സൗദി ഇതുവരെ ധാരണയിലെത്തിയിട്ടുമില്ല. എഫ്-35 വിമാനങ്ങൾ സൗദിക്ക് നൽകുന്നത്, ഇസ്രയേലിന്റെ "ക്വാളിറ്റേറ്റീവ് മിലിട്ടറി എഡ്ജ്" നിലനിർത്താനുള്ള യുഎസ് നിയമങ്ങളെ ലംഘിക്കുമോ എന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ഇന്റലിജൻസ് മുന്നറിയിപ്പുകൾ മറികടന്നാണ് ട്രംപിന്റെ നീക്കം എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. സൗദിയും ചൈനയും തമ്മിൽ സെക്യൂരിറ്റി പാർട്ണർഷിപ്പ് നിലനിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ കരാറുമായി അമേരിക്ക മുന്നോട്ടുപോയാൽ ചൈനയ്ക്ക് എഫ്-35 ന്റെ സാങ്കേതിക വിദ്യ ആക്സസ് ചെയ്യാൻ കഴിയുമെന്ന ആശങ്ക അമേരിക്കയുടെ ഡിഫൻസ് ഇന്റലിജൻസ് ഏജൻസി മുന്നോട്ടുവെച്ചിരുന്നു. അന്താരാഷ്ട്ര തലത്തിലെ സൗദിയുടെ ഇടപെടലുകളുടെ പശ്ചാത്തലത്തിൽ എഫ്-35 സൗദിക്ക് നൽകുന്നത് രാജ്യസുരക്ഷയ്ക്ക് വിലങ്ങുതടിയായേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
യഥാർത്ഥത്തിൽ എഫ്-35 കൈമാറ്റം അത്ര എളുപ്പമുള്ള കാര്യമല്ല. വർഷങ്ങൾ നീണ്ടേക്കാവുന്ന ചർച്ചകൾ ആവശ്യമുണ്ട് ഇതിന്. ഇത്തവണയും വെല്ലുവിളികൾ നിരവധിയാണ്. ആദ്യത്തേത് അമേരിക്കയോട് ജെറ്റുകൾക്കായി ഔദ്യോഗികമായി ആവശ്യപ്പെടണം. അതിന് യുഎസ് കോൺഗ്രസ് അംഗീകാരം നൽകണം. തുടർന്ന് പെന്റഗൺ ഒരു ലെറ്റർ ഓഫ് ഓഫർ ആന്റ് ആക്സപ്റ്റൻസ് അന്തിമമാക്കണം. തുടർന്ന് സൗദി ലോക്ക് ഹീഡുമായി ചർച്ചകൾ നടത്തണം. എന്നിരുന്നാലും ജെറ്റുകൾ നൽകാമെന്ന ട്രംപിന്റെ പ്രഖ്യാപനം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പ്രധാന വഴിത്തിരിവായേക്കും. ജമാൽ ഖഷോഗിയുടെ കൊലയ്ക്ക് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. സൗദി അറേബ്യയ്ക്കും കിരീടാവകാശിക്കും എതിരായ വിമർശനങ്ങളെ തള്ളിയായിരുന്നു ട്രംപിന്റെ നീക്കം.
ട്രംപ് അംഗീകാരം നൽകിയാൽപ്പോലും ആയുധ വിൽപന തടയാനുള്ള അധികാരം യുഎസ് കോൺഗ്രസിനുണ്ട്. സൗദിക്ക് എഫ്-35 വിമാനങ്ങൾ വിൽക്കാനുള്ള അനൗദ്യോഗിക നീക്കങ്ങൾ നടന്നെങ്കിലും ഇതുവരെ ഔദ്യോഗിക തീരുമാനങ്ങളിലേക്ക് അമേരിക്ക കടന്നിട്ടില്ല.