ഇസ്രയേൽ വെടിനിർത്തലിന് സമ്മതിച്ചതായി ട്രംപ് പറഞ്ഞ ശേഷവും ഗാസയിൽ ആക്രമണം; 30 പലസ്തീനികൾ കൊല്ലപ്പെട്ടു

Published : Jul 02, 2025, 04:11 PM ISTUpdated : Jul 02, 2025, 04:13 PM IST
Gaza war

Synopsis

ട്രംപിന്റെ പ്രഖ്യാപനത്തോട് ഇസ്രയേലോ ഹമാസോ പ്രതികരിച്ചിട്ടില്ല.

ഗാസ: 60 ദിവസത്തെ വെടിനിർത്തലിനുള്ള വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് പറഞ്ഞ ശേഷവും ഗാസയിൽ ആക്രമണം. ഇസ്രയേൽ ആക്രമണത്തിൽ 30 പലസ്തീൻകാർ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം, ഇസ്രയേലി ആക്രമണങ്ങളിൽ 116 പലസ്തീനികൾ കൊല്ലപ്പെട്ടു. ട്രംപിന്‍റെ വെടിനിർത്തൽ പ്രഖ്യാപനത്തോട് ഇസ്രയേലും ഹമാസും പ്രതികരിച്ചിട്ടില്ല.

''60 ദിവസത്തെ വെടിനിർത്തൽ ഇസ്രയേൽ അംഗീകരിച്ചിരിക്കുന്നു. ഈ സമയത്ത് യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾ എല്ലാ കക്ഷികളുമായും ചർച്ച ചെയ്യും. ഖത്തറിന്റെയും ഈജിപ്തിന്റെയും പ്രതിനിധികൾ ഈ അന്തിമ നിർദേശം ഹമാസിന് കൈമാറും. പശ്ചിമേഷ്യയുടെ നന്മയ്ക്കായി, ഹമാസ് ഈ കരാർ അംഗീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുകയേയുള്ളൂ"- എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.

വെടിനിർത്തൽ വ്യവസ്ഥകൾ എന്തൊക്കെയെന്ന് ട്രംപ് വിശദീകരിച്ചിട്ടില്ല. എന്നാണ് വെടിനിർത്തൽ നിലവിൽ വരിക എന്നതും വ്യക്തമല്ല. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവർ ദിവസങ്ങൾ ആയി ഇസ്രയേലുമായി ആശയ വിനിമയം നടത്തിവരിക ആയിരുന്നു.

ജൂലൈ ഏഴിന് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ നേരിൽ കാണുന്നുണ്ട്. നെതന്യാഹുവിന്റെ കാണുമ്പോൾ ശാശ്വത വെടിനിർത്തലിന് താൻ സമ്മർദ്ദം ചെലുത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള ബന്ദി കൈമാറ്റം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.

ആക്രമണം ഇസ്രയേൽ അവസാനിപ്പിച്ചാൽ ഗാസയിൽ ശേഷിക്കുന്ന അൻപതോളം ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് നേരത്തെ പറഞ്ഞിരുന്നു. 2023 ഒക്ടോബർ മുതൽ ഇസ്രയേൽ ആക്രമണത്തിൽ ഗാസ മുനമ്പിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 56,647 ആയി. 134,105 പേർക്ക് പരിക്കേറ്റു.

 

PREV
Read more Articles on
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം